Sunday 16 August 2020

അദ്ധ്യാത്മരാമായണവും "കരിക്കോട്ടക്കരി "യും" രണ്ട് സ്ത്രീകളുടെ കത "യും-CKR

അദ്ധ്യാത്മരാമായണവും "കരിക്കോട്ടക്കരി "യും" രണ്ട് സ്ത്രീകളുടെ കത "യും-CKR
*********************************************************
രാമ രാജ്യത്ത്  വ്യാധി ഭയമോ  വൈധവ്യ ദുഃഖമോ ഉണ്ടാവില്ല .ധരിത്രി സസ്യ പരിപൂർണം ആയിരിക്കും .കള്ളന്മാരിൽ നിന്നുള്ള പേടിയില്ല .കാലവർഷം ക്രമത്തിൽതന്നെ  ഉണ്ടാകും .ബാലമരണങ്ങൾ ഉണ്ടാവില്ല .രാമനെ പൂജിക്കുന്നവർ ആയിരിക്കും മനുഷ്യർ .ഓരോരുത്തരും തനിക്ക് തനിക്കുള്ള വർണാശ്രമ ധർമങ്ങൾക്ക്     ഇളക്കം വരുത്തില്ല എന്നും എഴുത്തച്ഛൻ അടിവരയിടുന്നു . ഇങ്ങനെ രാമായണം ചാതുർവർണ്യം (ജാതി വിഭജനം ) സംരക്ഷിക്കാനുള്ള ഒരു അടയാളമായി മാറുന്നതോടൊപ്പം അതിന്റെ എഴുത്തുകാരൻ താൻ നിൽക്കുന്ന ചുറ്റുപാടിന്റെ  അടിമയായി സുരക്ഷ തേടുന്നതും നാം കാണുന്നു .

രാമ രാജ്യത്ത് പിന്നെയുമുണ്ട് വിശേഷങ്ങൾ. എല്ലാവർക്കും നല്ല ചിന്തയേ ഉള്ളൂ .അന്യപുരുഷന്റെ ഭാര്യയെ  ആരും നോക്കില്ല .അന്യരുടെ മുതൽ ആരും ആഗ്രഹിക്കുകയില്ല .എല്ലാവരും വികാര നിയന്ത്രണം ശീലിച്ചവരാണ് .പരസ്പരം നിന്ദിക്കാനും ഇല്ല .അച്ഛൻ മക്കളെ പോറ്റുന്ന പോലെയാണ് രാജാവ് പ്രജകളെ സംരക്ഷിക്കുന്നത് .സങ്കടം ഒന്നുമില്ലാതെ വൈകുണ്ഠ വാസികളെ പോലെ അയോധ്യാ  വാസികളും സുഖമായി കഴിയുന്നു. വികാര നിയന്ത്രണം ആണ് രാമായണത്തിലെ മുഖ്യ വിഷയം എന്ന് കൂടി എഴുതി ഉറപ്പിച്ചാണ് ഭാഷാപിതാവ് വിടവാങ്ങുന്നത്.ചതുർവർണ്യം നിൽക്കുന്നിടത്ത് വികാര നിയന്ത്രണം എളുപ്പമാണെന്ന് ഒരു ഫലശ്രുതിയും വായിച്ചിരിക്കേണ്ടതാണ് .ഇവിടെ പുതിയ പുസ്തകങ്ങളായ "കരിക്കോട്ടക്കരി "യും "രണ്ടു പെണ്ണുങ്ങളുടെ കത "യും രാമായണത്തോട് കലഹിക്കുന്നത് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട് .

കരിക്കോട്ടക്കരി ശരീരത്തിൻറെ ദാഹങ്ങൾ ന്യായീകരിക്കുകയും അവയെ സ്വത്വത്തിന്റെ  ഭാഗമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു .വാസ്തവത്തിൽ "കരിക്കോട്ടക്കരി "വായിച്ച ഒരാൾ രാമായണം വീണ്ടും വായിക്കുന്നതു വളരെ നല്ലതാണ് ."രണ്ട് സ്ത്രീകളുടെ കത "യിലും അവിഹിത ബന്ധങ്ങളും മാംസ ദാഹവും അനുബന്ധ സ്വാർത്ഥതകളും   മറയില്ലാതെ വെളിവാക്കപ്പെടുന്നുണ്ട് ."രണ്ട് സ്ത്രീകളുടെ കത "യിലെ സ്ത്രീയുടെ  ഭർത്താവിന്റെ അനുജനു  ലക്ഷ്മണൻ എന്ന് പേര് കൊടുത്തത്  യാദൃച്ഛികമെന്നു കരുതാൻ പറ്റില്ല .  ആ സ്ത്രീ യുടെ ജീവിത ത്തിലെ  സന്തോഷകരമായ നിമിഷങ്ങൾ  ലക്ഷ്മണനും ആയുള്ള ശാരീരിക വേഴ്ച കളിലാണ് എന്നത് എടുത്തുപറയേണ്ട സംഗതിയാണ് .അധ്യാത്മരാമായണത്തിൽ എവിടെയും 'ലക്ഷ്മണരേഖ' പരാമർശിക്കപ്പെടുന്നി ല്ലെങ്കിലും  ഭോഗാസക്തി നാശകാരണമായി  ഉപദേശിക്കപ്പെടുന്നത് കാണാം .



  രാമായണത്തിന്റെ  ഗുണഗണങ്ങളെ വാഴ്ത്തുമ്പോൾ എഴുത്തച്ഛൻറെ കൽപ്പനാ വൈഭവം അപാരമാകുന്നതും അതോടൊപ്പം അശാസ്ത്രീയം ആവുന്നതും കാണാം .രാമായണം വായിച്ചാൽ ജന്മസങ്കടങ്ങളിൽ നിന്ന് മുക്തി ,സൗഹൃദം, ശത്രു നാശം ,അഭീഷ്ട സാധ്യം, ധനലാഭം ,മഹാപാതകങ്ങളിൽ നിന്നും മുക്തി, മക്കൾ ഇല്ലാത്തവർക്ക് മക്കൾ , വിദ്യ ഇല്ലാത്തവർക്ക് പഠിപ്പ് ,കോട്ട കീഴടക്കാൻ ഉള്ള കഴിവ് ,സങ്കടമുള്ളവർക്ക്‌  വളരെ സന്തോഷം ,നിർഭയത്വം,  ഭൂതങ്ങളും  ആത്മാവും ദൈവവും ഒപ്പിക്കുന്ന  ബാധകളിൽ നിന്നുള്ള   രോഗമുക്തി, പിതൃ  പ്രസാദം, ദേവ പ്രസാദം , ഋഷി പ്രസാദം , ധർമ്മം ,അർത്ഥം, കാമം ,മോക്ഷം തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങൾ  ആണ് ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്നത് .ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്നെഴുതിയ തൂലികക്കു  ,ഭോഗങ്ങളെല്ലാം ഭക്തി മൂലം സാധ്യമാകുമെന്ന് സമാധാനിപ്പി ക്കേണ്ടി വരുന്നത് നിലവിലുള്ള വ്യവസ്ഥയോട് പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ഗ്രന്ഥകാരന്റെ  ആഗ്രഹവും തീരുമാനവും വ്യക്തമാക്കുന്നു .അതായത് ലോകത്തെ മാറ്റാൻ ഉള്ള ഒരു ശ്രമവും ഇവിടെ ഉദ്ദേശിക്കപ്പെടുന്നതേ  ഇല്ല എന്നർത്ഥം.രാമായണത്തിന്റെ  പരാധീനതയായി  ഇതിനെ  വിലയിരുത്തപ്പെടേണ്ടതാണ് .സ്തുതിപാഠകരും യാഗവും ഹോമവും ചാതുർവർണ്യവും വാഴ്ത്തപ്പെടുന്നു. പുരുഷനു  അടിപ്പെട്ട കഴിയേണ്ടവളാണ് സ്ത്രീ എന്ന വിശ്വാസം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു .

അതേസമയം ലോകത്തെ, സാധാരണ മനുഷ്യർക്ക് അനുകൂലമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് വിനോയ്‌ തോമസിന്റെ  "കരിക്കോട്ടക്കരി" യിലും  ആർ .രാജശ്രീയുടെ "രണ്ട് സ്ത്രീകളുടെ കത "യിലും അതിതീവ്രമായി പ്രകടമാവുന്നത് .ഈ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവർ ആണ് .നമ്മൾ എവിടെയോ കണ്ടു മറന്നവർ അല്ലെങ്കിൽ  കണ്ടിട്ട് വലിയ കാര്യം ഇല്ലാത്തവരായി നമ്മൾ കരുതുന്നവരാണ് അവർ .പുതിയ കഥാകൃത്തുക്കൾ ഇത്തരം മനുഷ്യരുടെ പുറകെ കൂടുകയും അവരുടെ മനസ്സ് നമ്മുടെ മുന്നിൽ തുറന്നു കാണിക്കുകയും ചെയ്യുമ്പോൾ എരിഞ്ഞു തുടങ്ങുന്ന അഗ്നി ശിലകളുടെ ചൂടും പുകയും നമ്മുടെ അലോസരപ്പെടുത്തി തുടങ്ങും. കല്യാണിയും ദാക്ഷായണിയും ഇറാനിമോസും ജീവിക്കുന്ന അഗ്നിപർവ്വതങ്ങൾ ആണ് എന്ന ബോധ്യത്തോടെ വേണം ഇനി അവരെ കാണാൻ. ഭക്തി മാർഗത്തിലുള്ള ജീവിതത്തിനു നല്ല ഭംഗിയാണ് എന്ന തോന്നലിൽ രാമായണ വായന തീരുമ്പോൾ ,  വ്യക്തി ജീവിതത്തിലും സാമൂഹ്യതലങ്ങളിലും  ഇനിയും പലതും ചിട്ടപ്പെടുത്താനുണ്ട് എന്ന നീറ്റലിലാണ്  പുതിയ പുസ്തകങ്ങളുടെ വായന നിൽക്കുന്നത് .

2 comments:

valappottukal said...

നല്ല വായന, മാഷേ

Unknown said...

വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും