credits to ALAKODE NEWS ..https://www.alakodenews.in/2023/02/blog-post_214.html
കരുവഞ്ചാൽ: ഭൂമിയിൽ വിള്ളലുണ്ടായ പാത്തൻപാറ കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സന്ദർശിച്ചു. സ്ഥിതി അതീവ ഗൗരവമുള്ളതെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കഴിഞ്ഞ മൂന്നാം തീയതിയാണ് പാത്തൻപാറ ക്വാറിയുടെ മുകൾ ഭാഗത്തായി വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് വിള്ളൽ ശ്രദ്ധയിൽപെട്ടത്. ഒന്നര കിലോമീറ്ററോളം നീളത്തിൽ രണ്ടു മീറ്ററോളം വീതിയിലുള്ള അഗാധ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മലയിൽനിന്നുള്ള വെള്ളമാണ് താഴ്വാരത്ത് കൃഷിക്കായി ഉപയോഗിച്ചിരുന്നത്. വെള്ളം ലഭിക്കാതായതോടെ പ്രദേശവാസിയായ ഷൈജു അന്വേഷിച്ച് ചെന്നപ്പോഴാണ് വിള്ളലുകൾ കണ്ടെത്തിയത്. ദിവസം കഴിയുന്തോറും വിള്ളലിന്റെ വലിപ്പവും വർധിക്കുന്നു. മഴ ശക്തിയായാൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. ഇതോടെ താഴെയുള്ള പാത്തൻപാറ, മൈലംപെട്ടി, വെള്ളാട്, കരുവഞ്ചാൽ പ്രദേശങ്ങളിലും കുപ്പം പുഴയുടെ തീരങ്ങളിലും ആശങ്ക വർധിച്ചു. പ്രദേശത്തെ സോയിൽ പൈപ്പിംഗ് പ്രതിഭാസവും ദുരന്ത സാധ്യത വർധിപ്പിക്കുന്നു.
2018 ഫെബ്രുവരിയിലാണ് പാത്തൻപാറയിലെ പ്രസ്തുത കരിങ്കൽ ക്വാറിക്ക് ജില്ലാതല പാരിസ്ഥിതികാഘാത നിർണയ അഥോറിറ്റി പ്രവർത്തനാനുമതി നൽകിയത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മുൻനിർത്തി അനുമതി നൽകരുതെന്ന് വിവിധ സംഘടനകൾ അന്നു തന്നെ വാദിക്കുകയും അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. അതിതീവ്ര ദുരന്ത സാധ്യതയുള്ള പ്രദേശത്തോട് ചേർന്ന് മോഡറേറ്റ് സോണിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിയുടെ പ്രവർത്തനം സമീപത്തെ വീടുകൾക്ക് കേടുപാടുകൾ വരുത്തിയിരുന്നു. എന്നാൽ വീട് പണിയിലെ അപാകതയാണ് പ്രശ്നത്തിന് കാരണമെന്നാണ് അധികൃതർ അന്ന് പറഞ്ഞിരുന്നത്.
2018ലെയും 2019ലെയും ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലും ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ അഥോറിറ്റിക്കും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ക്വാറിക്ക് ഈ മാസം 22 വരെയായിരുന്നു പ്രവർത്തനാനുമതിയെങ്കിലും കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2024 ഫെബ്രുവരി വരെ അനുമതി നീട്ടി നൽകി. പ്രദേശത്ത് വിള്ളലുകൾ കണ്ടെത്തിയതോടെ ക്വാറിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
ഇവിടെയുണ്ടായിരുന്ന കരിങ്കല്ലുകൾ ആലക്കോട് അരങ്ങത്തേക്ക് മാറ്റി. പാത്തൻപാറ ക്വാറിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിൽ പാറ്റാകളം, മഞ്ഞുമല, മാവുംചാൽ എന്നിവിടങ്ങളിൽ നിലവിൽ നാലു ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, നെല്ലിക്കുന്ന്, കനകക്കുന്ന്, അരങ്ങ് എന്നിവിടങ്ങളിൽ പുതിയ ക്വാറികൾക്കായുള്ള അപേക്ഷകളും നൽകിയിട്ടുണ്ട്. ഇത്രയധികം ക്വാറികൾ പ്രദേശത്തെ മലനിരകൾക്കു താങ്ങാൻ കഴിയുമോയെന്നതും സംശയമാണ്.
ക്വാറിയുടെ പ്രവർത്തനം കാരണം പാത്തൻപാറയിലെ അങ്കണവാടി കെട്ടിടത്തിലും വിള്ളലുകൾ സംഭവിച്ചിരുന്നു. ഇതോടെ പ്രശ്നത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ട് കേസെടുക്കുകയും ചെയ്തു. എന്നാൽ അങ്കണവാടി മാറ്റി സ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകിയതായി നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് അങ്കണവാടി പ്രവർത്തിക്കുന്പോൾ ക്വാറിയുടെ പ്രവർത്തനം സാധ്യമാകില്ലെന്നിരിക്കേ അങ്കണവാടി മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ക്വാറി വീണ്ടും തുറക്കുന്നതിനു വേണ്ടിയാണെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
സോയിൽ പൈപ്പിംഗ് പ്രതിഭാസം നിലനിൽക്കുന്നതിനാൽ നടുവിൽ, വെള്ളാട് വില്ലേജുകളുടെ ഭൗമ സവിശേഷതകളെ വിശദമായി പഠിക്കേണ്ടതുണ്ട്. മുമ്പ് കൊട്ടത്തലച്ചിമലയിലെ സോയിൽ പൈപ്പിംഗ് സാന്നിധ്യം കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പഠിച്ചിരുന്നു. പുളിങ്ങോം, തിരുമേനി വില്ലേജുകളിൽ നിലവിലുള്ള ഖനന ലൈസൻസുകൾ റദ്ദാക്കണമെന്നും പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്നും അന്നത്തെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. അത്തരത്തിൽ വിശദമായ ശാസ്ത്രീയ പഠനത്തിന്റെ അഭാവത്തിൽ പത്തൻപാറ ക്വാറിയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെങ്കിലും ഖനാനുമതി നൽകാതിരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment