ഞാൻ തനിയേ (എൻ്റെ കേരളയാത്രകൾ-1 )
2025 ഒക്ടോബർ 4 നു വൈകുന്നേരം 4 മണിക്ക് ഞാൻ തനിയേ തുഞ്ചൻ പറമ്പ് സന്ദർശിച്ചു.എഴുത്തച്ഛന് പ്രണാമമർപ്പിച്ചു .
തിരൂർ ബസ്സ്റ്റാൻഡിൽ നിന്നും കുറ്റിപ്പുറം ബസ്സിൽ കയറി പൂങ്ങോട്ടുകുളം സ്റ്റോപ്പിൽ ഇറങ്ങുക .കൂട്ടായിലുള്ള റോഡിൽ 400 മീറ്റർ നടന്നാൽ എത്താം. .മലയാളികൾ നിശ്ചയമായും പോയിരിക്കേണ്ട സ്ഥലങ്ങളിൽ പ്രധാനമാണ് ഇത്.മൊബൈൽ ഫോട്ടോ എടുക്കാനായാലും 50 രൂപ വാങ്ങും .മറ്റു ഫീസ് ഇല്ല .
നവരാത്രി ആഘോഷം കഴിഞ്ഞു പന്തലിറക്കുന്ന അസമയത്താണ് എൻ്റെ സന്ദർശനം .അത് കൊണ്ടാവണം ഈ സ്മാരകം അലസതാ വിലസിതമായാണ് അനുഭവപ്പെട്ടത് .പുസ്തകപ്പുര പാലകനും പകലുറക്കത്തിലാണ് .ഗവേഷണകേന്ദ്രം അടച്ചു പൂട്ടിക്കിടക്കുന്നു .സന്ദർശക ഡയറിയോ , ബ്രോഷറുകളോ ഒന്നും കിട്ടിയില്ല .
"മലയാള ഭാഷയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ കവിയുടെയും സാംസ്കാരിക ഉത്തേജകന്റെയും ബഹുമാനാർത്ഥം കേരളത്തിലെ ജനങ്ങൾ ഉയർത്തിയ സാംസ്കാരിക ഗവേഷണ കേന്ദ്രമാണ് തുഞ്ചൻ മെമ്മോറിയൽ. പതിനാറാം നൂറ്റാണ്ടിൽ കവി താമസിക്കുകയും പഠിപ്പിക്കുകയും ചെയ്ത വീടും ഓപ്പൺ എയർ സ്കൂളും ഉള്ള അതേ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്."(-FROMhttps://thunchanmemorial.com/ )
മലയാള സാഹിത്യ മ്യൂസിയം 20 രൂപ കൊടുത്ത് അകത്തു കയറി മലയാള സാഹിത്യ നായകരുടെ സാന്നിദ്ധ്യം അനുഭവിച്ചു .
ഇഷ്‍ടപ്പെട്ടു .എഴുത്തച്ഛന്റെ 2 വരികൾ എങ്കിലും ശ്രദ്ധേയം ആയി കൊടുത്തു കണ്ടില്ല .മലയാള ഭാഷയുടെ പിതാവിനുള്ള സ്മാരകം ഇങ്ങനെ പോരാ .എഴുത്തച്ഛനെ വായിക്കാത്തവർക്കു പോലും ആ ജീവിതത്തേയും ചിന്തകളേയും കാഴ്ചപ്പാടിനേയും സാഹിത്യസൃഷ്ടികളേയും മറ്റു നാടുകളിൽ നിന്നുള്ളവർക്കു പോലും നന്നായി പരിചയപ്പെടുത്തുന്ന ധാരാളം ദൃശ്യങ്ങളും ഓഡിയോകളും ചിത്രങ്ങളും ഉണ്ടാകണം .ഡിജിറ്റൽ അവതരണങ്ങളുടെ സാദ്ധ്യതകൾ കൂടുതൽ ഉണ്ടാകണം .
എഴുത്തച്ഛനെ കുറിച്ച്കൂടുതൽ വിവരങ്ങൾക്ക് https://thunchanmemorial.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക എന്നൊരു വിവരമെങ്കിലും സന്ദർശകരുടെ ശ്രദ്ധയിൽ പെടുന്ന വിധത്തിൽ എഴുതിവെക്കാമായിരുന്നു .
"ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജന്മം കൊണ്ട് പാവനമായ വെട്ടത്തുനാട്ടിലെ തുഞ്ചന്‍ പറമ്പിലാണ് തുഞ്ചന്‍ സ്മാരകം യദാർത്ഥമായിരിക്കുന്നത്. തുഞ്ചന്‍ പറമ്പില്‍ ജനിക്കുകയും ചിറ്റൂരില്‍ മരിക്കുകയും ചെയ്ത ആചാര്യനെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ പേര്, ജാതി, കൃതികള്‍ എന്നിവയെ സംബന്ധിച്ചൊക്കെ അഭിപ്രായഭേദങ്ങളുണ്ടെങ്കിലും മലയാളഭാഷയ്ക്ക് ക്രമക്കണക്കുണ്ടാക്കി അടിത്തറയിട്ടയാളെന്നതില്‍ ആര്‍ക്കും സംശയലേശമില്ല." എന്ന്
https://thunchanmemorial.com/ എന്ന വെബ്സൈറ്റിൽ എഴുത്തച്ഛനെ കുറിച്ച് എഴുതിയത് പോലും അക്ഷരത്തെറ്റോടെയാണ് .
"കൊച്ചുകുട്ടികൾക്ക് മലയാളം പഠിപ്പിക്കുന്നതിനുള്ള പരമ്പരാഗത തൊഴിൽ തുഞ്ചന്റെ കുടുംബം പരിശീലിച്ചിരുന്നു. തുഞ്ചനും ജ്യേഷ്ഠനും ഈ തൊഴിൽ പിന്തുടർന്നു. അദ്ദേഹത്തിന്റെ ഹരിനമീകീർഥനം , ഇരുപതിനാലു വൃത്തം എന്നിവ ഈ ആവശ്യത്തിനായി രചിച്ചതാകാം. തുടർന്ന് തുഞ്ചൻ ജ്യേഷ്ഠന്റെ അനുമതി വാങ്ങി വേദാന്തത്തിന്റെ തത്ത്വചിന്തയും തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളും പഠിക്കാൻ തമിഴ്‌നാട്ടിലേക്ക് പോയി. ഈ പര്യടനത്തിൽ നിന്ന് മടങ്ങിയെത്തിയതിനു ശേഷമാണ് തുൻചത്ത് എഴുതച്ചൻ കാവ്യാത്മക രചനകളിൽ ഏർപ്പെട്ടത്."
എത്ര അശ്രദ്ധയോടെയാണ് ഈ വെബ്സൈറ്റിലെ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത് എന്ന് നോക്കുക .എഴുത്തച്ഛൻ ഹരിനമീകീർഥനം എന്ന പുസ്തകമാണത്രേ എഴുതിയത് ! .ഈ സ്ഥാപനത്തിന്റെ അധികാരികൾ ഭാഷയോട് പോലും വേണ്ടത്ര കൂറ് കാണിക്കുന്നതായി അനുഭവപ്പെടുന്നില്ല .
"വാർദ്ധക്യത്തിൽ ഒരു വിശുദ്ധ ജീവിതം തെരഞ്ഞെടുത്ത എതുത്തച്ചൻ, തനിക്ക് പരിചിതമായ ചുറ്റുപാടുകൾ ഉപേക്ഷിച്ച് പാലക്കാടിയിലെ ചിറ്റൂരിലേക്ക് മാറി ഏതാനും വർഷങ്ങൾക്ക് ശേഷം അന്തരിച്ചു." എന്തൊരു അപമാനകരമായ വിവരണമാണിത് ?
ഇതൊക്കെ ശ്രദ്ധിക്കേണ്ട കസേരകളിൽ ഏതു ഉറക്കംതൂങ്ങികളാണ് ഞെളിഞ്ഞിരിക്കുന്നത് ?
സാഹിത്യ വിദ്യാർത്ഥികൾക്ക് വീണ്ടും വീണ്ടും വരാനും ഓരോ വരവിലും പുതിയ കാര്യങ്ങൾ ഉൾകൊള്ളാനും ഓരോ സന്ദർശകനും ഒരു വരിയെങ്കിലും കുറിക്കാനുമുള്ള സ്പന്ദിക്കുന്ന ഒരു ഇടമായി ഇവിടം മാറേണ്ടതുണ്ട് .
ഇപ്പോൾ വെറുമൊരു പാർക്കായും ചിലപ്പോൾ സാഹിത്യ സമ്മേളന സ്ഥലമായും മിക്കവാറും ഉത്സവപ്പറമ്പായും മാറുന്ന ഇവിടം പലപ്പോഴും താപ്പാനകൾക്കു ഉച്ച മയക്കത്തിനുള്ള കേന്ദ്രമായിരിക്കുന്നു .
മാറ്റുവിൻ തുഞ്ചൻ പറമ്പിനെ -
അല്ലായ്കിൽ അതു പിതൃനിന്ദക്കു സമാനമാകും
- രാധാകൃഷ്ണൻ സി .കെ
മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്‍ഥലമാണ് തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാര എന്ന സ്ഥലം. "തുഞ്ചൻ പറമ്പ്" (ഇംഗ്ലീഷ്: Thunjan Parambu or Thunchan Parambu) എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു.
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്.
എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.
അദ്ദേഹം, പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം.(SOURCE:WIKIPEDIA)
ഈ സ്ഥലം സന്ദർശിച്ചപ്പോൾ എന്റെ മനസ്സിൽ പ്രതിധ്വനിച്ച ഒരു ഗാനം
No comments:
Post a Comment