സാമി ശരണം ,സാമി ശരണം .
സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുന്നു .
സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,
ഞാനെന്തു ഞാനാ ! സാമി ശരണം
തിന്നുന്നു ,ഞാൻ കാണുന്നു, കണ്ടതായി നടിക്കാതുറങ്ങുന്നു,
ചാനലും മൊബൈലും തിന്നു തീർത്ത ജീവിതക്കിടക്കയിൽ,
തിന്നുന്നു, കാണുന്നു, കണ്ടതൊന്നും കണ്ടതായി നടിക്കാ-
തുറങ്ങുമെന്നിലെയെന്നോടായ് പാടുന്നു, സാമി ശരണം.
ചതിയരുടെ ഹാക്കിംഗിൽ ലാപ് ടോപ്പിലേറിയ ,
കള്ളത്തെളിവുകളിലൊരു നീതിപീഠം
വീണ്ടും കുരിശിൽ തറച്ച കാരുണ്യമൂർത്തി,
ആ സ്റ്റാൻസാമിയെക്കുറിച്ചു ഞാൻ പാടുന്നു,
ഇതു പാടിയില്ലെങ്കിൽ ഞാനെന്തു ഞാനാ ! സാമി ശരണം.
സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ,
ഖനികളിലെയിരുട്ടു ഗുഹകളിൽ
പിടയുന്ന ബാല്യങ്ങളെ -
അവരുടെ യാതനകളെ കുറിച്ചു പാടുന്നു ,സാമി ശരണം.
സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ,
കാടിൻ്റെ മക്കളെയടിമകളാക്കുന്ന
കുടിലതകളെ വിറപ്പിച്ച
ശരണതന്ത്രങ്ങളെക്കുറിച്ചു പാടുന്നു.സാമി ശരണം.
സ്റ്റാൻസാമിയെക്കുറിച്ചു നാം പാടുമ്പോൾ,
"ഗോരക്ഷ "പ്പോരിലൊടുങ്ങും മനുഷ്യരെ,
അവരുടെ വിശപ്പിനെക്കുറിച്ചു പാടുന്നു .സാമി ശരണം.
സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ,
വിറയാർന്ന വിരലുകൾക്കിടയിലുറക്കാത്ത ഗ്ലാസിനും ,
അതിദാഹമുറയുന്ന പൗരൻ്റെ ചുണ്ടിനുമിടയിൽ
അമ്പതു ദിനങ്ങളുടെയിടവേളയിട്ടു
രസിച്ചർമാദിച്ചുല്ലസിച്ചോരുന്നത നീതിപീഠങ്ങൾക്കും
അവരുടെ തടവറകൾക്കും
പിന്നത്തെ സ്തുതി വചനങ്ങൾക്കും ......................സാമി ശരണം.
തടവറയിൽ കിടപ്പവർ നമ്മൾ ,ചുറ്റിലെ
കാരിരുമ്പഴികൾ കാണാത്തവർ നാമിന്നും ,
തടവെന്തിനെന്നറിയാത്തോർ പലരും,
ഇതു തടവെന്നു പോലുമറിയാത്തവർ ചിലരും .
എങ്കിലുമീക്കൂട്ടിലൊന്നിച്ചു നാം പാടും ,
ഒരു നാൾ വരും, തുറസ്സിന്റെ നാളുകൾ ,
ചുവന്ന പ്രഭാതങ്ങൾ ,സാമി ശരണം .
മറ്റുള്ളവർക്കായ് സ്വയം ത്യജിച്ചവൻ സാമി ,
മന്നിലേഴകൾക്കായുയർന്നു ചുവന്നവൻ സാമി ,
കാണിയായ് മരിക്കാൻ മനസ്സില്ലാത്തവൻ സാമി ,
കളിയിതു കടുപ്പമെന്നറിഞ്ഞിട്ടും നിറമനസ്സോടെ കളിച്ചവൻ സാമി ,
സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,
ഞാനെന്തു ഞാനാ ! സാമി ശരണം
സാമി ശരണം .സാമി ശരണം .
സാമി ഭാരതഭൂവിന്നഭിമാനം .
സൂര്യനെപ്പോലുദിച്ചുയർന്നു മറഞ്ഞൊരാളെങ്കിലും
വീണ്ടുമുണ്ടാകും സൂര്യോദയങ്ങളും തുടുത്ത പ്രഭാതങ്ങളും .
സ്റ്റാൻസാമിയെ കുറിച്ചു നാം പാടിയില്ലെങ്കിൽ ,
തൂലികയെന്തിന് ! സാമി ശരണം
ചുവന്നു തുടുത്താണിരിക്കുന്നതെങ്കിലും
സൂര്യനമസ്‌കാരം വയ്യെന്ന് തോന്നുമോ ?
സാമി ശരണം .സാമി ശരണമെന്നു
വായിക്കുമ്പോഴെങ്കിലും
ചാണകത്തലകളിൽ
പൂനിലാവുദിക്കട്ടെ , വെളിച്ചം പരക്കട്ടെ
നഗ്നനേ നമ്മുടെ രാജാവെന്നു കാണട്ടെ,
നീതി പീഠങ്ങൾക്കു കാഴ്ച ലഭിക്കട്ടെ ,
വൈകിയ നീതി ,യതു നിഷേധിച്ച നീതി .
നീതിമാന്മാർക്കു ...................സാമി ശരണം .
സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുന്നു .
സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,
ഞാനെന്തു ഞാനാ ! സാമി ശരണം
- രാധാകൃഷ്ണൻ കണ്ണൂർ ; 5 / 7 / 2023
(അവലംബം -സ്റ്റാൻസാമിയുടെ ജീവിതത്തെ കുറിച്ച് സാജൻ എവുജിൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനം )
No comments:
Post a Comment