ന്യായമായ നികുതിവിഹിതം കിട്ടണം
ഇന്ത്യ ലോകത്തിലെ അഞ്ചാമത് വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഔന്നത്യത്തിലെത്തുക മാത്രമല്ല കോവിഡനന്തരം വളർച്ചനിരക്കിൽ ഒന്നാമതെന്ന കീർത്തിനേടുകയും ചെയ്യുമ്പോഴും കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധത്തിലെ അസന്തുലിതത്വം ന്യൂനതയായി നിലനിൽക്കുന്നു. വികസനവുമായി ബന്ധപ്പെട്ട ധനവിതരണകാര്യത്തിൽ എല്ലാ സംസ്ഥാനത്തിനും തുല്യനീതിവേണമെന്ന ആവശ്യം എക്കാലത്തും ഏറക്കുറെ അവഗണിക്കപ്പെടാറാണ് പതിവ്. എന്നാൽ, കേന്ദ്രം പിരിച്ചെടുക്കുന്നതും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതുമായ നികുതിവരുമാനത്തിന്റെ വിതരണത്തിൽ ഇപ്പോഴത്തേതുപോലെ അസന്തുലിതത്വമുണ്ടായതായി മുമ്പ് ആരോപണമുണ്ടായിട്ടില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ച നികുതിവിഹിതം കേരളത്തിന്റെ കാര്യത്തിൽ വലിയ ശിക്ഷയായി മാറിയതായാണനുഭവം. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേന്ദ്രനികുതിവിഹിതമായി കേരളത്തിന് ലഭിക്കുക 19,397.85 കോടി രൂപമാത്രമാണ്.
ആകെ വിതരണം ചെയ്യുന്ന പത്തേകാൽ ലക്ഷത്തോളം കോടിയുടെ 1.92 ശതമാനം. പത്താം ധനകാര്യകമ്മിഷൻ 3.87 ശതമാനവും 14-ാം ധനകാര്യകമ്മിഷൻ 2.5 ശതമാനവും അനുവദിച്ചിടത്താണ് കുറഞ്ഞുകുറഞ്ഞ് ഇതിലേക്കെത്തിയത്. ഉത്തർപ്രദേശിന് 17.939 ശതമാനവും ബിഹാറിന് 10.05 ശതമാനവുമാണ് വിഹിതം. കേരളത്തെക്കാൾ ജനസംഖ്യ കുറഞ്ഞ അസമിന് 3.128, ത്സാർഖണ്ഡിന് 3.302, ഛത്തീസ്ഗഢിന് 3.407 ശതമാനം എന്നിങ്ങനെ വിഹിതമുണ്ട്. ജനസംഖ്യാവളർച്ച, പ്രതിശീർഷവരുമാനം, നികുതിവരുമാനം, ആയുർദൈർഘ്യം തുടങ്ങിയ മാനദണ്ഡങ്ങൾവെച്ച് വിഹിതം നിശ്ചയിച്ചപ്പോൾ കേരളത്തിന് അർഹിക്കുന്നത് നഷ്ടപ്പെടുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി ഇതേതോതിൽ നഷ്ടം സംഭവിക്കുന്നു. മാതൃഭൂമി ‘ക’ അന്താരാഷ്ട്രസാഹിത്യോത്സവത്തിൽ യു.എൻ. മുൻ അണ്ടർ സെക്രട്ടറികൂടിയായ ശശി തരൂർ എ.പി.യും ധനശാസ്ത്രജ്ഞനും തമിഴ്‌നാട് ധനമന്ത്രിയുമായ പളനിവേൽ ത്യാഗരാജനും നടത്തിയ സംവാദത്തിൽ കുടുംബാസൂത്രണലക്ഷ്യം കൈവരിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കാനുള്ള അവസരമായി കേന്ദ്രം ഉപയോഗപ്പെടുത്തുകയാണോ എന്ന ചോദ്യമുയർത്തിയത് പ്രസക്തമാണ്. 1971-ലെ ജനസംഖ്യയുടെ അനുപാതം മാനദണ്ഡമാക്കുന്നതിനു പകരം 14, 15 ധനകമ്മിഷനുകൾ 2011-ലെ ജനസംഖ്യയാണെടുത്തത്. തൊട്ടുമുമ്പത്തെ കാനേഷുമാരിയെ അപേക്ഷിച്ച് 2011-ൽ കേരളത്തിൽ 4.9 ശതമാനം മാത്രമാണ് ജനസംഖ്യാവളർച്ചയെങ്കിൽ അതിന്റെ നാലും അഞ്ചും മടങ്ങായിരുന്നു മറ്റു പല സംസ്ഥാനങ്ങളിലെയും വളർച്ച. പ്രതിശീർഷവരുമാനത്തിലും കേരളം മെച്ചപ്പെട്ട അവസ്ഥയിലാണ്. നികുതിവിഹിതം കുറയ്ക്കുന്നതിലേക്കാണിതെത്തിയത്.
2017-ൽ ചരക്ക്-സേവനനികുതി വന്നപ്പോൾ സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ കുറവുനികത്താൻ പ്രത്യേക സെസ് പിരിച്ചാണെങ്കിലും കേന്ദ്രം അനുവദിച്ച വിടവുനികത്തൽ ഗ്രാന്റ് കഴിഞ്ഞ ജൂണോടെ നിലച്ചു. അഞ്ചുവർഷംകൂടി അതുതുടരണമെന്ന് സംസ്ഥാനങ്ങളെല്ലാം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ജി.എസ്.ടി. കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിക്കണമെന്ന് നടപ്പാക്കുന്ന ഘട്ടത്തിൽത്തന്നെ വിദഗ്ധസമിതി ശുപാർശ ചെയ്തെങ്കിലും 60-40 അനുപാതത്തിൽ തുടരുകയാണ്. കേരളമടക്കം 14 സംസ്ഥാനങ്ങൾക്ക് 15-ാം ധനകാര്യകമ്മിഷൻ അനുവദിച്ച റവന്യൂകമ്മി ഗ്രാന്റ് അടുത്തവർഷത്തോടെ നിലയ്ക്കുകയുമാണ്. സാമ്പത്തികമേഖലയിലെ സഹകരണ ഫെഡറൽ തത്ത്വം കേന്ദ്രം വിസ്മരിക്കുകയാണെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ ആക്ഷേപിക്കുന്നത് പൂർണമായും അസ്ഥാനത്തല്ലെന്നാണിതെല്ലാം സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങൾക്ക് നേരിട്ട് പണമനുവദിക്കുന്നതിനുപകരം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേന്ദ്രം പദ്ധതികൾ ആവിഷ്കരിച്ച് എല്ലാ സംസ്ഥാനത്തും സംസ്ഥാനവിഹിതംകൂടി ചേർത്ത് നടപ്പാക്കാൻ നിർദേശിക്കുന്നത് പ്രായോഗികപ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത്തരം പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം നേരത്തേ 75 ശതമാനംവരെയുണ്ടായിരുന്നത് 40 ശതമാനംവരെയായി താഴ്ത്തുന്ന സ്ഥിതിയുമുണ്ട്. വാർധക്യകാലപെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിവ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെങ്കിലും ഒരാൾക്ക് മാസത്തിൽ 200 രൂപയെന്ന നിരക്ക് ഇതേവരെ പരിഷ്കരിച്ചില്ല. ബാക്കി കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാനത്തിൽ നിക്ഷിപ്തമാണ്. കേരളത്തിന്റെമാത്രം കാര്യത്തിലാണെങ്കിൽ ദേശീയപാത 66-ന്റെ സ്ഥലമെടുപ്പിനാവശ്യമായതിന്റെ നാലിലൊന്ന് തുകകൂടി സംസ്ഥാനം വഹിക്കണമെന്ന നിബന്ധനയുണ്ടായി. ഇതേവരെയുണ്ടായ നേട്ടങ്ങൾ നിലനിർത്തുന്നതിനും അടുത്തതലമുറ പരിഷ്കാരങ്ങൾ ഉറപ്പാക്കുന്നതിനും കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ന്യായമായ വിഹിതവും സഹായവും ലഭിക്കേണ്ടതുണ്ട്.-Mathrubhumi editorial 13/02/2023
No comments:
Post a Comment