Sunday 19 March 2023

പഠനപരിമിതിയുള്ളവർക്ക് പിന്തുണാസംവിധാനം പദ്ധതി തുടരുന്നു

ചെറുപുഴ ഭവനരഹിതരില്ലാത്ത പഞ്ചായത്താകും;  ഭവനപദ്ധതിക്കായി 12 കോടി, മെൻസ്‌ട്രുൽ കപ്പ് വിതരണത്തിന് 20 ലക്ഷം രൂപ, നിലാവ് പദ്ധതിക്കായി 45 ലക്ഷം, ജനപ്രിയ തീരുമാനങ്ങളുമായി ചെറുപുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് 

ചെറുപുഴ : ചെറുപുഴ ഗ്രാമപ്പഞ്ചായത്തിൽ 25 സെന്റിൽ താഴെ ഭൂമിയുള്ള മുഴുവൻ ഭവനരഹിതർക്കും വീട് ലഭ്യമാക്കുന്നതിന് 2023-24 ലെ ബജറ്റിൽ 12 കോടി രൂപ വകയിരുത്തി. ഭവനരഹിതരില്ലാത്ത പഞ്ചായത്താവുകയാണ് ലക്ഷ്യം. ആകെ 72,04,69849 രൂപ വരവും 71,27,40,655 രൂപ ചെലവും 77,29,184 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അവതരിപ്പിച്ചത്.

റോഡുകളുടെ അറ്റകുറ്റപ്പണിക്കും റീടാറിങ്ങിനുമായി 3,07,54,000 രൂപയും പശ്ചാത്തല മേഖലയിൽ 1,70,00,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ജൈവവളത്തോടൊപ്പം നിയന്ത്രിതമായ തോതിൽ രാസവളവും ലഭ്യമാക്കും. മൃഗസംരക്ഷണം, ക്ഷീര വികസന മേഖലയിൽ 27 ലക്ഷം രൂപയും ജലസേചനത്തിനും കുടിവെള്ളത്തിനുമായി 41.90 ലക്ഷം രൂപയും വകയിരുത്തി. ‌തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി നിലാവ് പദ്ധതിയില്‍ 45 രൂപയും വകയിരുത്തി.


മാലിന്യ നിർമാർജനത്തിനും ശുചിത്വത്തിനുമായി 40 ലക്ഷം രൂപയും വനിത - ശിശുക്ഷേമത്തിന് 31.56 ലക്ഷം രൂപയും പോഷകാഹാര പദ്ധതി നടപ്പാക്കുന്നതിന് 25 ലക്ഷം രൂപയും പട്ടികജാതി, പട്ടികവർഗ വികസനത്തിനായി 45.50 ലക്ഷം രൂപയും വകയിരുത്തി. മെൻസ്‌ട്രുൽ കപ്പ് വിതരണത്തിന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കോലുവള്ളിയിൽ ഒരു പകൽവീട് നിർമിക്കും. പഠനപരിമിതിയുള്ളവർക്ക് പിന്തുണാസംവിധാനം എന്ന പുതിയ പദ്ധതിയും നടപ്പാക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷനായി.


സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണൻ, ഷാന്റി കലാധരൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എം. ഷാജി, മാത്യു കാരിത്താങ്കൽ, കെ.ഡി. പ്രവീൺ, രേഷ്മ വി. രാജു, സിബി എം. തോമസ്, ജോയ്സി ഷാജി പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

No comments: