പേരുകേട്ട പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ അടൂരിനോപ്പം എന്ന പരിപാടിയിൽ ഞാൻ പങ്കെടുക്കുകയും വേദിയിൽ സംസാരിച്ചവരെ കേൾക്കുകയും ചെയ്തു .dissent ( വിയോജിപ്പ്) ജനാധിപത്യത്തിൻറെ കാതലായ ഭാഗമാണെന്നും എതിരഭിപ്രായം പറഞ്ഞത് കൊണ്ട് അത്തരം ആളുകൾ അന്യഗ്രഹത്തിൽ പോയി താമസിക്കട്ടെ എന്ന് പറയുന്നത് ഫാസിസ്റ്റു രീതികളുടെ ഭാഗമാണെന്നും പൊതുവെ വിലയിരുത്തപ്പെട്ടു .ഇത്തരം കാഴചപ്പാടുകൾക്കെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും അഭിപ്രായമുണ്ടായി .സദസ്സിന്റെ അഭിപ്രായം ചോദിക്കാതെ ( ഒരു ചർച്ചക്കും അവസരം നൽകാതെ )അധ്യക്ഷൻ ചടങ്ങു അവസാനിപ്പിക്കുകയും സിനിമാ പ്രദർശനം തുടങ്ങുന്ന നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.സിനിമ യെക്കുറിച്ചു വിശദീകരിക്കാൻ ശ്രീ മുരളിയെ അധ്യക്ഷൻ വിളിച്ച നിമിഷത്തിൽ എൻറെ പ്രിയസുഹൃത്തു രാഘവൻ മാസ്റ്റർ സദസ്സിൽ നിന്ന് എഴുന്നേൽക്കുകയും അടൂരിനൊ പ്പം എന്ന പരിപാടിയുടെ മെസ്സേജ് പുറത്തു എത്തിക്കുന്നതിന് ഓപ്പൺ ഫ്രെയിമിന്റെ നേതൃത്വത്തിൽ നടപടികളുണ്ടാവണ്ടേ എന്ന് ചോദിക്കുകയും ചെയ്തു .അദ്ധ്യക്ഷൻ അതിനൊരു വിശദീകരണം നടത്തുകയും തുടർന്ന് വിഷയത്തെ കുറിച്ച് സദസ്സിൽനിന്നും രണ്ടു പേർ വിഷയത്തെ കുറിച്ച് സംസാരിക്കുകയും(എതിരഭിപ്രായങ്ങളൊന്നുമുണ്ടായില്ല ) ചർച്ച അവിടെ നിർത്തി സിനിമാ പ്രദർശനം തുടങ്ങുകയും ചെയ്തു .(സമയം വൈകിയിരുന്നു .7 മണി .)
സദസ്സിന്റെ അഭി പ്രായങ്ങൾക്കു ഇടം നല്കാതെയുള്ള നടപടിക്രമങ്ങളുണ്ടായത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റെ ഭാഗമായ ഒരു ചടങ്ങിന് ഭൂഷണമായില്ല എന്ന് എനിക്ക് തോന്നി.
ഒരാളെ നിർബന്ധിച്ചു ഒരു മതത്തിന്റെ പ്രാർത്ഥനാവാക്യങ്ങൾ വിളിപ്പിക്കുന്നതിനെതിരെയാണ് അടൂർ ഗോപാ ലകൃഷ്‍ണൻ സംസാരിച്ചത് .അല്ലാതെ ജയ് ശ്രീറാം എന്ന് വിളിച്ചതിനു എതിരെയല്ല .പക്ഷെ പിന്നീട് വരുന്ന വിശദീകരണങ്ങളിലെല്ലാം കാണുന്നത് പോലെ " ജയ് ശ്രീറാം എന്ന് വിളിച്ചതിനു എതിരെയാണ് അടൂർ സംസാരിച്ചത് "എന്ന നിലപാടിൽ നിന്ന് കൊണ്ടാണ് അടൂരിനെ പിന്നെയും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് .ഇത് വളരെ ആസൂത്രിതവും ദുഷ്ട ലാക്കോടെയുള്ളതുമാണ് .കളവു പ്രചരിപ്പിച്ചു വൈകാരികത സൃഷ്ടിച്ചു ആൾക്കൂട്ടങ്ങളെ ഇളക്കിവിടുന്ന ഫാസിസ്റ്റു തന്ത്രമാണ് ഇത് .ഒരു ചാനൽ മാത്രം കാണുകയും ഒരു പത്രം മാത്രം വായിക്കുകയും വായിച്ചതു കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്ന ആളുകളെ( അത്തരം ആളുകളാണ് ഭൂരിപക്ഷം പേരും .) ഇത്തരം വൈകാരിക പ്രസ്താവനകൾ കൊണ്ട് ഇളക്കിവിടാനും എളുപ്പമാണ് .ഫാസിസത്തിനെതിരെ നിങ്ങൾ എത്ര യുക്തിപൂർവം സംസാരിച്ചാലും അത് സാധാരണക്കാരായ ആളുകളിലേക്ക് എത്തുന്നില്ലെങ്കിൽ എന്തു പ്രയോജനമാണ് ? ആളുകളുടെ / പുതിയ തലമുറയുടെ ടി വി / പത്ര / പുസ്തക വായനകളിലെല്ലാം ബഹുസ്വരതയുടെ സന്ദേശങ്ങൾ എത്തേണ്ടതുണ്ട് .ഞാനും എൻ്റെ പാർടിയും മാത്രം ശരി എന്നതിന് പകരം എതിരഭിപ്രായത്തെ മാനിക്കുകയും എതിരഭിപ്രായത്തിനു / അങ്ങിനെ സംസാരിക്കുന്നവർക്കും ഇടം നൽകി കൊണ്ട് പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ ഈ മാറ്റം സാദ്ധ്യമാവുകയുള്ളൂ . ജനാധിപത്യത്തിലേക്കുള്ള ഈ ചുവടു മാറ്റം നമ്മുടെ സ്വന്തം വീടിൻ്റെ ചുറ്റു വട്ടത്തു നിന്നും തുടങ്ങുകയും വേണം .ഫാസിസത്തിന് വളരാനുള്ള ശീലങ്ങൾ സമൂഹത്തി ൽ ഉണ്ടാക്കുന്നതിനു അധികാരത്തിനു വേണ്ടിയുള്ള നമ്മുടെ അടവ് തന്ത്രങ്ങൾ ( നുണ പ്രചാരണങ്ങൾക്കും ഹിംസക്കും തെരുവുകളുടെ ആധിപത്യത്തിനും നൽകുന്ന പ്രാധാന്യം ) കാരണമായിട്ടില്ലേ ? അധികാര രാഷ്ട്രീയത്തിന്റെ ഇരുണ്ട സാധ്യതകളാണ് നമ്മെ തുറിച്ചു നോക്കുന്നത് .സത്യം തുറന്നു പറയുന്നവന് അകത്തു നിന്നും പുറത്തു നിന്നും ചവിട്ടാണ് .അകത്തു നിന്ന് വാങ്ങണോ പുറത്തു നിന്ന് വാങ്ങണോ എന്ന് ഒരാൾക്ക് വേണമെങ്കിൽ തീരുമാനിക്കാം എന്ന ഒരു ഓപ്ഷൻ ഉണ്ട് .
അടൂർ തൻ്റെ സിനിമകളിൽ(എലിപ്പത്തായം ,കൊടിയേറ്റം , മതിലുകൾ,വിധേയൻ ) ഈ ഓപ്ഷനെ കുറിച്ച് വളരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട് എന്നതാണ് ഇരുപക്ഷങ്ങൾക്കും അദ്ദേഹം അനഭിമതനായിതുടരാൻ കാരണം .എന്ത് കൊണ്ടാണ് താങ്കളുടെ സിനിമകളിൽ( മതിലുകൾ,വിധേയൻ ) സംഘർഷങ്ങൾ , തൂക്കിക്കൊല്ലൽ പോലെയുള്ള രംഗങ്ങൾ ഒഴിവാക്കുന്നത് എന്ന ചോദ്യത്തിന് അടൂർ നൽകിയ മറുപടി ഞാൻ ഹിംസയെ വെറുക്കുന്നു എന്നാണ് . I hate violence . ഇത് ഒരു കലാകാരന് ഉള്ള സ്വാതന്ത്ര്യമാണ് .ആ സ്വാതന്ത്ര്യത്തെയാണ് ഫാസിസ്റ്റു മനസ്സുകൾ ഭയക്കുന്നത് .ഗാന്ധി വധത്തിനു ഏറെ വർഷങ്ങൾക്കു ശേഷവും ഗാന്ധിയുടെ വേഷം കെട്ടിച്ചു ആ രൂപത്തിന് നേരെ വെടിയുതിർത്തു ചോരയൊഴുക്കുന്നതായി കാണിച്ചു അർമാദിക്കുന്ന ആൾക്കൂട്ടങ്ങളെ നിർമ്മിക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന് ഉൾക്കൊള്ളാവുന്ന ഒരു സമീപനമല്ല ല്ലോ ഇത് .
No comments:
Post a Comment