Thursday, 21 April 2022

മനുഷ്യനാകണം LYRICS

മനുഷ്യനാകണം 

Be a human being , thats marxism

(MANUSHIANAKANAM  LYRICS)

മുരുകൻ കാട്ടാക്കട എഴുതിയ കവിത 

A poem written by Murukan Kattakkada,Kerala,India

 

മനുഷ്യനാകണം, 

അതാണ് മാർക്സിസം,

 ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, 

നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.

കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം, 

എങ്കിലെന്ത് തോൽക്കുകില്ലതാണ് മാർക്സിസം,

 തോൽക്കുകില്ല, തോറ്റു വെങ്കിലില്ല മാർക്സിസം.

 


മാറ്റമെന്ന മാറ്റമേ, 

നേർവഴിക്കു മാറണം, 

മാറി മാറി നാം മനുഷ്യരൊന്നുപോലെയാവണം, 

നേർവഴിക്കു നാം കൊടുത്ത പേരതാണ് മാർക്സിസം,

 ആ നേർവഴിക്കു നാം കൊടുത്ത പേരതാണു മാർക്സിസം.

 

അറിവിനൊത്തു പണിയണം,

 ചെലവിനൊത്തെടുക്കണം, 

മിച്ചമുള്ളതോ പകുത്തു പങ്കു വെക്കണം, 

ഞാനുമില്ല, നീയുമില്ല, നമ്മളാകണം,

 നമുക്ക് നമ്മളേ പകുത്തു പങ്കു വെക്കണം.


 പ്രണയമേ, കലഹമേ, (2)

 പ്രകൃതി സ്നേഹമേ, 

നിനക്കു ഞങ്ങൾ നേരിടുന്നതാണ് മാർക്സിസം. തോൽക്കുകില്ലാ.തോൽക്കുകില്ല, 

തോൽക്കുകില്ല ,തോറ്റുവെങ്കിലില്ല മാർക്സിസം.

 മനുഷ്യനാകണം (2) 


പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും ,

തുല്യമെന്ന നേരതാണ് മാർക്സിസം. (2) 

കിഴക്കു നിന്നുമല്ല സൂര്യൻ ,

തെക്കുനിന്നുമല്ല സൂര്യൻ, 

ഉള്ളിൽ നിന്നു പൊന്തി വന്നുദിക്കണം. 


വെളിച്ചമേ, വെളിച്ചമേ, 

നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..

മാർക്സിസം (2) 

ചോപ്പു രാശിയിൽ പിറന്ന സൂര്യതേജസേ, 

മനുഷ്യസ്നേഹമേ, (2) 

നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.

(Lyrics typed based on  a video,

https://www.youtube.com/watch?v=hWEWl3t2B_Y  ,

Lines might need correction,

  approval by the poet pending-CKR 21 04 2022)



പാരസ്പര്യം തകർക്കരുത്

സമാധാനത്തിന്റെ കാവലാളാവാൻ, നീതിയുടെ കോട്ടയാകാൻ പരമോന്നതനീതിപീഠത്തിന് സദാ കണ്ണുംകാതും തുറന്നുനിൽക്കേണ്ട അവസ്ഥയാണുള്ളത്. തലസ്ഥാനനഗരത്തിന്റെ ഭാഗമായ വടക്കുകിഴക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിലെ ‘അനധികൃത’ കെട്ടിടങ്ങൾ അവിടത്തെ നഗരസഭ ഒൻപത് ജെ.സി.ബി.യുപയോഗിച്ച് പൊളിക്കാൻ തുടങ്ങിയപ്പോഴാണ് നിർത്താനുള്ള ആജ്ഞ സുപ്രീംകോടതിയിൽനിന്നുണ്ടായത്. നാലുദിവസംമുമ്പ് വർഗീയസംഘർഷമുണ്ടായ സ്ഥലമാണത്. ഒരു രാഷ്ട്രീയനേതാവിന്റെ കത്തിന്റെ പുറത്താണ് നഗരസഭ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനമെടുത്തതും 400 പോലീസുകാരുടെ സഹായത്തോടെ പൊളിക്കൽ തുടങ്ങിയതും. പരാതി കേൾക്കാം, പക്ഷേ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞ് മിനിറ്റുകൾക്കകമാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചത്. ജഹാംഗീർപുരിയിൽ മനുഷ്യരക്തംവീണാൽ ഭവിഷ്യത്ത് എന്താകുമെന്ന് തിരിച്ചറിഞ്ഞാണ് സുപ്രീംകോടതി ചിട്ടവട്ടങ്ങളെല്ലാം മാറ്റിവെച്ച് അടിയന്തരമായി ഇടപെട്ടത്.


ഈമാസം 10 മുതൽ 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ സംഘർഷത്തിന്റെ കനലിൽ എണ്ണയൊഴിക്കുന്ന നീക്കമാണ് ജഹാംഗീർപുരിയിൽ നടക്കുന്നതെന്ന വിമർശനമുണ്ട്‌. സർക്കാരും പോലീസുമാണ് സമാധാനപാലനത്തിന് സൂക്ഷ്മതയോടെയും ദീർഘവീക്ഷണത്തോടെയും പ്രവർത്തിക്കേണ്ടതെങ്കിലും അവർ ആ ചുമതല നിർവഹിക്കാതെ കണ്ടില്ലെന്നുനടിക്കുമ്പോൾ ഇരട്ടജോലിക്ക് ജുഡീഷ്യറി നിർബദ്ധമാവുകയാണ്. വർഗീയാസ്വാസ്ഥ്യമുണ്ടായ മധ്യപ്രദേശിൽ ആക്രമണം നടത്തിയവരുടേതെന്നു പറഞ്ഞ് കുറെ കെട്ടിടങ്ങൾ ബുൾഡോസറുപയോഗിച്ച് പൊളിച്ചെന്ന ആരോപണം നിലനിൽക്കേയാണ് രാജ്യതലസ്ഥാനത്തും അത്തരം നടപടികളുണ്ടാകുന്നത്‌.


ഏപ്രിൽ 10-നും 16-നുമിടയിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ത്ധാർഖണ്ഡ്, ഗുജറാത്ത്, പശ്ചിമബംഗാൾ, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലുണ്ടായ വിഭാഗീയസംഘർഷങ്ങൾ നമ്മുടെ നാട് എങ്ങോട്ട് എന്ന ആശങ്കാജനകമായ ചോദ്യമാണുയർത്തുന്നത്. വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ജനങ്ങ­­ൾ, അപരന്റെ വിശ്വാസങ്ങളെയും ആചാരങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളെയും മാനിക്കുന്നതാണ് ഭാരതത്തിന്റെ മഹനീയപാരമ്പര്യം. അതിന് വിരുദ്ധമായത് ഇപ്പോൾ പലരുടെയും ഭാഗത്തുനിന്നുണ്ടാകുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ ഉത്തരവാദികളാരാണ്, അക്രമികളാരാണ് എന്നതെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തി കർശനനടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, കുറ്റംചുമത്തേണ്ടതും ശിക്ഷവിധിക്കേണ്ടതും ആൾക്കൂട്ടങ്ങളല്ല, നീതിന്യായസംവിധാനമാണ്.


അക്രമങ്ങൾ പരക്കേയുണ്ടാകുന്നത് സംഘടിതമായ വിദ്വേഷപ്രചാരണത്തിന്റെ ഫലമായാണ്. സാമൂഹികമാധ്യമങ്ങളിലൂടെ സ്ഥാപിതതാത്‌പര്യക്കാർ താന്താങ്ങളുടെ ഭാഗം ന്യായീകരിക്കാനും ധ്രുവീകരണമുണ്ടാക്കാനും അവാസ്തവങ്ങളും അർധസത്യങ്ങളും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽനടന്ന ഒരു സമ്മേളനം സ്പർധ വളർത്താൻ പരസ്യമായി ആഹ്വാനംചെയ്തത് വിവാദമായതാണ്. ആ സമ്മേളനത്തിൽ വിദ്വേഷപ്രസംഗം നടത്തിയ ജിതേന്ദ്രനാരായൺ ത്യാഗി എന്ന വസീം റിസ്‌വിക്കെതിരേ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തത് വലിയ സമ്മർദത്തെത്തുടർന്നാണ്. യതി നരസിംഗാനന്ദ എന്ന മറ്റൊരു പ്രസംഗകൻ സുപ്രീംകോടതിയെയും പട്ടാളത്തെയും അപകീർത്തിപ്പെടുത്തുംവിധം പ്രസംഗിച്ചു. ബഹുസ്വരതയ്ക്കും പരസ്പരവിശ്വാസത്തിനും ഇളക്കംതട്ടുന്നവിധത്തിൽ, മനസ്സുകളെ കൂടുതൽക്കൂടുതൽ ഇടുങ്ങിയതലത്തിലേക്കെത്തിക്കുന്നതിനുള്ള തീവ്രയത്നങ്ങളാണ് ഈയടുത്തായി നടക്കുന്നതെന്നാണ് 13 പ്രതിപക്ഷപാർട്ടികൾ പ്രസ്താവന ഇറക്കിയിട്ടുള്ളത്.


വിശ്വാസം, ആചാരം, വേഷം, ഭക്ഷണം എന്നിവയുടെ പേരിൽ ജനങ്ങളെ പരസ്പരവൈരികളാക്കി തമ്മിലടിപ്പിക്കുന്നതിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് ശക്തമായ നടപടികളെടുക്കേണ്ടത്. അക്രമമെന്നും പ്രതിരോധമെന്നും പറഞ്ഞ് വ്യത്യസ്തവിഭാഗങ്ങൾ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് രാജ്യത്തിന്റെ ആത്മാവിനെ വ്രണപ്പെടുത്തുകയാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അകത്തുംപുറത്തും നാടിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന തരത്തിൽ അകൽച്ചയും അതു വളർന്ന് വിദ്വേഷവും വ്യാപിക്കുന്നത്. ഭിന്നിപ്പിന്റെ അന്തരീക്ഷം മാറ്റി സൗഹാർദത്തിന്റെയും പാരസ്പര്യത്തിന്റെയും അന്തരീക്ഷമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇനിയും വൈകരുത്. അതിന് മുൻകൈയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്‌.-Editorial, Mathrubhumi 21 04 22




Tuesday, 19 April 2022

കാഴ്ച മങ്ങുമ്പോഴാണ് .....

 കാഴ്ച മങ്ങുമ്പോഴാണ്, 

കണ്ണിന്റെ വിലയറിയുന്നത്, 

ഉൾക്കണ്ണ് തെളിയുന്നത്, 

അപ്പോഴേക്കും കാണാക്കയങ്ങളിലേക്ക്, 

കണ്ണായവർ മറഞ്ഞിരിക്കും. 


നിലവിളക്കിനെക്കുറിച്ചും

 ഉമിത്തീ പോലെ ദഹിച്ച ഒരു ജീവിതത്തെക്കുറിച്ചും 

ദീർഘമായ ഉപന്യാസങ്ങൾ 

ഒരു വികാര തള്ളിച്ചയിൽ, 

വിഷുക്കൊന്നകളെപോലെ,

പൂത്തു തെളിഞ്ഞു പിന്നെ കൊഴിഞ്ഞു തീരും.

 രാത്രിയുടെ അന്ത്യയാമങ്ങളിൽ, 

നിനക്കായപ്പങ്ങളൊരുക്കുന്നവൾ, 

വണ്ടിക്കാളയെ പ്പോലെ

 കുതിക്കുകയും, കിതക്കുകയും ,

കാലിടറി വീഴുകയും ചെയ്യും.


 ഓഹരിക്കമ്പോളത്തിലെ കാളകളെ കുറിച്ചും, 

പതുക്കെയുയരുന്ന ടി പിയാർ നിരക്കിനെക്കുറിച്ചും

 കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും

 നീയും നിന്റെ മക്കളും ഊറ്റം കൊള്ളും.

 അടുക്കളയിലേക്കുള്ള നിങ്ങളുടെ പാളിനോട്ടങ്ങളിൽ,

 വെണ്ണക്കൽ വിഗ്രഹങ്ങൾ അസ്ഥിപഞ്ജരങ്ങളാകും. 

വാഴ്ത്തുപാട്ടിന്റെ ലഹരിയിൽ, 

നീയിതൊന്നുമറിയാതെ താളം പിടിക്കും. 

നാണമില്ലാത്തവന്റെയാസനങ്ങളിലാലുകൾ മുളക്കും,

 അതു കാണാൻ വയ്യാത്തവണ്ണം 

നിന്റെ കാഴ്ച മങ്ങിയിരിക്കും. 

കാഴ്ച മങ്ങുമ്പോഴാണ് ........

Friday, 8 April 2022

ക്രിമിനൽ നടപടിക്രമം(തിരിച്ചറിയൽ)-2022 ബിൽ-കിരാതനിയമം

 ഡേറ്റകളുടെ കോളനികളും അതിനെ അടക്കിഭരിക്കുന്ന ‘അഭിജാത’രുമായിരിക്കും ഭാവിയിലെ യാഥാർഥ്യമെന്ന് നവചരിത്രകാരൻ യുഹാൽ നോവാ ഹരാരി ഏതാനും ആഴ്ച മുമ്പാണ് മുംബൈയിൽ പ്രസ്താവിച്ചത്. തിങ്കളാഴ്ച ലോക്‌സഭയും ബുധനാഴ്ച രാജ്യസഭയും പാസാക്കിയ ക്രിമിനൽ നടപടിക്രമം(തിരിച്ചറിയൽ)-2022 ബിൽ നിയമമായി പ്രാബല്യത്തിലാവുന്നതോടെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് വേഗവും കൃത്യതയും ലഭിച്ചേക്കാമെന്നതിനൊപ്പം പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുമെന്ന ആശങ്ക പ്രകടമായിരിക്കുകയാണ്. കേസ് തെളിയുന്നതുവരെ പ്രതി കുറ്റവാളിയല്ലെന്ന് അനുശാസിക്കുന്ന ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്ക്ക് നിരക്കാത്ത കിരാതനിയമം എന്നാണ് പ്രതിപക്ഷവും മനുഷ്യാവകാശപ്രവർത്തകരും പുതിയ നിയമത്തെ കുറ്റപ്പെടുത്തുന്നത്. കുറ്റവാളികളുടെയും ഏതെങ്കിലും കേസിൽ അറസ്റ്റുചെയ്യപ്പെടുന്നവരുടെയും ജൈവസാംപിളുകളെടുത്ത് വിശകലവിധേയമാക്കാനും 75 വർഷംവരെ കേന്ദ്രസർക്കാരിെന്റ കസ്റ്റഡിയിൽ അത് സൂക്ഷിക്കാനും അധികാരം നൽകുന്നതാണ് പുതിയ നിയമം. അറസ്റ്റിലായ പ്രതിയുടെ ജൈവസാംപിളെടുക്കാൻ പോലീസ് സ്റ്റേഷന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനോ ഹെഡ്‌കോൺസ്റ്റബിളിനോപോലും അധികാരമുണ്ടാവും. ജയിലിലാണെങ്കിൽ ഹെഡ് വാർഡന് സാംപിൾ ശേഖരിക്കാൻ തീരുമാനമെടുക്കാം.

തടവിലുള്ളവരുടെ തിരിച്ചറിയൽ അടയാളങ്ങളായി വിരലടയാളം, പാദമുദ്ര എന്നിവ എടുക്കുന്നതിനും മജിസ്‌ട്രേറ്റ്‌ നിർദേശിച്ചാൽ ഫോട്ടോ എടുക്കുന്നതിനും മാത്രമാണ് 1920-ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ട് അനുവദിക്കുന്നത്. പുതിയ കാലത്ത് കുറ്റകൃത്യങ്ങളിൽ അധികവും ഉന്നത സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നടക്കുന്നതെന്നതിനാലും തെളിയിക്കുന്നതിന് ശാസ്ത്രീയമാർഗങ്ങൾ ലഭ്യമായതിനാലും 1920-ലെ തിരിച്ചറിയൽ സാംപിളെടുക്കൽ നിയമത്തിൽ ഭേദഗതിവരുത്തണമെന്ന് ലോ കമ്മിഷൻ വളരെ മുമ്പേതന്നെ ശുപാർശ ചെയ്തതാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വി.എസ്. മളീമഠിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ നിയമപരിഷ്കരണ വിദഗ്ധസമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ബിൽ തയ്യാറാക്കിയത്. കുറ്റാരോപിതരുടെ ജൈവമുദ്രകളും സ്രവങ്ങളുമെല്ലാം ശേഖരിച്ച് ഡി.എൻ.എ. പരിശോധനയടക്കം നടത്തുന്നതിനുള്ള നിയമമായതിനാൽ വിശദ ചർച്ച നടത്തി സാവകാശം അംഗീകരിക്കുകയായിരുന്നെങ്കിൽ ന്യായവാദമാകാമായിരുന്നു. എന്നാൽ, അത്തരം ചർച്ചവേണമെങ്കിൽ ചട്ടം രൂപവത്‌കരിക്കുമ്പോഴാകാമെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് അടക്കമുള്ള പരിശോധനകൾ മജിസ്‌ട്രേറ്റിനുമുമ്പാകെ പ്രതി അനുമതി നൽകിയാൽ മാത്രമേ പാടുള്ളൂവെന്ന് 2010-ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണ് നിർദിഷ്ട നിയമം.

ഒരാളിൽനിന്ന് ശേഖരിക്കുന്ന ജൈവ വിവരത്തിന്റെ ഡേറ്റ 75 വർഷമോ കേസിലെ എല്ലാ അപ്പീലും കഴിയുന്നതുവരെയോ സൂക്ഷിക്കുന്നത് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ആണ്. സാംപിളുകൾ ശേഖരിക്കാനുള്ള ഉദ്യോഗസ്ഥന്റെ നടപടിയെ എതിർത്താൽ അതും കേസാണ്. രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായി അറസ്റ്റിലാകുന്നവരുടെ സാംപിളെടുക്കില്ലെന്നു പറഞ്ഞ അമിത്ഷായുടെ തുടർവാചകം ക്രിമിനൽ കുറ്റാരോപണമാണെങ്കിൽ ഇളവുണ്ടാവില്ലെന്നാണ്. മിക്ക സമരങ്ങളിലെയും അറസ്റ്റ് ക്രിമിനൽക്കുറ്റാരോപണത്തോടെയാണ്. നിരോധനം ലംഘിച്ചതിന് അറസ്റ്റിലാകുന്നവർ, കരുതൽ തടങ്കലിലാവുന്നവർ എന്നിവരും നിയമത്തിന്റെ പരിധിയിൽവരും. ക്രമസമാധാനവുമായി ബന്ധപ്പെട്ട് നല്ലനടപ്പ് കേസിലുള്ളവരുടെ ജൈവ സാംപിളുകളെടുക്കാൻ ഉത്തരവിടാൻ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാർക്ക് അധികാരം ലഭിക്കും. അമിതാധികാരം നൽകുന്നതും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് കടന്നുകയറുന്നതുമാണ് നിർദിഷ്ട നിയമത്തിലെ വ്യവസ്ഥകളെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാനവിമർശനം.

കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാനും ചോദ്യംചെയ്യലിൽ മൂന്നാംമുറ ഒഴിവാക്കാനും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നുറപ്പാക്കാനും തെളിവെടുപ്പ് ശാസ്ത്രീയമാകണമെന്ന കേന്ദ്രനിലപാടിനെ ആർക്കും എതിർക്കാനാവില്ല. എന്നാൽ, അതിന്റെ പേരിൽ ഒരു എഫ്.ഐ.ആറിന്റെമാത്രം ബലത്തിൽ പൗരന്റെ സ്വാതന്ത്ര്യവും സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന തരത്തിലുള്ള നടപടി, നിയമത്തിൽ വ്യവസ്ഥചെയ്യുന്നത് എങ്ങനെ ന്യായീകരിക്കും. ശേഖരിക്കുന്ന ഡേറ്റകളുടെ സംരക്ഷണം, ചോർച്ച തടയൽ, ഉപയോഗം, നശിപ്പിക്കൽ എന്നീ കാര്യങ്ങൾ സംബന്ധിച്ചും പാർലമെന്റിൽ ഉയർന്ന ആക്ഷേപങ്ങൾ പരിഗണിച്ച് ചട്ടരൂപവത്‌കരണ ഘട്ടത്തിൽ ആവശ്യമായ മാറ്റംവരുത്താൻ തയ്യാറാകണം. കുറ്റകൃത്യങ്ങളുടെ തീവ്രത നോക്കിയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയും മാത്രമേ ജൈവ സാംപിളെടുക്കാവൂ എന്ന ഉപാധി ചട്ടരൂപവത്‌കരണഘട്ടത്തിൽ കൂട്ടിച്ചേർക്കാനെങ്കിലും തയ്യാറാവണം.

GIST :കുറ്റകൃത്യങ്ങളുടെ തീവ്രത നോക്കിയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയും മാത്രമേ ജൈവ സാംപിളെടുക്കാവൂ എന്ന ഉപാധി ചട്ടരൂപവത്‌കരണഘട്ടത്തിൽ കൂട്ടിച്ചേർക്കാൻ തയ്യാറാവണം.ഇതിനു ബഹുമുഖത്തിലുള്ള ബഹുജനസമരം വേണ്ടിവരും -CKR

-EDITORIAL , MATHRUBHUMI ,09 04 2022

Friday, 1 April 2022

ഗരീബി ഹഠാവോ എന്ന ഇന്ത്യൻ മുദ്രാവാക്യം

ഗരീബി ഹഠാവോ എന്ന ഇന്ത്യൻ മുദ്രാവാക്യം ഐക്യരാഷ്ട്രസഭയിൽ മുഴങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ രാജ്യത്ത് ഭക്ഷ്യക്ഷാമം അതിരൂക്ഷമായ, പല സ്ഥലങ്ങളിൽനിന്നും പട്ടിണിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാലം. ദാരിദ്ര്യനിർമാർജനമാണ് രാഷ്ട്രത്തിന്റെ ഏറ്റവും ആദ്യത്തെയും മുഖ്യവുമായ പരിഗണനാവിഷയം എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നീട് പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി. പട്ടിണിയില്ലാതെ ജീവിക്കാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ടെന്നതാണ് ആ മുദ്രാവാക്യത്തിന്റെ അന്തസ്സത്ത. രാജ്യങ്ങളുടെ പരസ്പരസഹകരണത്തിലൂടെയും ഐക്യരാഷ്ട്രസംഘടനയുടെ ഇടപെടലുകളിലൂടെയും മാത്രമേ പട്ടിണിനിർമാർജനം ചെയ്യാനാവൂ എന്ന് മാർച്ച് അവസാനം യു.എൻ. ആസ്ഥാനത്ത് നടന്ന സാർവദേശീയ മനുഷ്യാവകാശ കമ്മിഷൻ സമ്മേളനത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടി. ദാരിദ്ര്യനിർമാർജനപ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ഒരു സാർവദേശീയദിനാചരണം സംഘടിപ്പിക്കണമെന്ന് ഇന്ത്യൻസംഘത്തെ നയിച്ച ലീലാദാമോദരമേനോനാണ് ശക്തിയുക്തം വാദിച്ചത്. ചിലി, പോളണ്ട് രാജ്യങ്ങളും ഈ ആവശ്യം ഉന്നയിക്കുകയും പാകിസ്താൻ പിന്താങ്ങുകയും ചെയ്ത പ്രമേയം കമ്മ‌ിഷൻ അംഗീകരിച്ചു. എന്നാൽ, രണ്ടുപതിറ്റാണ്ടോളം കഴിഞ്ഞാണ് അങ്ങനെയൊരു തീരുമാനമുണ്ടായതും എല്ലാവർഷവും ഒക്ടോബർ 17 ദാരിദ്ര്യനിർമാർജനദിനമായി ആചരിക്കാൻ തുടങ്ങിയതും. ഇന്ത്യയിൽ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാൻ തുടങ്ങിയിട്ട് ഒമ്പതുവർഷം കഴിഞ്ഞു. എന്നിട്ടും ദാരിദ്ര്യം കുറച്ചുകൊണ്ടുവരാനാവുന്നില്ല, കൂടിവരുന്നെന്നത് ‘അതിവികസന’ത്തിന്റെ ഇക്കാലത്ത് വേദനിപ്പിക്കേണ്ട സാമൂഹികാനുഭവമാണ്.

ലോകത്തെ 790 കോടി ജനങ്ങളിൽ 130 കോടിയോളം പേർക്ക് രണ്ടുനേരത്തെ ഭക്ഷണംപോലും കൃത്യമായി കിട്ടുന്നില്ലെന്നതാണ് ലോകബാങ്കിന്റെ കണക്ക്. കോവിഡ് മഹാമാരി അക്കൂട്ടത്തിലേക്ക് 16 കോടിയോളം ആളുകളെക്കൂടി തള്ളിക്കയറ്റിയിരിക്കുന്നു. ഇന്ത്യയിൽ ദാരിദ്ര്യം കൂടിവരുന്നതായാണ് ഏറ്റവുമൊടുവിലത്തെ നിതി ആയോഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജനസംഖ്യയുടെ 25 ശതമാനവും ദാരിദ്ര്യത്തിലാണ്. പത്തുകോടിക്കടുത്ത്‌ ജനങ്ങൾ (9,76,97,747) കൃത്യമായി ഭക്ഷണംപോലും കിട്ടാതെ നരകയാതനയനുഭവിക്കുന്ന അതിദരിദ്രരാണെന്നും നിതി ആയോഗ് റിപ്പോർട്ട് ചെയ്തു. ബിഹാറിലെ 51.91 ശതമാനവും ത്ധാർഖണ്ഡിലെ 42.16 ശതമാനവും ഉത്തർപ്രദേശിലെ 37.79 ശതമാനവും ആളുകൾ ദരിദ്രരാണെന്ന ആ കണക്കിൽ കേരളമാണ് ദാരിദ്ര്യത്തെ ഒരുപരിധിവരെയെങ്കിലും നിർമാർജനംചെയ്ത സംസ്ഥാനം. 0.71 ശതമാനമാണ് കേരളത്തിലെ ദരിദ്രരെന്നും കോട്ടയം ജില്ലയാണ് രാജ്യത്ത് ദരിദ്രരില്ലാത്ത ഏകജില്ലയെന്നും നിതി ആയോഗ് പറയുന്നു. എന്നാൽ, കേരളവും ദാരിദ്ര്യമില്ലാത്ത നാടല്ല, ഇവിടെ 0.64 ശതമാനം കുടുംബങ്ങൾ അതിദരിദ്രരാണെന്നാണ് സംസ്ഥാനസർക്കാർ കഴിഞ്ഞമാസം എടുത്ത സർവേയിലുള്ളത്. 1,18,326 കുടുംബങ്ങൾ ദാരിദ്ര്യത്തിലാണ്. അതിൽ അതിദരിദ്രരുടെ കണക്കിൽ 64,006 കുടുംബങ്ങളേ വരൂ എന്നാണ് നിഗമനം. ഭക്ഷണം സ്വയം കണ്ടെത്തി കഴിക്കാനാവാത്തവർ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ, പൊതു ഇടങ്ങളിൽ കഴിയുന്നവർ, പോഷകാഹാരമില്ലാത്തതിനാൽ രോഗാവസ്ഥയിലുള്ള കുട്ടികൾ എന്നിവരെല്ലാമാണ് ഈ വിഭാഗത്തിലുള്ളത്. ഈ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ പഞ്ചായത്ത്-നഗരസഭാ അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കാനുള്ള സംസ്ഥാനസർക്കാർ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ, സർവേയിൽ ആദ്യഘട്ടത്തിൽ കണ്ടെത്തിയ കുടുംബങ്ങളെയാകെ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ നടപടിയുണ്ടാകണം.

കോൺഗ്രസിലെ പിളർപ്പിനുശേഷം (1969), നെഹ്രുവിന്റെ സാമ്പത്തികനയങ്ങളിൽ ഊന്നിക്കൊണ്ട് ബാങ്ക് ദേശസാത്‌കരണമടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിനൊപ്പംതന്നെയാണ് ഇന്ദിരാഗാന്ധി ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവും ഉയർത്തിയത്. കടുത്തദാരിദ്ര്യം ജനങ്ങളെ ക്ഷുഭിതരാക്കുകയും തീവ്രവാദപ്രസ്ഥാനങ്ങൾ ശക്തിപ്രാപിക്കുകയുംചെയ്ത രാഷ്ട്രീയകാലാവസ്ഥയെ മുറിച്ചുകടക്കുന്നതിന്റെ ഭാഗമായിരുന്നു നടപടികൾ. പക്ഷേ, ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തിന്റെ അന്തസ്സത്തയായ എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും പാർപ്പിടം എന്നതിലേക്ക് അധികം മുന്നോട്ടുപോകുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ വിജയിച്ചില്ലെന്നാണ് ലോകബാങ്കിന്റെയും നിതി ആയോഗിന്റെയും കണക്കുകൾ തെളിയിക്കുന്നത്. അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളെ അതിൽനിന്ന് മോചിപ്പിക്കുന്നതിന് ദേശീയതലത്തിൽത്തന്നെ പ്രത്യേകപദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം.

അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളെ അതിൽനിന്ന് മോചിപ്പിക്കുന്നതിന് ദേശീയതലത്തിൽത്തന്നെ പ്രത്യേകപദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം -EDITORIAL,MATHRUBHUMI