Friday 2 July 2021

അടിമ ജീവിതം (21 / 4 / 2020 )

 അടിമ ജീവിതം  (21 / 4 / 2020 )

 *********************


ഭരണയന്ത്രത്തിനു കൊറോണക്കാലം, 

മദകരമൊരുൾപ്പുളകകാലം, 

ചിലപ്പോഴെങ്കിലും.


ഒരു വിരൽഞൊടിക്കലിലണഞ്ഞു 

ദില്ലിയിൽ തീനാളങ്ങളെങ്ങു-

മൊതുക്കവും കിതപ്പും ഭയവും മാത്രം. 


ഒരു കൊട്ടിയടക്കലിൽ നിസ്വരുടെ പലായനം, 

ഒരു വടി ചുഴറ്റുമ്പോൾ  വെൺപ്രാവുകൾ പറക്കുന്നു. 

ഒരു വിസിൽ മതി ഭ്രാന്തനൃത്തങ്ങൾ പിറക്കുവാൻ , 

ഭരണകൂടക്കരങ്ങളിൽ മാന്ത്രികന്റെ കയ്യടക്കം,

"ഗോ  കൊറോണ "പ്പാട്ടിൽ ജനമൊറ്റ മുയലായി, 

ഒരു പേടകത്തിനുള്ളിലേറുന്നു, 

പിന്നെ മാനത്തുയരുന്നു, 

പല ചൂട്ടിൻതിളക്കങ്ങൾ ! 


ഭയത്തിന്റെ മതിലുകൾ, 

താനെ മുളക്കുന്നുറക്കുന്നുണ്ടാ-

 മതിലുകൾക്കപ്പുറമൊളിക്കുന്നു, 

മാനവനും ശുനകനും,

 ഒതുക്കത്തൊടൊരേ-

 വണക്കത്തൊടെത്തി നോക്കു-

ന്നറിയിപ്പു കേട്ടുൾവലിയുന്നു, 

ഒന്നു പുളകിതരാവുന്നുടുപ്പിട്ട കരുത്തുകൾ !

 

അതുപൊലെ പൂത്തൊരതിപുളക നിമിഷത്തി-

ലേത്തമിടൽ പിറക്കുന്നു, 

പൗരനു പുറത്തടി ലഭിക്കുന്നു , 

നിരീക്ഷണ ഡ്രോണുകളുയരുന്നു, 

ചെറുമീൻചൂണ്ടകൾ നോറ്റ  ചെറു ബാല്യങ്ങൾ 

വലിയ പക്ഷിയെക്കണ്ടു വിറയോടെ 

 നാലു  പാടും ചിതറുന്നു, 

രാജപൊതകളിലുയരുന്ന മൺചിറകൾ, 

കാട്ടുവഴികളിൽ പൊലിയുന്ന ശ്വാസങ്ങൾ, 

തോളിലുടക്കുന്ന മുനയുള്ള ബയണറ്റ്.

വെറും ഭ്രാന്തൻ  കിനാവല്ല,

 വിചിത്രമിക്കാലത്തെ   ജനാധിപത്യം. !


നീയിതറിയുന്നോ  ഭ്രാന്താ, 

നിയന്ത്രണക്കാലമാണേ ,

ഭക്ഷണപ്പൊതിയഴിക്കൂ  ,

പശിമാറ്റിപ്പതുങ്ങിക്കോ , 

തീർന്നു നിന്റെ ചാലുവെപ്പ് , 

കുതിക്കേണ്ട,

 കുതറേണ്ട, 

ചിലക്കേണ്ട, 

നിനക്കായ്   ,

എനിക്കായ്   ,

നമുക്കായീ -

ച്ചങ്ങലപ്പൂട്ട്.

*************

-രാധാകൃഷ്ണൻ, കണ്ണൂർ 

No comments: