മലാല ടാകീസ് - ഒരു പഠനം by സീക്കേയാർ ( രാധാകൃഷ്ണൻ സി കെ 9447739033 ) A STUDY ON THE STORY "MALALA TALKIES " BY V H NOUSHAD
കഥ ഒരു പുതി യ ഊർജസ്രോതസ്സാകുന്നു
മലാല ടാകീസ് വി എച് നൗഷാദ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പ് ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഒരു കഥയാണ് .മാതൃഭൂമിയുടെ തുടർ ലക്കങ്ങൾ വായിക്കാൻ ലഭിക്കാഞ്ഞതിനാൽ അതേക്കുറിച്ചുള്ള അവലോകനങ്ങൾ വായിക്കാൻ കഴിഞ്ഞിട്ടില്ല .എന്നാൽ ആ കഥ മനസ്സിൽ ഒരു പുതി യ ഊർജസ്രോതസ്സായി നിറയുന്നു .റിട്ടയർമെന്റ് ദിനത്തിൽ സന്ധ്യക്ക് അയൽക്കാരുടേ യും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിൽ എൻ്റെ വീട്ടുമുറ്റത്തു പള്ളം എന്ന ഡോകുമെന്ററി കാണിച്ചപ്പോൾ അത് ഹസ്നെളേ പ്പക്കു ഞാൻ നൽകിയ ഒരു അഭിവാദനം ആയിരുന്നു .എൻ്റെ വീട്ടിൽ എത്തിയ കൊച്ചു കൂട്ടുകാരോട് ഞാൻ പറഞ്ഞത് നമ്മൾ ഒരു മലാല ടാകീസ് തുടങ്ങുന്നു എന്നാണ് .
ഹാസ്യത്തിന് കൊടുത്തിരിക്കുന്ന ഊന്നൽ
ഈ കഥ ക്കു മുമ്പും കഥക്കു ശേഷവും എന്ന രീതിയിൽ ആസ്വാദനത്തിൽ ഒരു അടയാള സ്ഥാനമാകാ ൻ ഈ കഥക്ക് കഴിയും .സാധാരണക്കാരനായ വായനക്കാരനുമായി എളുപ്പം സംവേദിക്കാനുള്ള ശേഷിയുള്ള ഒരു ശൈലിയാണ് ഈ കഥയിലുള്ളത്,നൗഷാദിൻറെ എഴുത്തു നർമത്തിൽ പൊതിഞ്ഞ ബഷീറിയൻ കഥകളെ ഓർമിപ്പിക്കുന്നു .ഏതു ബഷീർ എന്ന ചോദ്യത്തിന് മറുപടിയായുള്ള നമ്മുടെ ഒസ്സാൻ ബഷീറോ എന്ന മറു ചോദ്യവും തട്ടിൻ പുറത്തു സിനിമയും താഴെ മയ്യത്തു നമസ്കാരവും എന്ന സവിശേഷ സന്ദർഭവും കുഴപ്പങ്ങൾ ഓട്ടോർഷേം പിടിച്ചു വരാനിരിക്കുന്നതേയുള്ളു എന്ന ആനുകാലിക പ്രയോഗവും ഹാസ്യത്തിന് കൊടുത്തിരിക്കുന്ന ഊന്നൽ വ്യക്തമാക്കുന്നു .
വായിക്കുന്നവരും വായിക്കാത്തവരും തമ്മിലുള്ള സംഘർഷം
സ്ത്രീ ശാക്തീകരണത്തിന്റെയും വായനയുടെ വീണ്ടെടുപ്പിന്റെയും സമകാലിക സാധ്യതകളിലേക്കു കഥ നമ്മെ കൊണ്ട് പോകുന്നു .തട്ടിൻപുറത്തു ആദ്യം ഒരു ഇംഗ്ലീഷ് പഠന കേന്ദ്രവും പിന്നെ ഒരു കമലാസുരയ്യാ ഗ്രന്ഥാലയവും അടുത്ത പടി മലാല ടാക്കീസും തുടങ്ങുന്ന ഹസ നെ ളെ പ്പ പ്രതീകാല്മക വായനക്കും സാധ്യതയുള്ള കഥാപാത്രമാണ് .നവോത്ഥാന കേരളത്തിൽ ജീവിച്ച,ജീവിക്കുന്ന നിരവധി വ്യക്തി കളും പ്രസ്ഥാനങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് നൊസ്സനെന്നു മുദ്രകുത്തി പലതവണ ചികിൽസിക്കപെടുന്ന ഈ മനുഷ്യന്റെ ജീവിതം എന്നെ ഓർമിപ്പിക്കുന്നത് .പരമ്പരാഗത മാർഗ്ഗങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവരെ യെല്ലാം യഥാസ്ഥിതിക മനസ്സ് നിശ്ശബ്ദമാക്കുവാൻ ശ്രമിയ്ക്കുന്നത് ശബരിമല യിലെ സ്ത്രീ സമത്വത്തിനായുള്ള പോരാട്ടത്തിനിടയിലും നമ്മൾ അനുഭവിച്ചറിഞ്ഞതാണ് . ഈ കഥയിലെ ദ്വന്ദബലങ്ങൾ നിരീക്ഷിക്കുമ്പോഴും ഇത്തരമൊരു താരതമ്യത്തിനു സാദ്ധ്യത കണ്ടെത്താൻ കഴിയും . വായിക്കുന്നവരും വായിക്കാത്തവരും തമ്മിലുള്ള ഒരു സംഘർഷം ഈ കഥയിലുണ്ട് .
ഫാസിസത്തിന്റെ ചർച്ച
കഥയിലെ ആൺ ജീവിതം നോക്കുക .അധികാര ശക്തികളാണ് ആണു ങ്ങളെല്ലാം .അനുസരണയും നിശ്ശബ്ദ സാന്നിദ്ധ്യവുമാ ണ് പെൺ ജീവിതത്തിനു അവർ നിശ്‌ചയിച്ചിരിക്കുന്ന ഗുണം . കഥയിലെ മൂന്നു സംഘർഷ രംഗങ്ങളിലും പെൺജീവിതത്തിനു മേൽപ്പറഞ്ഞ ഗുണം കെട്ടു പോവുന്നതായി ആൺ കഥാപാത്രങ്ങൾ അറിയുകയും ഹസ നെ ളെ പ്പ യുടെ പ്രവർത്തനനങ്ങളാണ് പെണ്ണുങ്ങളെ വെടക്കാക്കു ന്നത് എന്നു അറിഞ്ഞു അയാളെ വീട്ടിൽ നിന്നും ഒഴിവാക്കുകയുമാണ് നടക്കുന്നത് .എന്താണ് നടന്നതെന്ന് ഒരിടത്തു പോലും ഹസ്നെളെപ്പയോട് ആരും ചോദിക്കുന്നില്ല .വിചാരണയില്ലാതെ വിധിക്കുകയും ഭ്രാന്തനെന്നു മുദ്ര കുത്തി ഒഴിവാക്കുകയും ചെയ്യുക എന്നത് ഫാസിസത്തിന്റെ രീതിയാണ് .ആ അർത്ഥത്തിൽ ഈ കഥ ഫാസിസത്തിന്റെ ചർച്ചയാണ്
വിദ്യാർത്ഥികൾക്ക് ഒരു പാഠഭാഗമായി പരിഗണിക്കാം
ഒട്ടേറെ പ്രമുഖ കഥകളും കഥാകൃത്തുകളും സിനിമകളും പ്രക്രിയകളും പ്രസ്ഥാനങ്ങളും ഒരു കാലിഡോസ്കോപ്പിലെന്ന പോലെ കടന്നു വരുന്ന ഈ കഥ അതു കൊണ്ടു തന്നെ ആഴത്തിലുള്ള പഠനം അർഹിക്കുന്നു. ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കും ഉറൂബിന്റെ ഉമ്മാച്ചുവും മാധവിക്കുട്ടിയുടെ എന്റെ കഥയും എംടിയുടെ മഞ്ഞും കാക്കനാടനും എം മുകുന്ദനും സാറാ ജോസഫും ഓർഹൻ പാമുക്കും ദാരിയോ ഫോയും മാർകേസും വെർജിനീയവുൾഫും സൽമാൻ റുഷ്ദിയും അമിതാവ് ഘോഷും അരുന്ധതി റോയിയും നിർബന്ധമായും വായിക്കപ്പെടേണ്ടവരാണെന്ന് വി എച്ച് നൗഷാദ് പറഞ്ഞു വെക്കുകയാണ്.ഇവരിൽ ചിലരെങ്കിലും എന്റെ വായനാ മണ്ഡലത്തിലില്ലാ എന്ന് ഞാനും വ്യാകുലപ്പെട്ടു പോയി.മലാലാ ടാക്കീസ് എലിപ്പത്തായത്തിന്റെ പ്രദർശനത്തോടെഅടൂർ ഗോപാലകൃഷ്ണനുള്ള വാഴ്ത്തുപാട്ടായി മാറുന്നുമുണ്ട്. മറ്റൊരാളും അഗ്നിസാക്ഷിയും മതിലുകളും ഒസാമയും ബ്ലാക്ക് ബേഡും ബൈസിക്കിൾ തീവ്സും ലൈഫ് ഇസ് ബ്യൂട്ടിഫുളും ലെസ് ട്രാ ഡായും ബാൻ ഡിറ്റ് ക്വീൻ മൊക്കെ ഒരു യാഥാസ്ഥിതിക ഇസ്ലാം ഭവനത്തിലെ തട്ടിൻപുറത്ത് ദൃശ്യോൽസവങ്ങളായി മാറുന്നത് ഫാന്റസി യായി തന്നെ കാണുന്നു. എങ്കിലും ഇത്തരം സൂചനകളിലൂടെ കഥാപാത്രങ്ങളുടെ വിങ്ങലുകളും കിനാപ്പൂക്കളും സ്ത്രീ ശാക്തീകരണത്തിന്റെ സാധ്യതകളും വെല്ലുവിളികളും ഫിലിം ഫെസ്റ്റിവലുകളുടെ ദൃശ്യസംസ്കാരം ആർജിച്ച ഒരു വായനക്കാരന്റെ മനസിലേക്കു പകരാൻ കഥക്കു കഴിയുന്നു. ഈ സാധ്യതകൾ മുൻനിർത്തി മലാലാ ടാക്കീസ് എന്ന ഈ കഥ കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് ഒരു പാഠഭാഗമായി പരിഗണിക്കാവുന്നതുമാണ്.സമീറ മക്മൽബഫും കിം കിം ഡുക്കും ഫെമിനിസവും ഖിലാഫത്തും ഇബിലീ സു കൂടലും ജിന്നു ഗർഭവും അനുസരണ പ്പി ഞ്ഞാണവുമൊക്കെ വിമർശനാത്മക ചർച്ചകളിൽ നിറയുമെന്നുറപ്പ്.തീറ്റ, പറമ്പ്, കൃഷി, ഉറക്കം എന്നീ നാലു കാര്യങ്ങൾ മാത്രം ചേർന്നാൽ ജീവിതമായി എന്നു ഇപ്പോഴും കരുതുന്ന എത്രയോ അകത്തളങ്ങളുണ്ട്.അടുക്കള അഭയമായിക്കാണുന്ന വിഷാദ ജീവികളായ പെണ്ണുങ്ങൾ എലിപ്പത്തായം എന്ന സിനിമ സാകൂതം ഉൾക്കൊള്ളുകയാണ്. അത്ര പരിചിതമായിരുന്നു അവർക്ക് ആ എലിപ്പെട്ടിയും അതിനുള്ളിൽ പെട്ട എലികളും അവയുടെ നിസ്സഹായത്തിളക്കമുള്ള കണ്ണുകളും.കഥയും സിനിമയും അനുവാചക ഹൃദയത്തിൽ മിഴിവുള്ള ദൃശ്യ ബിംബങ്ങൾ പതിപ്പിക്കുകയാണ്. തുറിച്ച കണ്ണുകളുള്ള നടനെത്തന്നെ ( കരമന ജനാർദ്ദനൻ നായർ ) എലിപ്പത്തായത്തിലേക്കു വേണമെന്ന അടൂരിന്റെ വാശി പാഴായിട്ടില്ല.
അടിച്ചമർത്തപ്പെട്ട ജീവിതങ്ങൾ
മലാല ടാക്കീസിലെ ആൺജീവിതം മേൽക്കോയ്യയുടെ പ്രതീകമാണ്. ദൂരെ ചെന്നൈയിൽ ബിസിനസ് നടത്തുന്ന ഉപ്പയും പൂച്ചകളെ പോലെ നാടുകടത്തപ്പെട്ട മറ്റു പുരുഷ ബന്ധുക്കളും ഓർക്കാപ്പുറത്ത് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഹ സനെ ളേപ്പയുടെ ചെയ്തികളുടെ ഫലമായി പെൺ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കാണുകയും അതിനു കാരണക്കാരനായ നൊസ്സനെ ശിക്ഷിക്കുന്നതുമാണ് പ്രമേയം. പത്തല ടി യും തേനീച്ച ചീത്തയും ഇരുമ്പു തുടലും മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലേക്കു നാടുകടത്തലുമൊക്കെയാണ് ശിക്ഷാവിധികൾ. ആണുങ്ങളെല്ലാം തന്നെ മത ഭക്തി വിടാത്തവരും രാവേറെ ച്ചെല്ലും വരെ പ്രാർത്ഥനാ സ്വലാത്തിൽ മുഴുകുന്നവരും അതേ സമയം പെണ്ണുങ്ങൾ അടുക്കളയിൽ ഇല്ലെങ്കിൽ അവർ കേടായി എന്നു കരുതുന്നവരുമാണ്. പെൺജീവിതമാകട്ടെ ബിരിയാണി കല്ലുമ്മക്കാ സുലൈമാനി വിഭവങ്ങൾ തയ്യാറാക്കി വിളമ്പി മടുത്തവരും കോളാമ്പിത്താത്തയുടെ വായിൽ നിന്നു മാത്രം പുറം ലോകത്തെ കുറിച്ച് മനസിലാക്കിയവരുമാണ്. അടുക്കള അഭയമാക്കിയ ഈ വിഷാദവതികൾക്ക് പാചകം ,അലക്ക് , പാത്രം കഴുകൽ ,വീടും പരിസരവും അടിച്ചുവാരൽ എന്നിവയാണ് അംഗീകരിക്കപ്പെട്ട ജീവിത ക്രമം. അവരുടെ ജീവിതത്തിന് പുതിയൊരു തുറസ്സായി ഇംഗ്ലിഷ് പഠനവും കമല സുരയ്യ ഗ്രന്ഥാലയവും മലാല ടാക്കീസും തട്ടിൻപുറത്ത് ക്രമീകരിക്കുന്ന ഹസ്സനെ ളേപ്പ യുടെ മെലിഞ്ഞ ദേഹത്ത് പത്തല ടി ബോംബുപോലെ പതിക്കുമ്പോഴും അവർ അകത്തിരുന്ന് വിയർത്ത് പാതി ജീവനുള്ള മയ്യത്തുകളാവുകയാണ്. പുരുഷ ജഗളകൾക്ക് നിശ്ശബ്ദം വഴങ്ങുന്ന നിസ്സഹായതയാണ് ഈ യാഥാസ്ഥിതിക കുടുംബത്തിലെ സ്ത്രീ എന്നും ഈ മരവിപ്പിൽ നിന്നും പതുക്കെയാണെങ്കിലും പെൺജീവിതം കൂ ട്ടായ്മയുടെ ബലത്തിൽ ഉറക്കെ ക്കരഞ്ഞ് പ്രതിഷേധിക്കാൻ തുടങ്ങുന്നിടത്താണ് നൗഷാദ് കഥ പറഞ്ഞു നിർത്തുന്നത് . പുസ്തകങ്ങളുടെയൂം സിനിമയുടെയും ലോകത്താണ് ഈ അടിച്ചമർത്തപ്പെട്ട ജീവിതങ്ങൾ അർമാദിക്കുന്നും പുഞ്ചിരിക്കുന്നതും ഉളളിൽ പുതിയൊരു പുൽമേടും പുന്തോട്ടവും രൂപപ്പെടുന്നതും.ഹസ്സനെ ളേപ്പയുടെ അവസാന യാത്രയിൽ മറയു ന്നത് ജീവിതത്തിൻെറ വെളിച്ചമാണെന്ന് തിരിച്ചറിയാനും അവർക്ക് കഴിയുന്നു.
കഥയുടെ ശക്തിയും ദൗർബല്യവും
സിനിമയുടെ ലഹരിയിൽ വീട്ടിൽ മയ്യത്തു വന്നതും ചടങ്ങുകൾ നടന്നതും സ്ത്രീകൾ അറിയാതെ പോയ സംഭവമാണ് കഥയുടെ വഴിത്തിരിവ്.ഇത് ഒരേ സമയം ഹാസ്യ ദ്യോതകവും അതിശയോക്തിപരവുമാണ്. കഥയുടെ ശക്തിയും ദൗർബല്യവും വെളിവാക്കുന്ന ഈ രംഗം പ്രതീകാത്മകത നിറഞ്ഞതുമാണ്. ഇംഗ്ലിഷ്പ o ന വും ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും ഫിലിം സൊസൈറ്റികളുമൊക്കെയായി കാലാകാലം നവോത്ഥാനം തേടുന്ന കേരള സമൂഹം ഇപ്പോഴെന്ന പോലെ പലപ്പോഴും യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളിലേക്ക് തിരിച്ചു പോകേണ്ടി വരുന്നു. അസമത്വത്തിനെതിരെയുള്ള പാശ്വവൽകൃത ജനതയുടെ പ്രതിഷേധങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റുകൾ മാത്രമായി കെട്ടടങ്ങാനും മതി. വായനയും സിനിമാസ്വാദനവുമൊക്കെ ഭ്രാന്തും ലഹരിയുമാക്കുന്നതിനപ്പുറം സമയാസമയ വിവേചനത്തോടെ ഔചിത്യപൂർവം കൈകാര്യം ചെയ്യപ്പെടേണ്ടതുമുണ്ട്. ഫെമിനിസ്റ്റ് ജമാഅത്തുകൾ ശക്തിപ്പെടാൻ മാലാലാ ടാക്കീസ് എന്ന കഥ കാരണമാകുമെന്ന് നിസ്സംശയം പറയാം.കഥ തീരുന്നിടത്ത് പ്രാർത്ഥന പോലെയുള്ള കൂ ട്ടായുള്ള ആ ഉറഞ്ഞാട്ടം മറ്റൊരു എടങ്ങേറിന്റെ സൂചനയായി പ്രതീക്ഷക്കു വക തരുന്നുമുണ്ട്.
കഥക്ക് ഒരു മൾട്ടികളർ സിനിമയുടെ ഉൾക്കരുത്ത് .
അതിശക്തമായ ദൃശ്യ ബിംബങ്ങളാൽ സമ്പന്നമാണ് മലാല ടാക്കീസ്. കൂറ്റൻ ബോട്ടിന്റെ കൗപീന പ്പതാക പോലെ വെകിടൻ കാറ്റിലാടിക്കളിക്കുന്ന തട്ടിൻപുറത്തെ കമലാ സുരയ്യ ഗ്രന്ഥാലയം കഥാഗതിയിൽ നിറയുന്ന അനിശ്ചിതത്വവും ആശങ്കകളും പ്രതിഫലിപ്പിക്കുന്നു. കഥയിലെ പെൺകിടാവിന്റെ സ്വപ്നങ്ങളുടെ നെല്ലിക്കാശിഖരങ്ങളെ ഹസ്സനെ ളേപ്പ വാക്കുകളുടെ തോട്ടി കൊണ്ടു കുലുക്കുന്നതും ഭാരമേൽക്കൂരക്ക് കീഴിൽ സങ്കട ഹൃദയക്കാരുടെ ജീവിതം എളേപ്പയുടെ അസാധാരണ നീക്കങ്ങൾ കൊണ്ട് ജാജ്വലമാക്കുന്നതും നേരിലെന്ന പോലെ കാണാം. ഭ്രാന്തു വരുമ്പോൾ മുന്തിരിപ്പഴത്തിന്റെ തിളക്കമുള്ള കണ്ണുകളാണ് എളേപ്പക്ക്.അങ്ങേർക്ക് ഇനിയും ഭ്രാന്തു പിടിക്കണേ എന്നു ആരും വിചാരിച്ചു പോകും. വായനയേയും നല്ല സിനിമ കാണലിനേയും കുറിച്ച് എഴുതുമ്പോൾ നിറങ്ങളുടെ ഒരു കുടമാറ്റമാണ്. അപ്പോൾ കഥ ക്ക് ഒരു മൾട്ടികളർ സിനിമയുടെ അരങ്ങാണ്. ഏങ്ങലുകളുടെയും കരച്ചിലിന്റെയും അമറലുകളുടെയും മുഖത്തു പൊട്ടിക്കലിന്റെയും പത്തല ടി യു ടെ യും ശബ്ദവിന്യാസമാകട്ടെ ബ്ലാക്ക് ആന്റ് വൈറ്റ് ദൃശ്യങ്ങളായും ഇഴചേരുന്നു.
..........തുടരും (ഇത് ഞാൻ സ്വന്തമായി എഴുതിയതാണ് .ദയവു ചെയ്തു ഫോർവേഡ് ചെയ്യരുത് .വിമർശിക്കാം -CKR )