ശാസ്ത്ര ബോധം മുൻകൈ നേടണം - ഡോക്ടർ അഭയ് ശുക്ല
ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മടി അതിവേഗ വാക്‌സിൻ വിതരണത്തിന് വളരെ പ്രധാനപ്പെട്ട ഒരു തടസ്സമായി നിലനിൽക്കുകയാണ്. കോവിഡിനെ നേരിടുന്നതിൽ പല സ്റ്റേറ്റുകളേയും നന്നായി പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ കൊവിഡ് വാക്സിൻ ലഭ്യത ഇല്ലായ്മയും പിന്നെ അതിൻറെ വിതരണത്തിലെ പ്രശ്നങ്ങളും പ്രധാനം തന്നെയാണ് .പക്ഷേ വാ ക്സിനോടുള്ള ഒരു മടിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം .നമ്മുടെ ജനസംഖ്യയിലെ ഒരു വലിയ വിഭാഗത്തിന് പ്രതിരോധശേഷി കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തടസ്സം ഇതുതന്നെയാണ് . പക്ഷേ ഇരയെ കുറ്റപ്പെടുത്തുന്നതിനു പകരം ആഴത്തിലുള്ള ഒരു പരിശോധനയാണ് വേണ്ടത് . ഇതിൻറെ അടിയിലുള്ള കാരണങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കിയാൽ മാത്രമേ വാക്സിൻ സ്വീകരിക്കുന്നതിനുള്ള മടി ഏറ്റവും കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളു .വാക്സിൻ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും വർദ്ധിപ്പിക്കുക എന്നപോലെ അതിപ്രധാനമായ ഒരു പ്രശ്നമാണ് വാക്സിൻ മടിയെ നേരിടുക എന്നുള്ളത് .
പൊതുവേ നമ്മുടെ നമ്മുടെ ഗ്രാമീണമേഖലയിലെ ആളുകൾ വാക്സിനേഷൻ സെൻററിൽ പോകാൻ വരെ മടിയുള്ളവരാണ് എന്നും വാക്സിനേഷനായി ആരോഗ്യ പ്രവർത്തകർ ഗ്രാമീണരുടെ വീട്ടിൽ എത്തിയാൽ പോലും അവരെകരുതിക്കൂട്ടിഒഴിവാക്കി പുറത്തുപോകുന്നു എന്നുമൊക്കെയുള്ള കഥകൾ വായിച്ചറിയുന്നുണ്ട് . ഈ ഗ്രാമീണ സമീപനത്തെ "യുക്തിക്കു നിരക്കാത്തത് " എന്ന് പറഞ്ഞ് പുച്‌ഛി ക്കുന്നതിനു പകരം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ശാസ്ത്രീയമായ മനോഭാവം പൊതുജനങ്ങളുടെ ഇടയിൽ വളർന്നുവരുന്നത് സാമൂഹ്യ ഇടപെടലുകളിലൂടെയാണ് എന്നതാണ് . ഇന്ത്യയിൽ അടുത്തകാലത്തായി കാര്യകാരണ ചിന്താരീതി ഏതെല്ലാം വിധത്തിൽ ,എത്രത്തോളം ഇല്ലാതാക്കപ്പെടുന്നു എന്നുള്ള കാര്യം ഇത്തരുണത്തിൽ നമ്മളൊരു പുനരവലോകനത്തിനു വിധേയമാക്കേണ്ടതാണ്.
തികച്ചും അയുക്തികമായ വിശ്വാസങ്ങൾ സമൂഹത്തിൽ വളർന്നുവരുന്നത്തിന്റെ വേരുകൾ തേടി നമ്മൾ അധികം ദൂരെയൊന്നും പോകേണ്ടതില്ല .കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സമയത്ത് സ്വന്തം സംസ്ഥാനത്തിൽ മഹാകുംഭമേള ഗംഭീരമാക്കാൻ ഒരു മുഖ്യമന്ത്രി കാണിച്ച നിർബന്ധം തന്നെ ഉദാഹരണമായി എടുത്താൽ മതി .ലക്ഷക്കണക്കിന് ആളുകളെ യാതൊരു മുൻകരുതലും ഇല്ലാതെ നദിയിൽ കുളിക്കാൻ പ്രേരിപ്പിച്ച് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് ഓർക്കുമല്ലോ." അമ്മ ഗംഗയുടെ അനുഗ്രഹം അവിടെ ഒഴുക്കിലുണ്ട് . അതുകൊണ്ട് തന്നെ ആർക്കും കൊറോണ പിടിക്കില്ല " .അതുപോലെ എപ്പോഴും ഒച്ചയിട്ടു കൊണ്ടിരിക്കുന്ന ഒരു എംപി പറഞ്ഞത് ഓർക്കുന്നുണ്ടോ ,"ഗോ മൂത്രം കുടിച്ചാൽ കൊറോണ ഭേദമാകും". ഒരു മന്ത്രി ആവട്ടെ , പരിസ്ഥിതിയെ സുരക്ഷിതമാക്കാൻ ചാണകം കത്തിച്ചാൽ മതിയെന്ന് ജനങ്ങളെ ഉപദേശിക്കുകയാണ് .പി ന്നീട് വലിയൊരു ബിസിനസുകാരനായി തീർന്ന ഒരു മഹായോഗി ആധുനിക വൈദ്യശാസ്ത്രത്തെ "വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്ര"മെന്നു പരസ്യമായി തള്ളിക്കളയുന്നു . അങ്ങേർക്കെതിരെ യാതൊരു നിയമനടപടികളും എടുക്കുന്നുമില്ല.അങ്ങനെ നോക്കുമ്പോൾ നമുക്ക് ഇന്ത്യയിൽ ശാസ്ത്രീയ സമീപനങ്ങൾ എത്രത്തോളം കൃത്യമായും സംഘടിതമായും ലംഘിക്കപ്പെടുന്നു എന്നുള്ളത് മനസ്സിലാവും.നമ്മുടെ നവമാധ്യമങ്ങളിൽ എല്ലാം ഇത്തരം പൊതുജന അഭിപ്രായ നിർമാണക്കാരുടെ "യുക്തിയുടെ കണിക പോലുമില്ലാത്ത സന്ദേശങ്ങൾ " പരിഹാരമാർഗങ്ങൾ ആയി പ്രദർശനത്തിനു വെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജനകീയ അഭിപ്രായം ശാസ്ത്രീയമായ നടപടികളോട് തീരെ യോജിക്കാത്ത വിധത്തിൽ സ്വാഭാവികമെന്നു തോന്നും വിധം ക്രമീകരിക്കപ്പെട്ടിരിക്കുന്നു
എന്നാൽ ഇങ്ങനെ അശാസ്ത്രീയമായ വിശ്വാസങ്ങളുടെ പ്രചാരം മാത്രമല്ല കോവിഡ് വാക്സിനുകളോടുള്ള ജനങ്ങളുടെ മടിക്കു കാരണം .ലോക ആരോഗ്യ സംഘടനയുടെ ഈ വിഷയത്തിലുള്ള ഒരു പഠനം വ്യക്തമാക്കുന്നത് ആളുകളുടെ വിശ്വാസക്കുറവും കൂടി ഈ പ്രതിഭാസം രൂപമെടുക്കുന്നതിനു ഒരു പ്രധാനഘടകമാണ്എന്നാണ് . പൊതു ആരോഗ്യ വ്യവസ്ഥയോട് ആളുകൾക്ക് വേണ്ടത്ര വിശ്വാസം ഇല്ലാതാവുന്നത് അവരെ മടിയുള്ളവരായും സംശയം ഉള്ളവരായും മാറ്റുകയും ചില പ്രത്യേക സന്ദർഭങ്ങളിൽ ആരോഗ്യമേഖല അവർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അത് സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ അവരെ സംശയരോഗികളാക്കി തീർക്കുകയും ചെയ്യും.പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ 1960 ലും 70 ലെ യും നടപ്പിലായിരുന്ന കുടുംബാസൂത്രണ മാർഗങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതികളിലേക്ക് ഈ ഒരു അവിശ്വാസത്തിൻറെ അന്തരീക്ഷത്തെ നമുക്ക് ചേർത്തുവെക്കാൻ കഴിയും. നിർബന്ധിത വന്ധ്യംകരണം അടക്കമുള്ള അടിച്ചേൽപ്പിക്കുന്ന തരം നടപടികൾ അക്കാലത്തുണ്ടായിരുന്നല്ലോ .ഇതിന്റെയൊക്കെ ഭാഗമായി തങ്ങൾക്ക് നിർണയിക്കപെട്ട ചില ലക്ഷ്യങ്ങൾ കൈവരിക്കുന്ന തിനു വേണ്ടി വലിയ സമ്മർദത്തിന് വിധേയമായി നടപടികൾ എടുത്ത പൊതുജനാരോഗ്യ സേവകർ പൊതുവേ ഒരു ശത്രുതാപദ്ധതിയുടെ ഭാഗമായി ചിത്രീകരിക്കപ്പെടാൻ തുടങ്ങി . ഇതിനെത്തുടർന്ന് പൊതു ആരോഗ്യ വസ്ഥയിൽ ഉണ്ടായ ക്ഷയവും ഫണ്ടിൻറ്റെ അഭാവവും ജീവനക്കാരുടെ കുറവും രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലായ്മയും പൊതുജനങ്ങൾക്ക് ഇത്തരം സേവനങ്ങളിൽ വിശ്വാസമില്ലാത്ത അവസ്ഥയുണ്ടാകാനിടയാക്കി . സ്വകാര്യ രംഗത്തുള്ള ആരോഗ്യ സേവന ദായകരെ കുറിച്ചാണെങ്കിൽ മിക്കപ്പോഴും ആശങ്കയാണുള്ളതും .വൻതോതിലുള്ള വാണിജ്യവൽക്കരണവും ആവശ്യത്തിലധികം ഫീസ് വാങ്ങിക്കുന്നതും അനാവശ്യമായ ചികിത്സാ പദ്ധതികൾ അടിച്ചേൽപ്പിക്കുന്നതും ആയി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങളാണ് ഇതിനിടയാക്കിയത് .
ഈ വിശദീകരണങ്ങൾക്ക് ഏറ്റവും നല്ല തെളിവ് ഈയിടെ നടന്ന ഒരു ദേശീയ പഠനമാണ് . ഇന്ത്യൻ സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സിൻ താല്പര്യക്കുറവിനെ കുറിച്ച് നടന്ന ഒരു പഠനത്തിൽ , ഏറ്റവും കുറവ് വാക്സിൻ മടി രേഖപ്പെടുത്തപ്പെട്ട സംസ്ഥാനമായി കണ്ടത് കേരളത്തെയാണ് .ഇത് കേരളത്തിലെ പൊതുജനാരോഗ്യ സമ്പ്രദായത്തെക്കുറിച്ച് അവിടുത്തെ പൊതുജനങ്ങളിൽ ഉള്ള സ്വീകാര്യതയും ഉയർന്ന വിശ്വാസവും പ്രതിഫലിപ്പിക്കുന്നു . അതുകൊണ്ടുതന്നെ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങൾ വളരെ കൃത്യമായി ജനങ്ങളിൽ എത്തുകയും ജനങ്ങൾ ഇതിനാൽ പ്രേരിമായി ആരോഗ്യവകുപ്പിനെ വിവിധ സേവനങ്ങൾ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു ."വാക്സിൻ മടി"ക്കുള്ള മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് സമൂഹത്തിൽ ഇതേക്കുറിച്ചുള്ള സന്ദേശപ്രചാരണത്തിന്റെ പോരായ്മയാണ്. . ഇന്ത്യയിലെമ്പാടും കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള പതിവ് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ടെങ്കിലും അതതു മേഖലയിലെ അനുഭവങ്ങൾ നമ്മളോട് പറയുന്നത് ഇത്തരം ഔദ്യോഗിക സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നുതന്നെയാണ് .
നേരെമറിച്ചുള്ള ള്ള ഉദാഹരണങ്ങളുമുണ്ട് . മഹാരാഷ്ട്രയിലെ ഉൾനാടൻ ആദിവാസി ഗ്രാമങ്ങളുടെ ഒരു കൂട്ടത്തിലെ ഉദാഹരണം പരിഗണിക്കാം . മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഉദ്യോഗസ്ഥർ ആ പ്രദേശത്തെ ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷയിൽ കോവിഡ് വാക്‌സിൻറെ പ്രാധാന്യവുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശങ്ങൾ നിർമ്മിച്ചു നല്ലപോലെ പ്രചരിപ്പിക്കുകയും ചെയ്തു .ഇതിനായി പ്രത്യേകമായി നടത്തപ്പെട്ട ഗ്രാമസഭാ സമ്മേളനങ്ങളും തദ്ദേശീയരായ ആളുകളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക പരിപാടികളും ഈ സന്ദേശ രീതിയും നാല് ആദിവാസി ഗ്രാമങ്ങളിൽ 100% കോവി ഡ് വാക്സിനേഷൻ ഉണ്ടാക്കാൻ ഉപകരിച്ചു .ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പ്രാദേശികമായി പ്രത്യേകതകളോടെ തയ്യാറാക്കപ്പെട്ട ആശയവിനിമയ സമ്പ്രദായങ്ങളുടെ വിജയകരമായ അനുഭവത്തിന് നിരവധി ഉദാഹരണങ്ങളുണ്ട് .വാക്സിനേഷൻ സന്ദേശങ്ങൾ പ്രാദേശികമായ സാംസ്കാരിക പശ്ചാത്തലത്തിനു ഇണങ്ങുന്നതും സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷയിലും ശൈലിയിലും ഉൾപ്പെടുന്നതും ആയിരിക്കണം .രണ്ടാമത് , പൊതുജനാരോഗ്യ സേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം ശക്തിപ്പെടുത്തിയാൽ മാത്രമേ വാക്‌സിനേഷൻ പോലുള്ള പൊതു സമ്പ്രദായങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം വർദ്ധിക്കുകയു ള്ളൂ.
പുരോഗമനാത്മകമായ സാമൂഹ്യ ചലനങ്ങൾ ഉണ്ടാക്കുവാൻ ഉപകരിക്കുന്ന രീതിയിൽ ഏറ്റവും നല്ല ആശയവിനിമയ സമ്പ്രദായങ്ങൾ ഉണ്ടാക്കണം. അതിനെ പ്രാദേശിക സമുദായങ്ങളുമായി കോഡിനേറ്റ് ചെയ്യാൻ പറ്റുന്ന കമ്മിറ്റികൾ ഉണ്ടാകേണ്ടതാണ്.ഇതിനകം തന്നെ ശക്തിപ്പെടുത്തേണ്ടിയിരുന്ന പൊതുആരോഗ്യ വ്യവസ്ഥകൾ മെച്ചപ്പെടു ത്തി ഉയർന്ന നിലവാരത്തിലാക്കണം .എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രോഗികൾക്ക് സഹായ സംവിധാനങ്ങൾ ഉണ്ടാകണം .ഇത്തരം കാര്യങ്ങൾ നന്നായി ചെയ്യുന്ന ആശാ വർക്കർമാരെപ്പോലുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്കു സാമ്പത്തിക സഹായവും അവർക്കു ഉണർവ് നിലനിർത്താനുള്ള പിന്തുണാ സംവിധാനങ്ങളും വേണം .ഇത്തരം പ്രവർത്തന ങ്ങളെ ഏകോപിപ്പിക്കുന്നതിനും സാമുഹ്യ ചലനം ഉണ്ടാകുന്നതിനും നിരന്തര വിലയിരുത്തലിനും വിവിധ തലങ്ങളിൽ ഏകോപനസമിതികൾ ഉണ്ടാകണം .
ഏറ്റവുമൊടുവിലായിപറയാനുള്ളത് നമ്മൾ ഓർമ്മിക്കേണ്ടത് ശാസ്ത്രീയ മനോഭാവത്തെ കുറിച്ച് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നതാണ് . ജവഹർലാൽനെഹ്റു അതിനെ നിർവചി ച്ചത് യുക്തിചിന്തയുടെയും കാര്യകാരണ വിവേചനശേഷിയുടേയും അടിസ്ഥാനത്തിലുള്ള മനോഭാവം എന്നാണ് .ശാസ്ത്രീയ സമീപനം എന്ന് വെച്ചാൽ ശാസ്ത്രപാഠങ്ങൾ പരീക്ഷക്ക് വേണ്ടി ഉരുവിട്ട് പഠിക്കലല്ല,നിത്യ ജീവിതത്തിൽ അവ പ്രയോഗിക്കലാണ് . എന്നാൽ മാത്രമേ നമുക്ക് പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്താൻ പറ്റിയുള്ളൂ. നമ്മുടെ എല്ലാ തലത്തിലുമുള്ള നേതാക്കന്മാരോട് പൗരന്മാർ എന്ന നിലയിൽ നമ്മൾ ആവശ്യപ്പെടണം. അവർ സാമൂഹ്യപ്രസക്തിയുള്ള ശാസ്ത്രത്തിനു വേണ്ടി നിലകൊള്ളണം എന്ന് . സാമൂഹ്യപ്രസക്തിയുള്ള ശാസ്ത്രമാണ് പൊതുജനാരോഗ്യത്തിന് അടിസ്ഥാനം .ഇത് വെറും വാക്കുകളിൽ മാത്രം പറഞ്ഞാൽ പോരാ. വിവിധ തലങ്ങളിലുള്ള കൃത്യമായ തീരുമാനങ്ങളായും പ്രവർത്തനങ്ങളായും എല്ലാ തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നീക്കംചെയ്യുന്ന തീരുമാനങ്ങളും പ്രവർത്തനങ്ങളും ആയിട്ട് അത് മാറ്റേണ്ടതുണ്ട് . അധികാരസ്ഥാനത്ത് ഇരിക്കുന്നവരിൽ നിന്നും ആയാൽ പോലും അന്ധവിശ്വാസത്തെയും അശാസ്ത്രീയതയേ യും നമ്മൾ സ്വീകരിക്കാൻ പാടുള്ളതല്ല .
വാക്‌സിൻ മടി നീക്കം ചെയ്യാൻ ഔദ്യോഗിക സംവിധാനങ്ങളുടെ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യൽ ഫലപ്രദമാക്കിയാൽ പോരാ . ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ ഏകോപന ത്തിനായുള്ള പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ അണിനിരത്തുക എന്നതാണ് വേണ്ടത് . പൊതു സംവിധാനങ്ങളും പൗരന്മാരും തമ്മിൽ മെച്ചപ്പെട്ട ആശയവിനിമയവും പരസ്പരധാരണയും വേണം . ശാസ്ത്രീയ മനോഭാവത്തെ ശക്തിപ്പെടുത്തിയും പൊതുചർച്ചകളെ വിപുലീകരിച്ചുമാണ് വാക്സീൻ താല്പര്യമില്ലായ്‌മയെ നാം അഭിമുഖീകരിക്കേണ്ടത് .ഇങ്ങനെയുള്ള രീതികൾ ആണല്ലോ ഒരു പ്രവർത്തിക്കുന്ന ജനാധിപത്യത്തിൻറെ കാതൽ എന്ന് പറയുന്നത് .
(ഡോക്ടർഅഭയ് ശുക്ല ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധനും ആരോഗ്യരംഗത്തെ ഒരു ആക്ടിവിസ്റ്റും കൂടിയാണ് .അദ്ദേഹം ജനസ്വസ്ഥത അഭിയാൻ എന്ന് പറയുന്ന പ്രസ്ഥാനത്തിന് ദേശീയ ജോയിൻറ് കൺവീനർ കൂടിയാണ്-
റീഡേഴ്‌സ് ഡൈജെസ്റ്റിൽ നിന്നും ആശയാനുവാദം നടത്തിയത് സി കെ രാധാകൃഷ്ണൻ 07 0 8 2021 )
No comments:
Post a Comment