Tuesday, 24 May 2022

‘ഇന്ത്യയിൽ ആധുനികയുഗം ഉദ്ഘാടനംചെയ്ത മഹാൻ’

 മേയ് 22-നായിരുന്നു രാജാ റാം മോഹൻ റോയിയുടെ ജന്മദിനം

നവോത്ഥാനനായകൻ

‘ഇന്ത്യയിൽ ആധുനികയുഗം ഉദ്ഘാടനംചെയ്ത മഹാൻ’ എന്ന് മഹാകവി ടാഗോർ വിശേഷിപ്പിച്ച രാജാറാം മോഹൻറോയ് 1772 മേയ് 22-ന് ബംഗാളിലെ ഹുഗ്ളി ജില്ലയിലാണ് ജനിച്ചത്. ഹിന്ദുമതവിശ്വാസിയായിരുന്നെങ്കിലും ഇസ്‌ലാം, ക്രൈസ്തവ മതതത്ത്വങ്ങളും അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചു.

സതി, ബഹുദൈവാരാധന, വിഗ്രഹാരാധന, മൃഗബലി, അയിത്തം, ശൈശവവിവാഹം എന്നിവയെ ശക്തമായി എതിർത്തു. മതങ്ങൾക്കതീതമായി എല്ലാ മനുഷ്യരിലും ഒരേ ചൈതന്യം കുടികൊള്ളുന്നുവെന്ന്‌ വിശ്വസിച്ചു. ഏകദൈവ വിശ്വാസിയായിരുന്നു. ദൈവാരാധനയ്ക്ക്‌ കൃത്യമായ സ്ഥലമോ സമയമോ വേണമെന്ന് വിശ്വസിച്ചില്ല.

വേദങ്ങൾ, ഉപനിഷത്തുകൾ, ഖുർആൻ, ബൈബിൾ എന്നിവ പഠിച്ചു. ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത് എന്നിവ ബംഗാളിയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി. ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യപ്രചാരകരിൽ ഒരാളായിരുന്നു. കൊൽക്കത്തയിൽ സ്വന്തം ചെലവിൽ അദ്ദേഹം നടത്തിയ സ്കൂളിൽ യന്ത്രനിർമാണശാസ്ത്രവും വോൾട്ടയറുടെ തത്ത്വചിന്തയും പഠിപ്പിച്ചിരുന്നു. ഇംഗ്ലീഷ്, ബംഗാളി, സംസ്കൃതം, പേർഷ്യൻ, അറബി, ഹിബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു. 1833 സെപ്റ്റംബർ 27-ന്‌ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ അന്തരിച്ചു.

ബ്രഹ്‌മസമാജം

ഹിന്ദുമതത്തെ ശുദ്ധീകരിക്കുകയും ഏകദൈവവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജാറാം മോഹൻ റോയ് 1828 ഓഗസ്റ്റ്‌ 20-ന് ബ്രഹ്‌മസമാജം സ്ഥാപിച്ചു. ബ്രഹ്‌മസമാജത്തിന്റെ അടിസ്ഥാന ആശയമായ സാമൂഹികപരിഷ്കരണം, വിദ്യാഭ്യാസാവകാശം, ലിംഗസമത്വം തുടങ്ങിയവ പിൽക്കാലത്ത്‌ സമൂഹം ഉൾക്കൊണ്ടു.

സതി

സ്വന്തം സഹോദരന്റെ ചിതയിലേക്ക്‌ അദ്ദേഹത്തിന്റെ യുവതിയായ ഭാര്യയെ ബലം പ്രയോഗിച്ച്‌ എടുത്തെറിയുന്നത്‌ നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നിരുന്നു റാം മോഹന്‌. ആ ദാരുണസംഭവമാണ്‌ സതി എന്ന ദുരാചാരത്തിനെതിരേ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്‌. ഈ പ്രാകൃതാചാരം ഇല്ലായ്മ ചെയ്യുമെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. സതി നിരോധിക്കുന്നത് ശ്രുതികൾക്കും സ്മൃതികൾക്കും എതിരല്ലെന്ന് വാദിച്ചു. 1829 ഗവർണർ ജനറൽ വില്യം ബെനഡിക്ട് സതി നിരോധിച്ച് നിയമം പാസാക്കി.

Sunday, 1 May 2022

തൊഴിലെവിടെ സർക്കാരെ ?

തൊഴിലെവിടെ സർക്കാരെ ?

(യു.എൻ.ഡി.പി. ഏഷ്യാ പസഫിക്‌ സീനിയർ അഡ്വൈസർ ആണ്‌ ലേഖകൻ)

ജി. പ്രമോദ് -mathrubhumi may 1



മുമ്പുള്ളതിനെക്കാളേറെ പുതിയ തൊഴിലില്ലായ്മയെ സങ്കീർണമാക്കുന്നത് മറ്റുവഴിയില്ലാതെ, നിരാശരായി ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിതേടൽ നിർത്തിയെന്നതാണ്. ഇന്ത്യയുടെ തൊഴിൽരംഗത്തെ വർഷങ്ങളായി പിന്തുടരുന്ന സി.എം.ഐ.ഇ. (CMIE-സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി) ഈ വർഷം പുറത്തിറക്കിയ പഠനമനുസരിച്ച് 2017-‘22 കാലഘട്ടത്തിൽ രാജ്യത്തെ ജോലിയില്ലാത്തവരുടെ കണക്കിൽ ആറുശതമാനത്തിന്റെ, അഥവാ 66 ലക്ഷം പേരുടെ, ഇടിവുവന്നിട്ടുണ്ട്. ഈ പഠനത്തെ അപഗ്രഥിച്ച് സി.എം.ഐ.ഇ.യുടെ തലവൻ മഹേഷ് വ്യാസ് എഴുതിയതുപ്രകാരം, 66 ലക്ഷം പേർക്ക് പുതുതായി ജോലികിട്ടിയതുകൊണ്ടല്ല ഇതുസംഭവിച്ചത്. മറിച്ച്, ഗത്യന്തരമില്ലാതെ അവർ ജോലിതേടുന്നത് നിർത്തിയതുകൊണ്ടാണ്. ജോലിതേടാത്തവർ തൊഴിൽരഹിതരുടെ കണക്കിൽപ്പെടുകയില്ലല്ലോ. ഇന്ത്യൻ ചെറുപ്പക്കാർ തൊഴിൽരംഗത്ത് നേരിടുന്ന ഈ തീവ്രനൈരാശ്യം പുതിയ അപായസൂചനയാണ്. ജോലിനേടാൻ യോഗ്യതയുള്ള സ്ത്രീകളിൽ ഒമ്പതുശതമാനംപേർക്കുമാത്രമാണ് ഇപ്പോൾ എന്തെങ്കിലും തൊഴിൽ ലഭിക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളും ജോലിതേടുന്നത് അവസാനിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യം നേരിടുന്ന സങ്കീർണമായ പ്രശ്നമാണ് ഉയർന്നുവരുന്ന തൊഴിലില്ലായ്മ. കേന്ദ്രസർക്കാർ പലതരത്തിലും ഖണ്ഡിക്കാൻ ശ്രമിച്ചെങ്കിലും 2012-‘18ലെ നാഷണൽ സാംപിൾ സർവേ ഓർഗനൈസേഷന്റെ (N.S.S.O.) തൊഴിലില്ലായ്മക്കണക്ക് വളരെ വ്യക്തമായി സൂചിപ്പിച്ചതും ഇതുതന്നെയായിരുന്നു. 45 വർഷത്തെ ഏറ്റവും മോശമായ തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് രേഖപ്പെടുത്തിയ എൻ.എസ്‌.എസ്‌.ഒ. റിപ്പോർട്ട് സർക്കാർ പിടിച്ചുവെക്കുകയും മറുകണക്കുകൾ ഉദ്ധരിച്ചുകൊണ്ട് യഥാർഥത്തിൽ തൊഴിലവസരങ്ങൾ വർധിക്കുകയാണ് ചെയ്തതെന്ന് സമർഥിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഏതാണ്ട് രണ്ടുകോടി ജനങ്ങൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവും എന്നാണ് സി.എം.ഐ.ഇ. അന്ന് പറഞ്ഞത്. അതിനുശേഷംവന്ന, രണ്ടുവർഷത്തിലേറെ നീണ്ടുനിന്ന കോവിഡ് മഹാമാരിയും അതോടൊപ്പമുണ്ടായ സാമ്പത്തികത്തകർച്ചയും സാഹചര്യം കൂടുതൽ മോശമാക്കാനേ വഴിയുള്ളൂ. ഇപ്പോൾ കണക്കുകൾ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.

വളർച്ചമാന്ദ്യം തൊഴിലിനെ തളർത്തുമ്പോൾ

രണ്ട് കോവിഡ് തരംഗങ്ങളാൽ ഇന്ത്യയുടെ ജി.ഡി.പി. കുറഞ്ഞപക്ഷം 12 ശതമാനവും നിർമാണരംഗത്തെ വളർച്ച 20 ശതമാനവും കുറഞ്ഞിട്ടുണ്ടാവുമെന്നാണ് സാമ്പത്തികവിദഗ്ധർ കണക്കാക്കുന്നത്. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. 85 ശതമാനം ജനങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടാവുകയും കുറഞ്ഞത് അഞ്ചുകോടി ജനങ്ങളെങ്കിലും കൊടിയ ദാരിദ്ര്യത്തിൽപ്പെട്ടു പോയിട്ടുമുണ്ടാവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെന്റർ ഫോർ ഇക്കണോമിക് ഡേറ്റ എന്ന സ്ഥാപനത്തിന്റെ പഠനപ്രകാരം അഞ്ചുവർഷത്തിൽ ചെറുപ്പക്കാരുടെ ജോലികളിൽ മുപ്പതുശതമാനത്തിന്റെ ഇടിവുണ്ടായി. നോട്ടുനിരോധനവും പിന്നാലെവന്ന ജി.എസ്.ടി.യും അതിനുശേഷം വന്ന രണ്ട്‌ കോവിഡ് തരംഗങ്ങളുമാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാവാൻ കാരണം. കോവിഡ് കാലത്തുണ്ടായ സാമ്പത്തികത്തകർച്ചയിൽനിന്ന്‌ കഷ്ടിച്ച് കരകയറാനുതകുന്ന തരത്തിലുള്ള സാമ്പത്തികവളർച്ച രാജ്യം നേടിയെങ്കിലും എട്ടരശതമാനം നെഗറ്റീവ് വളർച്ചയിൽനിന്ന്‌ ഈ സാമ്പത്തികവർഷത്തിൽ നാം നേടുമെന്ന് പ്രതീക്ഷിക്കുന്ന ഏഴരശതമാനം വളർച്ചയിലേക്ക് ഇനിയും ധാരാളം ദൂരമുണ്ട്. അതോടൊപ്പമുള്ള സങ്കീർണമായ ചോദ്യം, ഈ വളർച്ച എത്രത്തോളം പുതിയ ജോലിസാധ്യതകൾ സൃഷ്ടിക്കുമെന്നതാണ്.

തൊഴിൽകിട്ടാത്തത്‌ ആർക്ക്

ഇത്രയും മോശമായ കാലത്തും ഇൻഫർമേഷൻ ടെക്‌നോളജി ജോലികളിലും അതുമായി ബന്ധപ്പെട്ട സർവീസസ് മേഖലയിലും വലിയ വളർച്ചയും ശമ്പളവർധനയും ഉണ്ടായിരിക്കു​െന്നന്നത് കൗതുകകരമാണ്. അതുകൊണ്ടാണ് മധ്യവർഗ-ഉപരിവർഗ ജനതയ്ക്ക് രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയെപ്പറ്റി അധികം അറിവില്ലാതെ പോകുന്നത്. ജോലി ലഭിക്കാത്തത് അവിദഗ്ധരും അർധവിദഗ്ധരുമായ ചെറുപ്പക്കാർക്കാണ്. അവരാണ് തൊഴിലില്ലാത്ത ജനലക്ഷങ്ങളിൽ ഏറിയ പങ്കും.

ലക്ഷക്കണക്കിനുവരുന്ന ഇത്തരം ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനാവുന്ന ലേബർ ഇന്റൻസീവായ ബൃഹത്തായ വ്യാവസായിക നിർമാണ പ്രവർത്തനങ്ങളാണ് വേണ്ടത്. ഇപ്പോൾ കേന്ദ്രസർക്കാർ നാടെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ ധാരാളം അവിദഗ്ധ തൊഴിലാളികൾക്ക് ജോലി നൽകുമെന്നതിൽ സംശയമില്ല. പക്ഷേ, ഇന്ത്യയുടെ എണ്ണത്തെ നേരിടാൻ ചൈനയിലെയൊക്കെയുള്ളപോലെ ഫാക്ടറികൾ വരേണ്ടിയിരിക്കുന്നു. കേന്ദ്രസർക്കാർ അടുത്തിടെ പ്രഖ്യാപിച്ച പി. എൽ.ഐ.എസ്‌.(P.L.I.S.-Production Linked Incentives Schemes) പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത് നല്ലതുതന്നെ. ആപ്പിൾപോലുള്ള ലോകത്തെ വലിയ കമ്പനികൾ ഇത്തരം പദ്ധതികളുടെ ഭാഗമായി ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. പക്ഷേ, അതും സാങ്കേതികവൈദഗ്ധ്യമുള്ളവർക്കുമാത്രമേ ഉപകാരപ്രദമാവൂ. നമ്മുടെ നാട്ടിലെ ഭൂരിപക്ഷവും ഒരു സ്കില്ലുമില്ലാത്ത ദരിദ്രരാണ്. വിയറ്റ്‌നാം, ലാവോസ്, കംബോഡിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് ആഗോളമാർക്കറ്റിനുവേണ്ടിയുള്ള ചൈനീസ് രീതിയിലുള്ള നിർമാണം സാധ്യമാവുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കാവില്ല? സി.എം.ഐ.ഇ.യുടെ പഠനം പറയുന്നത് കുറഞ്ഞത് 90 ലക്ഷം കാർഷികേതര നിർമാണജോലികളെങ്കിലും ഇന്ത്യയിൽ സൃഷ്ടിക്കേണ്ടിയിരിക്കുന്നു എന്നാണ്. കൃഷിയുടെ നിലനിൽപ്പിനും കാർഷികേതര ജോലികൾ ആവശ്യമാണെന്നാണ് എഫ്‌.എ.ഒ. ഉൾപ്പെടെയുള്ളവരുടെ ആഗോളപഠനങ്ങളും കാണിക്കുന്നത്.

ഗതികേടിന്റെ നേർക്കാഴ്ചകൾ

രാജ്യവ്യാപകമായ ധാരാളം ചെറുകിട, ഇടത്തരം വ്യവസായങ്ങളുൾപ്പെടെയുള്ള വൻകിട സ്വകാര്യ നിക്ഷേപങ്ങളിലൂടെമാത്രമേ ലക്ഷക്കണക്കിന് തൊഴിൽരഹിതർക്ക് ഇത്തരത്തിലുള്ള അവസരങ്ങളൊരുക്കാനാവൂ. ഇക്കാര്യത്തിൽ മൻമോഹൻ സിങ്‌ നേതൃത്വം നൽകിയ തൊണ്ണൂറുകളിലെ സുവർണകാലത്തേക്കും 2002 മുതലുള്ള റെക്കോഡ്‌ വളർച്ചയുടെ ദശകത്തിലേക്കും നമ്മൾ തിരിച്ചുപോകേണ്ടിയിരിക്കുന്നു. സ്വകാര്യരംഗത്ത് ജോലികളില്ലാതാവുമ്പോഴാണ് ജനങ്ങൾ സർക്കാർ ജോലികൾക്കായി കടിപിടി കൂടുന്നത്. തമിഴ്നാട്ടിൽ 9500 ഗുമസ്തജോലിക്കായി 1000 പി.എച്ച്‌.ഡിക്കാർ ഉൾപ്പെടെ 20 ലക്ഷം പേർ അപേക്ഷിക്കുന്നതും യു.പി.യിൽ 62 പ്യൂൺ ജോലിക്കായി 3700 പി.എച്ച്‌.ഡിക്കാർ തള്ളിക്കയറുന്നതും ബിഹാറിൽ റെയിൽവേ ഉദ്യോഗാർഥികൾ പോലീസുമായി പോരാട്ടത്തിലേർപ്പെടുന്നതുമൊക്കെ രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ആശയറ്റ ഗതികേടിന്റെ നേർച്ചിത്രങ്ങളാണ്. ഇതൊരു ദേശത്തിന്റെ മുഴുവൻ അധാർമികതയാണ്. ഇത് അശാന്തിയായി പുകഞ്ഞ് പൊട്ടിത്തെറിക്കുന്നതാണ് മറ്റുപല രാജ്യത്തും നാം കണ്ടിട്ടുള്ളത്. അതിനെതിരായ നയങ്ങൾക്കുവേണ്ടിയുള്ള ഒരോർമപ്പെടുത്തലാകട്ടെ ഈ മേയ്ദിനം.


മറ്റൊരു സാർവദേശീയ തൊഴിലാളിദിനംകൂടി കടന്നുപോകുമ്പോൾ അതിഭീകരമായ തൊഴിലില്ലായ്മാ പ്രതിസന്ധിയിലാണ് ഇന്ത്യ. ഒരുപക്ഷേ, 1990-കൾക്കുശേഷമുള്ള ഏറ്റവും മോശമായ അവസ്ഥ. ജോലിസാധ്യത വർധിപ്പിക്കാനുള്ള പലതരത്തിലുള്ള നയങ്ങളും സാമൂഹികസുരക്ഷാ പദ്ധതികളും നടപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെങ്കിലും തൊഴിൽരഹിതരുടെ എണ്ണത്തിലുണ്ടാവുന്ന വർധന നമ്മെ ഭയപ്പെടുത്തേണ്ടതാണ്