Saturday 12 September 2020

സ്വാമി അഗ്നിവേശ്: ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രതീകവും പ്രതിനിധിയും.

 പുരോഗമന കലാസാഹിത്യ സംഘം

സ്വാമി അഗ്നിവേശ്: ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രതീകവും പ്രതിനിധിയും.


ഇന്ത്യയുടെ മഹത്തായ ജനാധിപത്യ മതേതര സംസ്കാരത്തിൻ്റെ യഥാർത്ഥ പ്രതിനിധിയും പ്രതീകവുമാണ് അന്തരിച്ച സ്വാമി അഗ്നിവേശ്. കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ സുഹൃത്തും മാർഗ്ഗദർശിയുമായിരുന്നു അദ്ദേഹം. സാമൂഹ്യനീതിക്കും പൗരാവകാശങ്ങൾക്കും വേണ്ടി സാഹിത്യസംഘം സംഘടിപ്പിച്ച നിരവധി പ്രവർത്തനങ്ങളെ തൻ്റെ സാന്നിധ്യം കൊണ്ടും പ്രഭാഷണങ്ങൾ കൊണ്ടും സ്വാമി അനുഗ്രഹിച്ചിട്ടുണ്ട്.


സ്വാമി അഗ്നിവേശ് ധരിക്കുന്നതു കൊണ്ടാണ് വർത്തമാനകാലത്ത് കാവിവസ്ത്രത്തിന് അതിൻ്റെ മഹത്വമേറിയ ഭൂതകാലത്തെ ഓർമ്മിക്കാനായത്. വർണ്ണമേധാവിത്തവ്യവസ്ഥ കൊണ്ടും ഇതര മതവിദ്വേഷം കൊണ്ടും ഇന്ത്യയിലെ പൗരോഹിത്യ രാഷ്ട്രീയഹിന്ദുത്വം മറച്ചു പിടിക്കാൻ ശ്രമിച്ച ഇന്ത്യൻ തത്വചിന്തയുടെ സ്നേഹഭാവത്തെ തൻ്റെ കർമ്മങ്ങളിലൂടെ സ്വാമി വെളിപ്പെടുത്തി. സന്യാസത്തെ അടിച്ചമർത്തപ്പെട്ടവനു വേണ്ടിയുള്ള പോരാട്ടമായി അദ്ദേഹം വ്യാഖ്യാനിച്ചു. ഹിന്ദുമതത്തിൻ്റെ പേരുപയോഗിച്ച് തങ്ങൾ നടത്തുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ വെളിപ്പെടുന്നു എന്നതുകൊണ്ട് സംഘപരിവാർ സ്വാമിയെ ശാരീരികമായി ഇല്ലാതാക്കാൻ പലവട്ടം ശ്രമിച്ചത് മറക്കാനാവില്ല. അസാമാന്യ കർമ്മശേഷികൊണ്ടും ആത്മധൈര്യം കൊണ്ടും ഓരോ സന്ദർഭത്തിലും ആർ.എസ്.എസ്. ആക്രമണങ്ങളെ അദ്ദേഹം നേരിട്ട് അതിജീവിച്ചു.


രാജ്യം ഭരിക്കുന്ന ബി.ജെ.പി.യുടെ മതരാഷ്ട്ര നീക്കത്തിനു മുന്നിൽ ആശങ്കപ്പെടുന്ന ദളിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ മത ജനവിഭാഗങ്ങൾക്ക് സ്വാമി അഗ്നിവേശിൻ്റെ വേർപാട് തീരാനഷ്ടമാണ്. സ്വാമിയുടെ വേർപാടിൽ സംഘം അനുശോചനം രേഖപ്പെടുത്തുന്നു. ആ നിത്യസ്മരണയെ അഭിവാദ്യം ചെയ്യുന്നു.


ഷാജി എൻ.കരുൺ

(പ്രസിഡണ്ട്)


അശോകൻ ചരുവിൽ

(ജനറൽ സെക്രട്ടറി)


തൃശൂർ

12 09 2020

No comments: