പാതാള മുനമ്പ്
*********************************************
ചവിട്ടി പുറത്താക്കപ്പെട്ടവന്റെ സുവിശേഷമോണം
ചതിക്കപ്പെട്ടവന്റെ തിരിച്ചുവരവിലാണോണം
മഴയിൽ കുതിർന്നവളുടെ മന്ദസ്മിതമോണം
മുള്ളിൻ പടർപ്പുകളിൽനിന്നുയിർത്ത കിനാപ്പൂക്കളിലോണം
ചേറിലും വിയർപ്പിലും പുളകമായുണർന്ന കതിർമാലകളിലും ,
വറുതികളൊഴിഞ്ഞു പാത്രങ്ങളിൽ നിറഞ്ഞ വിഭവങ്ങളിലും ,
കരിംപുതപ്പു വകഞ്ഞു മാറ്റി തെളിയുന്ന ശശികലയിലുമോണം .
ഇതൊക്കെ നമ്മളെയോർപ്പിച്ചവൾ റീത്താമ്മ .
വളഞ്ഞു പിടിക്കപ്പെട്ടവളവളുടെ മുഖക്കനപ്പിലു-
മുള്ളിലുറഞ്ഞ നൊമ്പരത്തിലുമവൾ-
വിറയോടെ മൊഴിഞ്ഞ മാപ്പിലും ,
പുതുമഴയിൽ പൂക്കളമൊലിച്ചു പോയ പോൽ
മാഞ്ഞു മറഞ്ഞു പോയ് നമ്മുടെയോണം .
പുതിയ വാമനൻ വന്നിളിച്ചു നില്കുന്നു .
ഒരടിയളന്നെടുത്തു മതേതരത്വം ,
രണ്ടാമതളന്നെടുത്തു പൗരത്വം ,
മൂന്നാമതളക്കാനുയരുന്നു കാലുകൾ .
മറയും നാമെല്ലാമിനിയിരുണ്ട നാളുകൾ .
.............
No comments:
Post a Comment