ചോദ്യം: തോൽവിറക് സമര നായിക?
ഉത്തരം: കാർത്ത്യായനി അമ്മ
ഉത്തരം ശരിയാണ് എന്നു പറയാമെങ്കിലും അവർ അറിയപ്പെടുന്നത് പി.സി.കാർത്ത്യായനി കുട്ടി അമ്മ
പ്രകൃതി വിഭവങ്ങൾ ആരുടേതാണ് എന്ന ചോദ്യത്തിന്, അത് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും എന്ന കൃത്യമായ മറുപടി നൽകിയ ചീമേനിയിലെ സമര ധീരരായ മനുഷ്യരുടെ പ്രതിനിധിയാണ് പി.സി.കാർത്യായനി കുട്ടി അമ്മ. ' പാടുന്ന പടവാൾ ' എന്നറിയപ്പെട്ട കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പിൻ്റെ ജീവിത സഖാവാണ് ഈ മഹതി.
സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത അപൂർവ്വ സമരങ്ങളിലൊന്നാണ് ചരിത്ര പ്രസിദ്ധമായ ചീമേനി തോൽവിറക് സമരം. ആ പ്രക്ഷോഭത്തിൻ്റെ വീര നായികയാണ് അവർ.
1946 ഒക്ടോബർ 13 ന് ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ എസ്റ്റേറ്റിലേക്ക് നൂറു കണക്കിന് സ്ത്രീകളെ നയിച്ച പി.സി.കാർത്ത്യായനി കുട്ടി അമ്മയും കോയ്യൻ കണ്ണൻ്റെ ജീവിത സഖാവ് കുഞ്ഞി മാധവിയും പുതിയ തലമുറ ഇനിയും വായിക്കേണ്ട ചരിത്ര പുസ്തകങ്ങളാണ്.
കൈയിൽ അരിവാളും കയറും, ഒക്കത്ത് കുട്ടികളുമായി മാർച്ചു ചെയ്ത ആ വീരാംഗനമാർ പാടിയ ആവേശോജ്ജ്വലമായ ഒരു സമര ഗാനമുണ്ട്:
" തോലും വിറകും ഞങ്ങളെടുക്കും
കാലൻ വന്നു തടുത്തെന്നാലും
ആരും സ്വന്തം നേടിയതല്ല
വാരിധിപോലെ കിടക്കും വിപിനം.
കാവൽക്കാരെ സൂക്ഷിച്ചോളിൻ
പാവങ്ങടെ മെയ് തൊട്ടു കളിച്ചാൽ
അരിവാൾ തോലരിയാനായ് മാത്രം
പരിചൊടു കൈയിൽ കരുതിയതല്ല."
പ്രകൃതി വിഭവങ്ങൾ ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല എന്നും, അത് ഇവിടെ ജീവിക്കുന്നവർക്കെല്ലാം അവകാശപ്പെട്ടതാണെന്നുമുള്ള മൗലികമായ സത്യം വിളംബരം ചെയ്ത സമരമായിരുന്നു തോൽവിറകു സമരം.
വയലിൽ വളമായി ഉപയോഗിക്കാനുള്ള പച്ചില ( തോല്) യ്ക്കും അടുപ്പിൽ കത്തിക്കാനുള്ള വിറകിനും പുരമേയാനുള്ള പുല്ലിനും വേണ്ടി ചീമേനി, തിമിരി, ചെറുവത്തൂർ, കയ്യൂർ, കൊടക്കാട് ഭാഗങ്ങളിലെ മനുഷ്യർ ആശ്രയിച്ചിരുന്നത് ചീമേനിക്കുന്നിനെയാണ്.
അവിടെയുള്ള കാടും പുൽമേടും താഴക്കാട്ടു മന ജന്മിയുടേതാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കും തെക്കൻ കർണ്ണാടകയിലേക്കും ആഭ്യന്തര കുടിയേറ്റം നടന്നു. അന്ന് തിരുവിതാംകൂറിൽ നിന്നും വന്ന ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളി എന്ന മുതലാളി 6036 ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശം ജന്മിയിൽ നിന്നും വില കൊടുത്തു വാങ്ങി.
കൊട്ടുകാപ്പള്ളി ആദ്യം ചെയ്തത് വാങ്ങിയ ഭൂമിക്ക് വേലി കെട്ടി കാവൽക്കാരെ ഏർപ്പാടു ചെയ്യുകയായിരുന്നു.
തോലും വിറകും എടുക്കാൻ വന്ന നാട്ടുകാരെ കാവൽക്കാരും പോലീസും തടഞ്ഞപ്പോൾ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾ പ്രതിഷേധിക്കുകയും കാട്ടിൽ കയറി ജനങ്ങളുടെ അവകാശം സ്ഥാപിക്കുകയും
തോൽവിറകു സമരത്തെക്കുറിച്ച് ടി.എസ്.തിരുമുമ്പ് എഴുതിയ ' മുതലാളിയുടെ പരക്കം പാച്ചൽ' എന്ന കവിതയിലെ വരികൾ നോക്കാം:
" തോക്കും ലാത്തിയുമേന്തിയെത്തി
കാട്ടിൽ പോലീസിൻ സംഘം,
ചിക്കെന്നൊന്നും ചെയ്യാൻ ധൈര്യം വന്നില്ല കൂട്ടർക്കിന്നും
നൂറു നൂറായെന്നും കാട്ടിൽ ധീര കർഷക സ്ത്രീകൾ -
കേറിപ്പാട്ടും മുദ്രാവാക്യവു- മുൽഘോഷിച്ചും കൊണ്ടവർ
പെണ്ണുങ്ങടെ പിന്നാലെ നാട്ടാർ തിണ്ണമന്നു കാടേറി
പെണ്ണുങ്ങടെ നേർക്കാശു ചാടി വീണാലോ പോലീസ്സെങ്ങാൻ
എന്താവേശ! മെന്തുൻമേഷ- മെന്തൊരാഹ്ലാദഘോഷം !
ഹന്ത! തോലും വിറകും കെട്ടി പെണ്ണുങ്ങൾ പുറപ്പാടായ്!
ചിത്രാർപ്പിത രൂപങ്ങൾ പോലെ തത്ര തത്ര നില്പായി
സത്രപം പോലീസ്സും പോലീസ്സൊറ്റുകാർ, കാവൽക്കാരും !
മിണ്ടീലാരും, തൊട്ടില്ലാരും നാവും കയ്യും പൊന്തീല്ല!
കണ്ടോ? നിങ്ങളാരാനുമാരംഗം ചങ്ങാതിമാരേ!
ഇങ്ക്വിലാബു സിന്ദാബാദെന്നുള്ളൊരാർപ്പിൻഘോഷങ്ങൾ
ഇന്നും മറ്റൊലിക്കുന്നുണ്ടാക്കാട്ടിലെ ഗുഹകളിൽ."
(ചീമേനി എസ്റ്റേറ്റു സംബന്ധിച്ച സമരത്തിൽ എഴുതിയത് - 1946/ ടി.എസ്.തിരുമുമ്പ്) - collected By VRC Alakode.
No comments:
Post a Comment