മാപ്പു മാപ്പെന്ന് പറയുവോരേ ,
ഞങ്ങടെ കഴുത്തിനു കുത്തിപ്പിടിച്ചവരേ ,
വേണ്ട, വേണ്ടെന്നു ചൊല്ലിയിട്ടും
വിഷപ്പാനപാത്രം നീട്ടി നിന്നവരേ .
സമ്പന്ന കർഷകരെന്നു
വിളിച്ചതില്ലേ ? ഞങ്ങളെ
പ്രക്ഷോഭ ജീവികളെന്നു
ചിരിച്ചതി ല്ലേ ?
മാവോയിസ്‌റ്റെന്നു
വിളിച്ചില്ലേ ,പിന്നെ
രാജ്യ ദ്രോഹികളെന്നു
പറഞ്ഞതല്ലേ ?
വിദേശ ചാരന്മാരെന്നു
വിളിച്ചതല്ലേ ?
ചന്ദ്രനിലേക്കയക്കാനോർത്തതല്ലേ
നിങ്ങളെങ്ങളെ -
ഖാലിസ്ഥാനികളെന്നും വിളിച്ചതല്ലേ -
യിപ്പോൾ കർഷകരെന്നു നിനച്ചതെന്തേ ?
കുത്തകക്കീശക്കു
കൂട്ടിക്കൊടുക്കുവാൻ
കൈകൂപ്പി നിൽക്കുന്ന
നേതാവിനിപ്പോളെങ്ങൾ
വീട്ടിലേക്കു മടങ്ങണം പോൽ !
ഞങ്ങൾക്കീ നാടാണുവീടെന്നു കണ്ടതല്ലേ ?
നാടിൻറെ നാനായിടങ്ങളിലും
നാലുമടങ്ങായി പടരുമെങ്ങൾ .
നമ്പുവാനാകില്ല , നിൻ നാടകവാക്കുകൾ ,
നന്മകൾ പൂക്കുമോ വിഷച്ചെടിയിൽ !
കൂപ്പുകൈ കാട്ടി പിന്നെകുനിഞ്ഞൊരു
തോക്കെടുത്തുന്നം പിടിച്ചോരല്ലേ ?
ഇല്ല ,മറക്കില്ല , നിങ്ങടെ ചെയ്തികൾ -
തെരുവുകളിലെങ്ങളെ പട്ടിണിക്കിട്ടതും
ജലപീരങ്കികൾ വർഷിച്ചതും
റോഡിലള്ളു നിരത്തിയതും
ഞങ്ങടെ നെഞ്ചത്തു -
ട്രാക്റ്ററുകളുരുട്ടിക്കളിച്ചതും ,
റോഡു കുഴിച്ചു കെണിവെച്ചടച്ചതും
ഞങ്ങടെ മക്കളെ
മന്ത്രിപുത്രൻ കൊന്നതും
കേസെടുക്കാഞ്ഞതും ,
എഴുനൂറ്റിയമ്പതു ജീവനെടുത്തതും ,
ഇല്ല ,മറക്കില്ല , നിങ്ങടെ ധാർഷ്ട്യങ്ങൾ .
ഇല്ല ,മറക്കില്ല , ധീരമീ യാത്രയിൽ
കരംബീർ സിംഗ് കുറിച്ചിട്ട വാക്കുകൾ
"ഇല്ല, പിന്മാറില്ല, നീതി നേടുംവരെ ".
വീട്ടിലേക്കല്ല മടങ്ങുന്നതു ,
ഞങ്ങളധികാരക്കോട്ടകൾ കീഴടക്കാൻ .
ഗാന്ധിയും നെഹ്രുവും
മാർക്സുമമ്പേദ്ക്കറും
മാർഗം തെളിച്ച വഴിയിലൂടെ
അന്നമുണ്ടാക്കുവോരും
തൊഴിലാളികളുമൊന്നിച്ചൊരു പട
മൗനംവെടിഞ്ഞൊന്നുതള്ളി വരും .
ഉപ്പുകുറുക്കിയവീര്യങ്ങളൊ-
ത്തൊരുമിച്ചു ഭയം വെടിഞ്ഞു -
ത്തരദക്ഷിണഭേദമില്ലാതുയിർക്കെ
സമത്വവും നേരും പുലരുന്ന നാൾവരും
ചൂഷണമില്ലാത്ത ഭരണകാലം .
മാപ്പു മാപ്പെന്ന് പറയുവോരെ ,
മാപ്പില്ല ,ചെയ്തതു പാതകങ്ങൾ .
നോട്ടു നിരോധനമാകട്ടെ .
ഗുജറാത്ത് കൂട്ടക്കൊലകളാട്ടെ ,
മാപ്പില്ല ,ചെയ്തതു പാതകങ്ങൾ .
നഷ്ട പരിഹാരം തന്നിട്ടൊഴിഞ്ഞീടുക ,
ശിക്ഷാ വിധികളുമേറ്റു വാങ്ങൂ ,
വീട്ടിലേക്കല്ല മടങ്ങുന്നതുഞങ്ങൾ
പോരുന്നധികാരമാർജ്ജിക്കുവാൻ .-CKR 21 11 2021
************