Monday, 31 August 2020

തനിച്ചാണു ഞാനീയുത്രാടരാത്രിയിൽ.

അമ്മേ, തനിച്ചാണു ഞാനീയുത്രാടരാത്രിയിൽ.
 അമ്പിളി മാനത്തുദിച്ചിരിപ്പുണ്ടു ,ചാരത്തു മിന്നുന്നു രണ്ടു താരങ്ങളും,
നിങ്ങളച്ഛനുമമ്മയുമെന്നെയെനിക്കായി വിട്ടേച്ചു പോയതെന്തേ ?
 ഓലപ്പുര മുറ്റത്തു ഞാനുമനുജനും പൂക്കളം തീർത്ത നാൾ,
ഉമ്മറക്കോലായിലന്നു തെളിഞ്ഞവർ നിങ്ങളച്ഛനുമമ്മയും.
അന്നത്തെ പൊന്നോണമെന്നും പ്രിയങ്കരം,
പുന്നെല്ലിൻ ഗന്ധവുമെള്ളിൻപൂനുള്ളുവാനോടിയ ബാല്യവും.
വട്ടപ്പിലാലയും കൃഷ്ണകിരീടവും തുമ്പ , ചെമ്പരത്തി ,വയൽകണ്ണി ,കാക്കപ്പൂവൊക്കെയും
 ശീവോതി മെത്തയിൽ ,വർണ മേളങ്ങൾ തീർത്തനാളെല്ലാം മറഞ്ഞു പോയ്.
യൗവനം ഞങ്ങളെ ഗാർഹസ്ഥ്യ വീഥികളിലെമ്പാടുമോടിച്ചു മത്സരിപ്പിച്ച നാൾ,
മുറ്റത്തിറങ്ങി വീണ്ടുമമ്മ കൊച്ചുമക്കൾക്കായി  പൂക്കളമെന്നുമൊരുക്കുവാനായ് .
നാലഞ്ചു തുമ്പയും ചെമ്പരത്തിയും മഞ്ഞയരിപ്പൂവും  ചേർന്നു
അമ്മ വിരൽതുമ്പിൽ ,ചാരുതയുള്ള കളങ്ങളായി .
മാളിക വെവ്വെറെ തീർക്കുവാൻ ഞാനു മനുജനു -
മോണനാൾ പോലും മറന്നു കിതക്കവേ,
 പൂക്കളം തീർത്തു നീ ഞങ്ങൾക്കു കാണുവാനെ-
ന്നിട്ടടുക്കളയിലന്നമൊരുക്കുവാനും,
 തുണക്കാനേ മരുമക്കളുള്ളൂ, നയിക്കാനമ്മയെല്ലാത്തിനുമമ്മയാണമ്മ.
അങ്ങിനെയുള്ളൊരമ്മയെന്നെ വിട്ടുപോയതെന്തിങ്ങിനെ,
പൊന്നുമോനൊറ്റക്കിരിക്കയല്ലേ  ?
മാളിക രണ്ടും പണി തീർന്നു,  രണ്ടായ് കലങ്ങളു-
മകലെയായ് ഞാനുമനുജനും.
മൊബൈലിലും , കൊമ്പ്യൂട്ടറിൻലോകത്തും മേവുന്നു  മക്കൾ, 
ജീവിതസായാഹ്നവേളയിലൊന്നു മിണ്ടുവാനാളി-
ല്ലയെൻ പ്രിയമാനസർക്കിന്നു  ടീവി കൂട്ടു മതി.
വേണ്ടമ്മേ പരിഭവം, നിർത്തി ഞാനെല്ലാ വേണ്ടാതനങ്ങളും
ഇല്ലാ മദ്യപാനം, പുകവലി ,കവലയാത്രകളു -
മെന്നെ പിന്നെന്തിനു കൊള്ളാമെന്നായ് നാട്ടുകാരും.
വന്നു മഹാമാരി നാട്ടിലെല്ലാരുമകലത്തു നിൽക്കലായി.
എന്നും മുഖം മറച്ചിന്നു പനിക്കുമോയെന്നോർപ്പിച്ചു പേമാരി പെയ്തു നിൽക്കെ    ,
ഓർക്കാപ്പുറത്തോടിയെത്തുന്നു  പൊൻവെയിൽ  ,
പൂക്കുന്നു തുമ്പയും , മുറ്റത്തു പൂവിടാതെങ്ങിനെ ഞാനിരിപ്പൂ ?
മക്കൾ  മുതിർന്നു മിടുക്കരായമ്മേ,
രാത്രിയേറെ തിരക്കാണവർക്കോൺലൈനിൽജോലി -,
യവരുണർന്നെത്തും നേരത്തു  കാണുവാനത്തം മുതൽ  പൂവിടുന്നു ഞാനും .
അമ്മയൊരുനാൾ നടന്ന വഴികളിൽഞാനിന്നു  മുള്ളിൻപൂ തേടിത്തടഞ്ഞു നിൽപ്പൂ ,
അമ്മയുണ്ടായിരുന്നെങ്കിലോർത്തോരോയിതളും ഞാൻ ചേർത്തു വെപ്പൂ.
തുമ്പപ്പൂ നീ തന്നയമ്മിഞ്ഞപ്പാലിന്റെ തുള്ളികൾ,
നീല ശംഖു പുഷ്പങ്ങൾ  നിൻ കൃഷ്ണ കഥകൾ .
നീയെൻമനസ്സിൽ പതിപ്പിച്ച മോക്ഷമാർഗങ്ങളോരോന്നുമീ മഞ്ഞപ്പൂക്കളായി.
ഇടക്കൊന്നു നിൻ കാതിൽ പറയട്ടെ -
യീ കർക്കിടകത്തിലെ സന്ധ്യകളിൽ ,
 ആദ്യഗുരുവേ  , നീ വായിച്ച താളത്തിൽ ,
രാമായണം വീണ്ടും വായിച്ചു ഞാൻ .
ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാ ചഞ്ചലമെന്നേകാന്തതയിൽ  മുഴങ്ങി വീണ്ടും .
പിന്നൊരു കാരിയം, മുറ്റത്തമ്മ നട്ട പാരിജാതമൊക്കെയുണങ്ങിക്കരിഞ്ഞു പോയി,
വേറോരു കാരിയം ചൊല്ലുവാനുണ്ടതൊക്കെയും കാതിൽ മന്ത്രിക്കുവാൻ,
ഇന്നു സായാഹ്നത്തിൽ, നിൻ  കൈ മൃദുവായ് പിടിച്ചുലാത്തേണ്ട മുറ്റത്തു ,
വാടിയ പൂക്കളാണമ്മേ, തനിച്ചാണു ഞാനാളേറെ ചുറ്റിലുമുണ്ടെങ്കിലും.
നര വീണോരെൻമുടിച്ചുരുളൊന്നു നീ വന്നു തഴുകിയെങ്കിൽ,
മിണ്ടാതെ മാനത്തു നിന്നെന്നെയിങ്ങനെ നോക്കിച്ചിരിച്ചിടാതെ,
താഴത്തരികിലിരുന്നുവെങ്കിൽ!
നാളെ  പൊന്നോണനാളിലേകനായ്  പൂക്കളംതീർക്കുന്ന
നേരമരികിലമ്മ  വന്നു നിന്നുവെങ്കിൽ,
അച്ഛനും കൂടെ വരുമില്ല സംശയം,
അമ്മ പോകുമ്പളങ്ങോട്ടു വന്നതല്ലേ.
അമ്മേ വരണേ ,മക്കളും ഭാര്യയും  നാട്ടാരുമെല്ലാരും
ചുറ്റിലുണ്ടെന്നാലുമമ്മേ തനിച്ചാണു ഞാൻ.

-CKR 30 /08/2020

No comments: