Saturday, 30 November 2019

ആലക്കോട് മേഖല IRPC വളണ്ടിയർ സംഗമവും പരിശീലന ക്‌ളാസും

IRPC  (ഇനിഷിയേറ്റീവ്  ഫോർ റീഹാബിലിറ്റേഷൻ  ആൻഡ്  പാലിയേറ്റിവ് കെയർ  ) ആലക്കോട് മേഖല  വളണ്ടിയർ സംഗമവും പരിശീലന ക്‌ളാസും 16 / 11 /  ശനിയാഴ്ച  ഉച്ച ക്കുശേഷം 2 മണി മുതൽ 4.30 വരെ നടന്നു .ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ്   കെയറിനെക്കുറിച്ചു ക്‌ളാസ്സെടുത്തു .മൂസാൻകുട്ടി നടുവിൽ അദ്ധ്യക്ഷത വഹിച്ചു .

മൂസാൻകുട്ടി നടുവിൽ -IRPC  കണ്ണൂർ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് സൂചിപ്പിച്ചു .ആലക്കോട് സോണിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുണ്ടെന്നും എടുത്തു പറഞ്ഞു .

തയ്യിൽ സാംത്വന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ  അവിടം സന്ദർശിക്കുന്നത് നല്ലതാണ് .
എല്ലാ മാസവും 18ആം തീയ്യതി ആലക്കോട് മേഖലയിലെ പ്രവർത്തകരാണ് അവിടെ വളണ്ടിയർ സേവനം ചെയ്യേണ്ടത് .
കൂടാതെ കണ്ണൂർ എളയാവൂരിലുള്ള  ഡി അഡിക്ഷൻ സെന്റർ  പ്രവർത്തനം , 24  മണിക്കൂർ  ഹെൽപ് ഡെസ്ക് ,ആംബുലൻസ് സംവിധാനം ,AKG ഹോസ്പിറ്റലിൽ 4/ 5 ഡയാലിസിസ് സൗജന്യമായി ചെയ്യുന്നു .  തുടങ്ങിയ  പ്രവർത്തനങ്ങൾ  അദ്ധ്യക്ഷൻ സൂചിപ്പിച്ചു . വേണമെങ്കിൽ ഒരു ദിവസം 25 ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ട് ,എന്നാൽ സൗജന്യ മായി ചെയ്യാനുള്ള സാമ്പത്തികശേഷി ഇല്ല .

പൊതുജനങ്ങളിൽ നിന്നുംസാംത്വന രംഗത്തേക്കുള്ള   സംഭാവനയായി ബോക്സുകൾ മുഖേനയും സ്‌പോൺസർഷിപ് മുഖേനയും സമാഹരിക്കുന്ന തുകകൾ ആണ് പ്രവർത്തന മൂലധനം .അത് -ധനസമാഹരണം -ശക്തിപ്പെടുത്തേണ്ടതുണ്ട്.ബോക്സ് സ്ഥാപനത്തിലും ഹോം കെയറിലും സോണിലെ  യൂണിറ്റുകൾ കൂടുതൽ ശ്രദ്ധിക്കാനുണ്ട് .

സോണൽ കൺവീനർ രാഘവൻ കെ വി റിപ്പോർട് അവതരിപ്പിച്ചു .

ധനസമാഹരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.തയ്യിൽ സെന്ററിൽ തന്നെ  പ്രതിമാസം  8  ലക്ഷം രൂപ ചെലവാകുന്നുണ്ട്‌ .     ബോക്സ് സ്ഥാപനത്തിലും ഹോം കെയറിലും സോണിലെ  യൂണിറ്റുകൾ കൂടുതൽ ശ്രദ്ധിക്കാനുണ്ട് .

ആദിവാസി മേഖലകളിൽ  ഉണർവ് ക്‌ളാസ്സുകളുടെ  സംഘാടനം ശക്തിപ്പെടു ത്താനുണ്ട് .

ശബരിമല ഇടത്താവളങ്ങളിൽ കഴിഞ്ഞ വർഷം നന്നായി സഹായം നൽകാൻ പറ്റി .ഈ വർഷവും അത് കൂടുതൽ നന്നായി ചെയ്യണം .
വിവിധ യൂണിറ്റുകൾ നടത്തുന്ന മികച്ച പ്രവർത്തന ങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു .ഓണക്കാലത്തു് കിടപ്പു രോഗികളുടെ കുടുംബത്തിൽ ഓണകിറ്റുകൾ വിതരണം ചെയ്തത് ,ഗൃഹസന്ദര്ശനങ്ങൾ ,ഉണർവ് ക്‌ളാസ്സുകൾ ,ആയുർവേദ  മെഡിക്കൽ ക്യാമ്പ് ,തയ്യിൽ കേന്ദ്രത്തിൽ വിവിധ യൂണിറ്റുകൾ നടത്തിയ വളണ്ടിയർ സേവനം  , മിനി ആംബുലൻസ് , ആലക്കോട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ 2 മുറി IRPC   സേവന ങ്ങൾക്കായി ഒരുക്കിയത് തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ചിലതാണ് .

ഈ വർഷം മുതൽ മികച്ച യൂണിറ്റ് , മികച്ച സ്ത്രീ വളണ്ടിയർ ,മികച്ച പുരുഷ വളണ്ടിയർ തുടങ്ങിയ പ്രത്യേക അവാർഡുകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട് .ആഴ്ചയിൽ ഒരുതവണയെങ്കിലും ഗൃഹസന്ദര്ശനം നടത്തണം .സംഭവനപ്പെട്ടികൾ 200 എണ്ണമെങ്കിലും ഓരോ യൂണിറ്റിലും വീടുകളിലും സ്ഥാപനങ്ങളിലും വെക്കേണ്ടതുണ്ട് എന്നും ശ്രീ കെ  വി  രാഘവൻ ചൂണ്ടിക്കാട്ടി .


ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ്   കെയറിനെക്കുറിച്ചു എടുത്ത ക്‌ളാസ്സിൽ  കാൻസർ , കിഡ്നി സംബന്ധമായ രോഗങ്ങൾ ബാധിച്ചു   കിടപ്പിലായവിവിധ രോഗികളുടെ ഉദാഹരണം കാണിച്ചുകൊണ്ട് പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവർ അനുവർത്തിക്കേണ്ട പെരുമാറ്റ  നിയന്ത്രണങ്ങളെ കുറിച്ച് സംസാരിച്ചു .വീട്ടിൽ ഒരു ഒരു വയ്യാത്ത രോഗിയായി കിടക്കുന്ന മകൻ/മകൾ  ഉണ്ടെങ്കിൽ അമ്മമാർ പലപ്പോഴും വിവാഹ പോലെയുള്ള പൊതുചടങ്ങുകളിൽ പോകാതിരിക്കുന്നത് ചൂണ്ടിക്കാണിച്ചു .ഇത് ആ കുഞ്ഞിന്  പൊതു ചടങ്ങുകൾ നടക്കുന്ന സമയത്തും എന്തെങ്കിലും ഒരു സേവനം ചെയ്തു കൊടുക്കേണ്ടി വരുമെന്ന് ഭയന്നിട്ട് ,അല്ല .മറിച്ച് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്ന് കരുതിയിട്ടാണ് .ഇത്തരം  അമ്മമാർക്ക് വേണ്ടുന്ന   നൽകൽ കൂടിയാണ്  പാലിയേറ്റിവ് കെയർ .  അതുകൊണ്ടാണ് ലോകാരോഗ്യ  സംഘട ന പാലിയേറ്റവ് കെയർ എന്നത്  ദീർഘകാല കിടപ്പുരോഗികൾക്കും അവരുടെ കുടുംബത്തിനും    ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പിന്തുണ നൽകുന്ന സമീപനമാണ് എന്നു പറഞ്ഞത് . അത് രോഗിയുടെ ശാരീരിക ആവശ്യങ്ങൾക്ക് ഉപരി മാനസിക സാമൂഹ്യ ആവശ്യങ്ങളും ആത്മീയമായ ആവശ്യങ്ങളും  നിർവഹിക്കപ്പെടാനുള്ള പ്രവർത്തനമാകേണ്ടതുണ്ട് .



 നമ്മുടെ പഞ്ചായത്തിൽ ഏതാണ്ട് 150 മുതൽ 200 വരെ കിടപ്പുരോഗികൾ ഉണ്ടെന്നും അവരെ സഹായിക്കാൻ ഒരു നഴ്സ് മാത്രമാണുള്ളതെന്നും  ഓർമിപ്പിച്ചു .അതുകൊണ്ടുതന്നെ ഐആർപിസി പ്രവർത്തകരുടെ സാന്നിധ്യം ഇത്തരം കിടപ്പുരോഗികൾക്ക് ഉപകാരപ്ര ദമാ യിത്തീരും എന്ന  പ്രതീക്ഷ പ്രകടിപ്പിച്ചു. അതുപോലെ  പ്രായമായ കിടപ്പു രോഗികളുടെ അസുഖങ്ങൾ പരിഗണിക്കുമ്പോൾ പലരും വീണ് എല്ലൊടിഞ്ഞു  കിടക്കുകയാണ് എന്ന് നമുക്ക് കാണാൻ .കാരണം അന്വേഷിക്കുമ്പോൾ പലപ്പോഴും പാതിരാത്രിയിൽ എഴുന്നേറ്റു  സ്വിച്ച്  ഇടാൻ വേണ്ടി തപ്പിത്തടഞ്ഞു വീണതാണെന്ന് പലരും പറയുന്നത് കേൾക്കാം .ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്നതും പാലിയേറ്റീവ് കെയർ ഭാഗമാണ് .സ്വിച്ച് രാത്രിയിൽ എഴുന്നേൽക്കാതെ  തന്നെ ഓൺ  ചെയ്യാൻ പറ്റുന്ന സ്ഥലത്തായിരിക്കണം.ടൈൽ   പരുക്കനായിരിക്കണം .     അതുപോലെ ഒരു വീട്ടിൽ മാനസികരോഗി    ഉണ്ടെങ്കിൽ ആ കുടുംബത്തിനു വേണ്ട പിന്തുണ നൽകാനാണ് നാം ശ്രമിക്കേണ്ടത് .അല്ലാതെ ആ കുടുംബത്തെ കുറിച്ച് എന്തെങ്കിലും അന്വേഷണങ്ങൾ ഒക്കെ വരുമ്പോൾ അവിടെ ബുദ്ധിമാന്ദ്യം ഉള്ള കുട്ടി ആണെന്ന് പറഞ്ഞ ആ കുടുംബത്തെ പിന്നെയും പ്രയാസത്തിൽ ആക്കുകയല്ല  വേണ്ടത് .അതുപോലെ ഒരു കിടപ്പ് രോഗിയെ സന്ദർശിക്കുന്ന സമയത്ത് നമ്മൾ പെരുമാറ്റത്തിൽ ചില നിയന്ത്രണങ്ങൾ വരുത്താൻ ഉണ്ട് .ഉദാഹരണമായി എന്ത്  രോഗത്താൽ ആണ് താൻ എന്ന് അറിയാൻ ഒരു രോഗിക്ക് ആഗ്രഹം കാണും . എന്നാൽ ആ വിവരം അദ്ദേഹത്തോടു പറയേണ്ട എന്ന് വീട്ടുകാർ തീരുമാനിച്ചിട്ടുണ്ട് ഉണ്ടാകും. ചിലപ്പോള് വീട്ടുകാർ നമ്മളോട് പറയും " രോഗം  എന്താണെന്നു  പറയേണ്ടതില്ല " എന്ന് .അത്തരം സന്ദർഭങ്ങളിൽ നമ്മളോട്   ഒരു പക്ഷെ രോഗി തൻറെ രോഗത്തെക്കുറിച്ച് അറിയുമോ എന്ന് ചോദിച്ചാൽ നമ്മൾ എന്ത് നിലപാട് എടുക്കും എന്നുള്ളത് ഒരു കാര്യമാണ് .തൻ്റെ  രോഗത്തെക്കുറിച്ച് അറിയുക എന്നത് ഏതൊരു രോഗിയുടെയും  അവകാശമാണ് . പക്ഷേ അത് പറഞ്ഞു കൊടുക്കേണ്ടത് ഡോക്ടറുടെയോ  ഉത്തരവാദിത്തപ്പെട്ട മെഡിക്കൽ പ്രവർത്തകരെയോ ധർമ്മമാണ്. ഒരു കുടുംബത്തിന് അത്തരം കാര്യങ്ങൾ ഒരു നിലപാട് ഉണ്ടെങ്കിൽ ഒരു പാലിയേറ്റീവ് പ്രവർത്തക(ൻ ) അത്തരം നിലപാടുകളിൽ ഇടപെടാതിരിക്കുക ആണ് നല്ലത് .നമ്മളെ സംബന്ധിച്ചിടത്തോളം രോഗിയുടെ അടുത്ത് പോവുകയും പറയാനുള്ള കാര്യങ്ങൾ എല്ലാം കേൾക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രധാനം. ആക്ടീവ് ലിസണിങ് എന്ന് പറയുന്നതുപോലെ. നമ്മുടെ ചോദ്യങ്ങൾ പലപ്പോഴും ഓപ്പൺ ENDED  ആയിരിക്കണം. നിർദിഷ്ടമായ ഒരു  ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് ഉള്ള ചോദ്യങ്ങൾ ആവരുത് . പാലിയേറ്റീവ് പ്രവർത്തനത്തിൽ രോഗിയുമാ യിട്ടുള്ള കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .

ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് .ആക്ടീവ് ലിസണിങ് ആണ് നമ്മുടെ ഭാഗത്തുള്ള ധർമ്മം . ഇതുപോലെതന്നെ നമ്മുടെ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യം, രോഗങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള ക്യാമ്പുകൾ ഒക്കെ നടക്കുമ്പോൾ നമ്മൾ പരമാവധി പങ്കെടുത്തു  പരിശോധനയ്ക്ക് വിധേയമാകു ക എന്നുള്ളതാണ് . ഉദാ :-ഗർഭാശയഗള കാൻസർ ഡിറ്റക്ഷൻ ക്യാമ്പുകൾ. അതുപോലെ 35 വയസ്സ് കഴിഞ്ഞ വർ  എല്ലാം മാമോഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ് അതുപോലെ പല രോഗികൾക്കും വാട്ടർബെഡ് / എയർ ബെഡ്  തുടങ്ങിയവ പോലും ഉപയോഗിക്കാനോ അറിയാതെ അത് വാങ്ങി മുറിയിൽ വെച്ചിട്ടുള്ള സ്ഥിതി കാണും. അത് പോലെ  വ്രണങ്ങളിൽനിന്നും പഴുത്തൊലിക്കുന്ന അവസ്ഥയുള്ള രോഗികളുടെ വ്രണങ്ങൾ തുടച്ചു വൃത്തിയാക്കാനും വളണ്ടിയർ അറിഞ്ഞിരിക്കണം .  അത്തരം കാര്യങ്ങളൊക്കെ ട്രെയിനിങ് കഴിഞ്ഞ പാലിയേറ്റീവ് പ്രവർത്തകർ ആണ്  ചെയ്യേണ്ടത് .ഇത്തരത്തിൽ ആവശ്യമായ ട്രെയിനിങ് കൾക്ക് വിധേയമാകുക എന്നുള്ളതും പാലിയേറ്റീവ് പ്രവർത്തകർ ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ് .















പാലിയേറ്റീവ് കെയർ സന്ദർശനം തരുന്ന മഹത്തായ പാഠങ്ങൾ .30/11/2019

പാലിയേറ്റീവ് കെയർ സന്ദർശനം ഒരു തവണയെങ്കിലും എല്ലാവരും ന ടത്തേണ്ടതാണ് .ജീവിതം പകർന്നു  തരുന്ന മഹത്തായ പാഠങ്ങൾ .കൊല്ലാട ( കമ്പല്ലൂർ, കാസർഗോഡ് ) മേഖലയിൽ ഇന്ന് പാലിയേറ്റീവ് കെയർ പ്രവർത്തനത്തിൽ സാമൂഹ്യ പ്രവർത്തകരായ രവിമാസ്റ്റർ, സാവിത്രി , രൂപേഷ് , ദീപക് എന്നിവരുടെ കൂടെ ഞാനും പങ്കെടുത്തു. ജീവിതത്തിൽ മറക്കാൻ കഴിയാത്ത പാഠങ്ങൾ .

രംഗീല* ശാരീരിക വൈകല്യം  കാരണം നിലത്തിഴഞ്ഞാണ് ജീവിക്കുന്നത്. തറയിൽ പായിൽ ഷീറ്റിട്ടു കൂനിക്കൂടി കുനിഞ്ഞിരുന്നു സംസാരിക്കുന്ന  നാല്പതുകാരിയായ രംഗീലയുടെ മുഖത്തെ സന്തോഷം കാണണമെങ്കിൽ നമ്മളും തറയിലിരുന്ന്  സംവദിക്കണം.  ... ഞങ്ങളെ കാണുമ്പൊൾ അവർ പാറിപ്പറന്ന എണ്ണമയമില്ലാത്ത  മുടിയൊതുക്കി നിറഞ്ഞ ചിരിയോടെ വീട്ടിലെ  കാര്യങ്ങൾ  സംസാരിക്കുകയാണ് .വാതിൽക്കൽ അവരുടെ ചേട്ടന്റെ മക്കൾ  സ്നേഹത്തോടെ  ചേർ ന്നു നില്കുന്നു .എഴുന്നേറ്റു നടക്കാൻ  വയ്യാത്തതിനാൽ തൻ്റെ മുറിയോട്  ചേർത്ത് ഒരു ടോയിലറ്റ് കിട്ടിയാൽ നന്നായിരുന്നു എന്ന അവരുടെ വർഷങ്ങൾക്കു മുൻപുള്ള ആവശ്യം നിറവേറ്റിക്കണ്ട സന്തോഷത്തിലായിരുന്നു ഞങ്ങളും .വീട്ടിലെ കുട്ടികൾക്ക് രംഗീല തൻ്റെ അച്ഛൻ ചൊല്ലിക്കേൾപ്പിച്ച കഥകളും കവിതകളും  പറഞ്ഞു കൊടുക്കാറുണ്ട് .വീട്ടുകാരുടെ നല്ല പിൻതുണ അവർക്ക്‌ ലഭിക്കുണ്ടെന്നതിൽ സംശയമില്ല .എങ്കിലും വെളിച്ചം കുറഞ്ഞ  അടഞ്ഞ ഒരു മുറിക്കകത്തു യൗവനം മുഴുവൻ തടങ്കലി ലായ ആ  മനുഷ്യജീവിയുടെ മുഖത്തു നോക്കിയിരിക്കുമ്പോൾ  അറിയാത്തൊരു വേദന നിങ്ങളുടെ നെഞ്ചിലൊരു നെരിപ്പോടായി എരി യാൻ തുടങ്ങും .. ജീവിതം നമുക്ക് തന്ന അവസരങ്ങൾ ,മറ്റു പലർക്കും ലഭിച്ചിട്ടില്ലെന്ന തിരിച്ചറിവ്  വന്നു തുടങ്ങുന്നു .

(*പേരും വയസ്സും യഥാർ ത്ഥമല്ല )

Thursday, 14 November 2019

ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ എന്ന്...കടന്നു പോയ ഫാതിമ ലതീഫ്

ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ .........എന്ന്    കടന്നു പോയ ഫാതിമ ലതീഫ് 

ഫാതിമ ലതീഫ് എന്ന വിദ്യാർത്ഥി ഞാൻ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകർഷിച്ചത്. ഒന്ന് നിരന്തരമായി സ്കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളിൽ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവൾ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദർഭത്തിലാണ്. അതേ കാലത്തുതന്നെ ഞാൻ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടിൽ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങൾ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ അവൾ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് ആയിരുന്നു. ആ സമയത്തേ, ലോക ക്ലാസിക്കുകളിലൂടെ അവൾ കടന്നുപോകുന്നുണ്ട്. ഈ വർഷം ഐ ഐ ടിയിലെ ഹുമനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷനിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കോടെ അവൾക്ക് പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തിൽ അവൾക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങൾ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാൽ ചില പുസ്തക വാർത്തകൾ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാൻ അവളെ വാട്സപിൽ ബന്ധപ്പെട്ടു. ആ ഫോൺ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാതിമയുടെ നമ്പർ തന്നു. അങ്ങനെയാണ് ഞാൻ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്സിന്റെ കരിക്കുലം വിശദാംശങ്ങൾ, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങൾ ഞാൻ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങൾ തന്നു. സർ, ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകൻ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ കാര്യങ്ങൾ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവൾ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി.
ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. ..........[.editted (alias s  p )]എന്ന അദ്ധ്യാപകന്റെ വർഗീയമായ പകയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് ...........[editted ( s  p ) ...... ].രാഷ്ട്രീയത്തിന്റെ വിഷവിത്തുകൾ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കൾ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേർപാട് ഞങ്ങളെ പ്രത്യക്ഷത്തിൽ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂർണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവിൽ ഈ വേദനയിൽ തിരിച്ചെത്തുന്നു. ഇന്ന് സ്കൂളിൽ രാവിലെ ഈ വിഷയത്തിൽ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാൻ ആവതും നോക്കി. അതിനിടയിൽ ഈ ദുരന്തം വാർത്താമാദ്ധ്യമങ്ങളിലെത്തിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചു. സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവർ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോൾ ദേശീയമാദ്ധ്യമങ്ങളിൽ വരെ പ്രാധാന്യത്തോടെ വാർത്തകൾ വരുന്നുണ്ട്. ഫാതിമ നഷ്ടമായി. എന്നാൽ ഇനിയും നമ്മുടെ മക്കൾ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തിൽ, കരുത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടും. എന്നാൽ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകൾ നമ്മുടെ മക്കൾക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കിൽ ഏതുതരം രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു. മതവർഗീയത വെച്ചുപുലർത്തുന്നവർക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാർക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും  എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടിൽ ഫാതിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങൾ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്.
എന്നോട് ഒരു ദിവസം എന്റെ ഒരു സ്നേഹിത ചോദിച്ചു, ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാൻ പറഞ്ഞു, ഉണ്ട്.
ഇപ്പോൾ ആ ഭയം പല കാരണങ്ങളാൽ ഏറുന്നു. ഇന്ത്യൻ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉൽകൃഷ്ടമാതൃകയായ ഐ ഐ ടിയുടെ കഥ ഇതാണെങ്കിൽ നമ്മളിനി ആരിൽ പ്രതീക്ഷ അർപ്പിക്കണം? ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാൻ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നൽകാൻ നമ്മൾ ഏത് ഭിഷഗ്വരനോടാണ് പറയുക?
 P.......... R, P......b An..... A.......S......N....... R.... S.....S..... B.....P.........
.....( ഭയം കാരണം ചില വാക്കുകൾ ഒഴിവാക്കിയിരിക്കുന്നു-ബ്ലോഗർ  )



Friday, 8 November 2019

നീർമാതളം പൂത്ത കാലം നെഞ്ചോട് ചേർക്കുന്നു

നീർമാതളം പൂത്ത കാലം എന്ന മാധവിക്കുട്ടിയുടെ  കൃതിയിൽ  അവർ സ്വന്തം ജീവിതം വരച്ചു കാണിച്ചിരിക്കുന്നു .ശൈശവവും ബാല്യവും കൗമാരവും എല്ലാം ഓർമ്മച്ചെപ്പു കളിൽ നിന്ന് അടർത്തിയെടുത്ത കൃതി . നാലപ്പാട്ട് ബാലാമണിയമ്മയുടെ യും മാതൃഭൂമി മാനേജിങ് എഡിറ്റർ മാധവൻ നായരുടെയും മകൾ . 1934 മാർച്ച് 3 ന് ജനിച്ചു. 2009 മെയ് 31 ന് അന്തരിച്ചു .ഉയർന്ന ചുറ്റുപാടും നാലുകെട്ടും പുരയിടവും എല്ലാകാര്യത്തിനും പ്രത്യേകം വേലക്കാരും ഉണ്ടായിട്ടും ആമി എന്ന കഥാപാത്രം തൃപ്തയായിരുന്നില്ല .ബാല്യം ഇംഗ്ലീഷ് മീഡിയം സ്കൂളിലും ,  കൗമാരം കൽക്കത്ത എന്ന മഹാനഗരത്തിലും  വിദ്യാഭ്യാസം പൂർത്തിയാക്കി . എപ്പോഴും ഒറ്റപ്പെടലിന്റെ  ഒരു അനുഭവം ഉള്ളിൽ ഒരു നീറ്റലായി സൂക്ഷിച്ചിരുന്നു .ആരിൽ നിന്നും സ്നേഹം ലഭിക്കുന്നില്ല എന്നൊരു  അപകർഷതാ ബോധം കൂടിക്കൊണ്ടിരുന്നു. അതിൽ നിന്നും രക്ഷപ്പെടുവാൻ പല കൂട്ടുകെട്ടുകളും ആഗ്രഹിച്ചു .വേലക്കാരിൽ നിന്നും പഴയകാല കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ സമയം കണ്ടെത്തിയിരുന്നു. ഈ കൃതിയിൽ ബാല്യംമുതൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു . മാധവിക്കുട്ടിയുടെ കൃതികളിൽ  പല കാര്യങ്ങളും തുറന്നടിച്ച് എഴുതുവാൻ അവർക്ക് ഒരു വൈമനസ്യവും ഉണ്ടായിരുന്നില്ല .സ്വന്തം ചരിത്രം ഓർമ്മചെപ്പിൽ നിന്നും അടർത്തിയെടുത്ത ഇത്ര ഭംഗിയായി ആവിഷ്കരിക്കാൻ മറ്റൊരു  കഥാകൃത്തിനു സാധിക്കുമെന്നു തോന്നുന്നില്ല . സ്നേഹത്തിനുവേണ്ടി യും മറ്റു പലതിനും വേണ്ടിയും ആഗ്രഹിക്കുന്ന മനസ്സിൽ നിഷ്കളങ്ക ഭാവം കുടികൊള്ളുന്നത് കാണുവാൻ സാധിക്കും . സ്നേഹമുള്ളവരെ ,  ഈ കൃതിയിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് മനുഷ്യൻ ഒരിക്കലും തൃപ്തനല്ല ( എന്നാണ് ) .എത്ര ഉയർന്ന സാഹചര്യം ആയാലും , എത്ര വലിയ നിലയിൽ സ്ഥാനങ്ങൾ വഹിക്കുന്നവർ ആയാലും പൂർണത കൈവരിക്കാൻ സാധിക്കുന്നില്ല . മനുഷ്യന്റെ മിനിമം  ആയുസ്സ്  80 വയസ്സു  വരെയാണ് . അതിനുള്ളിൽ എന്തിനൊക്കെയോ വേണ്ടി  സദാസമയം  ഓടുന്നവരാണ് ജീവിതത്തിൽ ( നമ്മൾ). .ജീവിത ത്തിൽ എന്തെല്ലാം ഉണ്ടായാലും ആരും പൂർണ്ണരല്ല എന്നുള്ളത് ഒരു വസ്തുതയാണ് .സ്നേഹമുള്ളവരെ, വയലാർ അവാർഡ് നേടിയ ഈ കൃതി വായിക്കാൻ സാഹചര്യങ്ങൾ ഉണ്ടായിട്ടും വായിച്ചിട്ടില്ല .കാരണം മാധവികുട്ടി കൃതികൾ   മ്ലേച്ഛമായ രീതിയിൽ അവതരിപ്പിക്കുന്നു എന്ന ചിന്താഗതി പലപ്പോഴും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു .ഇപ്പോൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഞാൻ ഈ പുസ്തകം നെഞ്ചോട് ചേർക്കുന്നു. ഈ പുസ്തകം വായിക്കാൻ അവസരം ഒരുക്കിത്തന്ന ഈ സംഘടനയുടെ ഭാരവാഹികൾക്കും ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന രാധാകൃഷ്ണൻ മാഷിനും എൻറെ ഹൃദയത്തിൻറെ ഭാഷയിൽ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അറിവില്ലെങ്കിലും അറിവുണ്ടെന്ന് ധരിക്കുന്ന ഈ കാലത്ത് പുസ്തകം ഒരു മുതൽക്കൂട്ടാണ് . ഇതിനെ പ്രോത്സാഹിപ്പിക്കുന്ന മാതൃക എന്ന സംഘടന എല്ലാവർക്കും മാതൃകയാണ് .വായിക്കുക, വായനയിൽ വളരുക ,അറിവ്  വികസിപ്പിക്കുക . സമയം ഒന്നിനു വേണ്ടി കാത്തുനിൽക്കില്ല .ഒന്നും പിന്നത്തേക്ക് മാറ്റി വെക്കരുത്
......ബീന കൊച്ചില്ലാത്ത്  . 

Saturday, 2 November 2019

വടക്കോട്ട് പോകുന്തോറും

യാത്രാവിവരണം :  ഉഷാകുമാരി എം ടി

 ഡൽഹി യാത്ര 



ഞങ്ങൾ 39 പേരടങ്ങുന്ന സംഘം ഒക്ടോബർ ഏഴാം തീയതി തിങ്കളാഴ്ച മൂന്നുമണിക്ക് ചെറുപുഴ നിന്നും കണ്ണൂരിലേക്ക് ബസ്സ് കയറി. ഞാൻ കവലയിൽ നിന്നാണ് സംഘത്തോടൊപ്പം ചേർന്നത് .ഞങ്ങൾ അഞ്ചു മണി ആയപ്പോഴേക്കും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്ന് ചായ കുടിച്ചു. രാത്രിഭക്ഷണം എല്ലാവരുടെയും കയ്യിൽ ഉണ്ടായിരുന്നു . എല്ലാവരും കയറി അവരുടെ സീറ്റ് കണ്ടുപിടിച്ചു . ഞങ്ങളെല്ലാവരും ഒരു ബോഗിയിൽ തന്നെയായിരുന്നു. വളരെ കുറച്ചുപേർ മാത്രമേ പുറത്തുനിന്ന് ഉണ്ടായിരുന്നുള്ളൂ കുറച്ചു സമയം പുറത്തു നോക്കിയിരുന്നു. പിന്നെ രാത്രിയായി. എല്ലാവരും ഭക്ഷണം കഴിച്ചു. പിന്നെ കുറച്ചു നേരം പാട്ട് ,ചീട്ടുകളി. ശേഷം 11 മണിയോടെ എല്ലാവരും ഉറങ്ങാൻ കിടന്നു. അപ്പോൾ കർണാടകം തന്നെയായിരുന്നു എന്നു തോന്നുന്നു .രാവിലെ 7 മണിയോടെ എല്ലാവരും ഫ്രഷായി. അപ്പോൾ ഗോവ .നമ്മുടെ കേരളം പോലെ തന്നെ. രാവിലെ എട്ടര ആയപ്പോഴേക്ക് ഫുഡ് കിട്ടി. എല്ലാവർക്കുമുള്ള ഫുഡ് മുൻകൂട്ടി ബുക്കിംഗ് ഉണ്ടായിരുന്നു .അവർ സ്റ്റേഷനിൽ കൊണ്ടുവന്ന് തരും  അന്ന് പൂരിയും കറിയും ആയിരുന്നു.ആ   സ്റ്റേഷന്റെ  പേര് ഓർക്കുന്നില്ല പിന്നീട് മഹാരാഷ്ട്ര. മഹാരാഷ്ട്ര യിലൂടെ  പോകുമ്പോൾ  ഒരു പ്രകൃതിക്ക് മാറ്റം കാണുന്നുണ്ട് .ധാരാളം  സമതല പ്രദേശങ്ങൾ കാണാം. ഭൂമി ഒരുപാടുണ്ട്. കാര്യമായ കൃഷി നെല്ല് ,ഗോതമ്പ് ,ചോളം തുടങ്ങിയവ ആണെന്ന് തോന്നുന്നു .  കൃഷിക്കാർ പൊരി വെയിലത്ത് പണിയെടുക്കുന്നത്  കാണാമായിരുന്നു .. ഉച്ചയ്ക്കുശേഷം നാലുമണിയോടെ ഗുജറാത്ത് എത്തി അപ്പോൾ ചായ ട്രെയിനിൽ നിന്ന് വാങ്ങി .കുട്ടികളെല്ലാവരും ഉണ്ണിയപ്പം ,മിക്സ്ചർ എന്നു  വേണ്ട ഒരുപാട് ഭക്ഷണസാധനങ്ങൾ കരുതിയിരുന്നു .അതുകൊണ്ട് തന്നെ  വായടച്ചു ഇരിക്കാൻ പറ്റിയി ല്ല.കാലാവസ്ഥ  നല്ല ചൂടുണ്ടായിരുന്നു . വൈകുന്നേരം എല്ലാവരും ഗുജറാത്തിലെ സൂര്യാസ്തമയം കണ്ടു രാത്രിയായതോടെ എല്ലാവരും കിടന്നുറങ്ങി പിന്നീട് രാവിലെ 7 മണിക്ക് രാജസ്ഥാൻ എത്തി എന്ന് പറഞ്ഞു. അങ്ങനെ മൂന്നാം ദിവസം രാജസ്ഥാൻ പ്രഭാതം .
രാജസ്ഥാനിൽ മരുഭൂമിയുടെ ഭാഗമായി   ഒഴിഞ്ഞ സ്ഥലങ്ങൾ കാണാൻ തുടങ്ങി.  കൃഷി ഒന്നുമില്ലാത്ത ഒരുപാട് സ്ഥലങ്ങൾ കാണുന്നുണ്ടായിരുന്നു .പിന്നീട് മധ്യപ്രദേശിൽ. നെല്ല് ,ഗോതമ്പ് ,ചോളം കൃഷികൾ  മധ്യപ്രദേശിൽ കാണാൻ തുടങ്ങി .പിന്നെ  ഉത്തർപ്രദേശിൽ. ഒന്നരയോടെ ഡൽഹിയിലെത്തി .ഞങ്ങൾ എല്ലാവരും അവിടെ ഇറങ്ങി .കുറച്ചു നടക്കേണ്ടി വന്നു ബസ്സ് കയറാൻ . ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ എത്തിയതിന്റെ  സന്തോഷം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു.  . പിന്നീട് ബസ്സിൽ കയറി, ചാന്ത് ഹോട്ടലിലെത്തി. അവിടെയായിരുന്നു ഞങ്ങൾ റൂം എടുത്തത്. എല്ലാവരും റൂമിൽ കയറി ബാഗ് വെച്ച ശേഷം അവിടെ ഉച്ചഭക്ഷണം റെഡിയായിട്ടുണ്ട് ആയിരുന്നു ഭക്ഷണം കഴിച്ചു റൂമിൽ പോയി ഫ്രഷ് ആയി . ഏതാണ്ട് നാലര മണിയോടെ ചുറ്റിക്കറങ്ങി ഞങ്ങൾ പോകാനാണ് വിചാരിച്ചത് .പക്ഷേ അവിടേക്ക് ആറര കഴിഞ്ഞാൽ കയറ്റില്ല അക്ഷര്ധാം ഇലേക്ക് പോകാൻ. കുറച്ചു ദൂരംയാത്ര ചെയ്യാനുണ്ട് .മാത്രമല്ല, റോഡിൽ എല്ലാം ബ്ലോക്ക് .അതുകൊണ്ട് കരോൾബാഗ് ഷോപ്പിംഗ് നടത്തി. സാധനങ്ങളൊക്കെ ഇവിടത്തെ പോലെ തന്നെ വില. ഞാൻ എല്ലാത്തിനെയും വില ചോദിച്ചത് ഉള്ളൂ. ഒന്നും വാങ്ങിയില്ല .ചിലതൊക്കെ വിലപേശി .ചില സാധനങ്ങൾ വാങ്ങിയിരുന്നു. ഏതാണ്ട് എട്ടരയോടെ എല്ലാവരും ഒന്നിച്ചുകൂടി ബസ്സിൽ കയറി .ഒമ്പതരയോടെ റൂമിൽ എത്തിയ ഉടനെ തന്നെ ഭക്ഷണം കഴിച്ചു .11മണിയോടെ എല്ലാവരും ഉറങ്ങാൻ കിടന്നു.

പിറ്റേദിവസം പുലർച്ചെ അഞ്ചു മണിക്ക് എല്ലാവരും റെഡി ആക്കാൻ പറഞ്ഞിരുന്നു .മൂന്നുപേർക്ക് ഒരു മുറി എന്ന നിലയിലായിരുന്നു .നല്ല സൗകര്യമുള്ള മുറിയാ യിരുന്നു. ചൂടുവെള്ളവും തണുത്ത വെള്ളവും കിട്ടുന്ന കുളിമുറി  ഉണ്ടായിരുന്നു. പക്ഷേ വെള്ളത്തിന് ചെറിയ ഉപ്പുരസം ഉണ്ടായിരുന്നു എന്നു മാത്രം .രാവിലെ ആറുമണിയോടെ ഞങ്ങൾ അവിടെ നിന്നും ബസ്സിൽ യാത്ര പുറപ്പെട്ടു ആഗ്രഹമായിരുന്നു . യാത്ര ഏതാണ്ട് നാല് മണിക്കൂർ എടുത്തു. ആഗ്രയിൽ എത്തിയ ശേഷം ഞങ്ങൾ താജ്മഹൽ ലേക്കുള്ള പാസ് എടുത്തു . ആദ്യം കണ്ടത് താജ്മഹലിൻറെ  ചുറ്റുമുള്ള മിനാരങ്ങൾ .നാല് മിനാരങ്ങൾ താജ്മഹലിന്റെ  കാവൽക്കാരാണ്. ഒരുതരത്തിലുമുള്ള ആക്രമണവും ഉള്ളിലേക്കെത്താതെ  കാക്കാനാണ് മിനാരങ്ങൾ. മിനാരങ്ങൾക്കിടയിലൂടെ ഉള്ളിലേക്ക്  നടന്നു .താജ്   മ ഹലിന്റെ  മുന്നിലെത്തി. വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ ഇന്ത്യയുടെ അത്ഭുതം തന്നെ .ആയിരക്കണക്കിന് ശില്പികളുടെ ദീർഘകാലത്തെ പരിശ്രമ ഫലം ആണല്ലോ ഇത് എന്ന് ഞാൻ ഓർത്തുപോയി. താജ്മഹലിൻറെ അടിഭാഗം തടി ആണെന്ന് പറയപ്പെടുന്നു പ്രിയ പത്നിയായ  മുംതാസിൻറെ  ഓർമ്മയ്ക്കാണ് ഷാജഹാൻ ഈ പ്രേമ കുടീരം പണിതത് .ഒരുപാട് ജനങ്ങൾ ഭക്ഷണം കഴിക്കാൻ പോലും  ഇല്ലാതെ കഷ്ടപ്പെടുന്ന കാലത്ത് ആണത്രേ ഷാജഹാൻ കോടിക്കണക്കിന് രൂപ മുടക്കി കെട്ടിടം പണിയുന്നത് . ഇത് കണ്ടു മനം മടുത്താണ് അധികാരം കൈക്കലാക്കിയ മകൻ ഔരംഗസേബ്  പിതാവിനെ തടവിലാക്കിയത് .  താജ്മഹലിൽ  മുംതാസിന്റെയും ഷാജഹാന്റെയും  ശവകുടീരങ്ങൾ കാണാൻ സാധിക്കും. പുറമേ പൂന്തോട്ടമുണ്ട്.   എല്ലാം കൂടെ ഒരു ആനചന്തം .ഷാജഹാനെ തടവിലാക്കിയ തടവറ കാണാം. മിനാരങ്ങൾ ചുവപ്പുനിറത്തിൽ ആണ് .താജ്മഹൽ വെള്ള നിറത്തിലാണ് .നല്ല തിരക്കുണ്ടായിരുന്നു രാത്രി 12 മണിയോടെ അവിടെ നിന്നും മടങ്ങി .മോശമല്ലാത്ത ഭക്ഷണം .

ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര. മധുര ശ്രീകൃഷ്ണ ക്ഷേത്രം .ശ്രീകൃഷ്ണൻ ജനിച്ച സ്ഥലം .വലിയ അമ്പലം. പ്രത്യേക സുരക്ഷാ പരിശോധനകൾ. പരിശോധിച്ചശേഷമേ കയറ്റു കയുള്ളൂ. ഒരു പ്രത്യേക അന്തരീക്ഷം. കുറച്ചു സമയം അവിടെ ചെലവഴിച്ചു .ഷോപ്പിംഗ് നടത്തി .സാധനങ്ങൾ പൊതുവേ വില കുറവ് . വള ,മാല തുടങ്ങിയവ വാങ്ങി. തിരിച്ചു വീണ്ടും 7 മണിക്ക് തന്നെ ബസ്സിൽ കയറി. യമുനാ നദിയുടെ തീരത്തൂ ടെയാണ്‌   ഇനി യാത്ര . നമ്മുടെ മഹാൻമാർ  അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് .ആദ്യം രാജ്ഘട്ട്. മഹാത്മാഗാന്ധിയുടെ ശവകുടീരം അലങ്കരിച്ചിരിക്കുന്നു. നിറയെ പൂക്കളാണ്. ചുറ്റും പൂന്തോട്ടം. അവിടെ നിന്ന് കുറച്ച് നടന്ന്  ശക്തി സ്ഥലത്തെത്തി .ഇന്ദിരാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം.അത്  കഴിഞ്ഞ് വീരഭൂമി .രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം .  പിന്നെ ശാന്തിഭവൻ .ഇന്ദിരാഗാന്ധിയുടെ ഏകദേശരൂപം തോന്നിക്കുന്ന ഒരു കല്ലിൽ കൊത്തിയെടുത്ത പ്രതിമ കാണാമായിരുന്നു .ഏതാണ്ട് 20 ഏക്കറോളം വരുന്ന സ്ഥലം .എല്ലാം പൂന്തോട്ടങ്ങളും തണൽമരങ്ങളും പരന്നുകിടക്കുന്നു.


ഡൽഹി ഒരു സമതലപ്രദേശം ആണ് .അവിടെ കുന്നുകൾ ഒന്നുമില്ല.പത്തുമണിയോടെ അവിടെ നിന്ന് തിരിച്ചു ചെങ്കോട്ടയിലേക്ക്. പുറമേനിന്ന് കണ്ടത് കുറച്ചു .ഉള്ളിൽ കുറെ നടക്കാനുണ്ട്. സമയക്കുറവു ഉണ്ട് .അതുകൊണ്ട് ഞങ്ങൾ വേഗം  രാഷ്ട്രപതിഭവൻ കണ്ടു . നല്ലൊരു അനുഭവമായിരുന്നു.  പാർലമെൻറ് കാഴ്ച നല്ല ഒരു അനുഭവം ആയിരുന്നു.ലോകസഭാ പച്ചനിറത്തിലും , രാജ്യസഭ ചുവപ്പു നിറത്തിലുള്ള പരവതാനി വിരിച്ച സ്ഥലങ്ങളാണ് .ലോകസഭയും രാജ്യസഭയും കൂടുന്ന സ്ഥലങ്ങളും സംയുക്തമായി കൂടുന്ന സ്ഥലം ഒക്കെ പ്രത്യേകം കാണിച്ചു തന്നു. അവിടെ ഞങ്ങളുടെ ഗൈഡ് ഒരു മലയാളിയായിരുന്നു .അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം നന്നായി വിശദീകരിച്ചുതന്നു ..പ്രധാനമന്ത്രി മോദി താമസിക്കുന്ന സ്ഥലവും എല്ലാം കണ്ടു .ഏതാണ്ട് ഒരു മണിയോടെ പാർലമെൻറിൽ നിന്നും ഉച്ചയൂണിന് ആയി.കേരള ഹൗസിലേക്ക് പോയി .അവിടെ നീണ്ട ക്യു .ഏതാണ്ട് മൂന്നര മണി യായി ,  എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞപ്പോൾ . കേരളമോഡൽ ഭക്ഷണം . വീണ്ടും ബസിൽ കയറി ഇന്ത്യാ ഗേറ്റിലേക്ക്. അവിടെ നിന്നും നാലര മണിയോടെ കുത്തബ്മിനാറിലേക്ക് . ചിത്രത്തിൽ കാണുന്നത് പോലെ ,ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നു .താഴെ, നല്ല വിസ്താരമേറിയ കുറഞ്ഞുപോകുന്നു. അവിടെനിന്ന് വേഗം ഇറങ്ങി. അക്ഷര്ധാമി ലേക്ക് ബസ് ബ്ലോക്കിൽ പെട്ട് മൂലം ആറരയ്ക്ക് തൊട്ടുമുമ്പാണ് എത്തിയത് .അമ്പലങ്ങൾ നല്ല ഭംഗി. അധികം കാണാൻ കഴിഞ്ഞില്ല. പിന്നെ മെട്രോ .മെട്രോയിൽ കയറി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെത്തി .പുറമെ ബാഗുമായി ബസ്സും എത്തി .  രാത്രി പതിനൊന്നരയ്ക്ക് ട്രെയിൻ എത്തി. പിറ്റേന്ന് മുഴുവൻ ട്രെയിനിൽ തന്നെ .അതിൻറെ പിറ്റേന്ന് രാത്രി ഏഴരയ്ക്ക് ട്രെയിൻ കണ്ണൂരിലെത്തി.

വഴിക്ക്  എൻ്റെ മൊബൈൽ ഫോൺ കളവു പോയതുമായി ബന്ധപ്പെട്ട്  ചില പ്രശ്നങ്ങൾ ഉണ്ടായത് ഒഴിച്ചാൽ യാത്ര ഗംഭീരമായിരുന്നു. യാത്രയിൽ മനസ്സിലായ ഒരു കാര്യം, ദൈവത്തിൻറെ സ്വന്തം നാട് കേരളം തന്നെ. അതുപോലെതന്നെ, കുറച്ചെങ്കിലും നീതിപുലരുന്നതും  കേരളത്തിൽ തന്നെ .വടക്കോട്ട് പോകുന്തോറും പണക്കാരും പാവങ്ങളും തമ്മിൽ വലിയ അന്തരം കാണുന്നു .ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ .അവർ ധാരാളമുണ്ട് ട്രെയിനിൽ പോലും. മറ്റുള്ളവരിൽനിന്ന് നിലത്തുവീണ ഭക്ഷണം കഴിക്കാൻ പോലും ആളുകൾ തിരക്കിടുന്നത്  കാണാമായിരുന്നു. വിദ്യാഭ്യാസ നിലവാരവും വരെ താഴ്ന്നതായി അനുഭവപ്പെട്ടു .അതുകൊണ്ടുതന്നെ മോഷണവും പിടിച്ചുപറിയും കൂടുതലാണ് .അങ്ങനെ നോക്കിയാൽ അഭിമാനിക്കാൻ ഭാരതത്തിന് വലുതായി ഒന്നുമില്ല എന്ന് തോന്നി .

Friday, 1 November 2019

ആടുജീവിതം - പൊള്ളിക്കുന്ന വികാര ലോകം

ആടുജീവിതം പൊള്ളിക്കുന്ന വികാര ലോകം 

ആടുജീവിതം എന്ന നോവൽ ബെന്യാമിൻ എന്ന എഴുത്തുകാരൻ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു .ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹം ഈ കൃതിയിലൂടെ വാരിക്കൂട്ടി .സത്യത്തിൽ ഇതൊരു നോവലല്ല ,പച്ചയായ മനുഷ്യരുടെ ജീവിത അനുഭവമാണ് .സാധാരണ മലയാളിയുടെ വിദേശ സ്വപ്നങ്ങൾ എന്നതിലുപരി കഷ്ടപ്പാടിൽ നിന്നും കരകയറാനുള്ള വ്യഗ്രത മൂലം ഒരു വിസ ഒപ്പിച്ച് വിദേശത്തേക്ക് കടന്ന നജീബ് എന്ന ചെറുപ്പക്കാരന്റേയും അവൻറെ സുഹൃത്തിന്റെയും അതികഠിനമായ മനുഷ്യ സഹനത്തിന്റെ ഇതിഹാസ കഥ വളരെ ലളിതമായി നോവലിസ്റ്റ് പറഞ്ഞുതരുന്നു. ഓരോ വാക്കും പൊള്ളിക്കുന്ന വികാര ലോകം സൃഷ്ടിക്കുന്നതിനാൽ ഒറ്റയിരിപ്പിൽ തന്നെ നമുക്ക് അത് വായിച്ചു തീർക്കാൻ സാധിക്കും .നാലു വർഷക്കാലം ഒരു മനുഷ്യൻ ആടുകൾക്ക് ഇടയിൽ കിടന്ന് ഒരു ആടായി മരുഭൂമിയിലെ തീക്ഷ്ണമായ അനുഭവത്തിൽ എരിഞ്ഞു തീർന്ന് പുനർജന്മം എടുത്ത     നജീബിന്റെ കഥ. എല്ലാവരും ആടുജീവിതം എന്ന ഈ കഥ ഈ നോവൽ വായിക്കണം .

_ സോമി ബെന്നി.